വത്തിക്കാന്‍ സിറ്റി: അനുദിന ജീവിതത്തില്‍ കര്‍ത്താവ് നമ്മെ അനുഗ്രഹിക്കുന്ന എല്ലാ വഴികളും തിരിച്ചറിയണമെന്നും അവയെപ്രതി അവിടുത്തോട് നന്ദിയുള്ളവരായിരിക്കണമെന്നും വിശ്വാസികളെ ഉദ്‌ബോധിപ്പിച്ച് ഫ്രാന്‍സിസ് പാപ്പാ.
വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ ഞായറാഴ്ചത്തെ ത്രികാലജപ പ്രാര്‍ത്ഥനാ വേളയില്‍ വചന സന്ദേശം നല്‍കുകയായിരുന്നു പാപ്പാ. യോഹന്നാന്റെ സുവിശേഷത്തില്‍, യേശു അപ്പം വര്‍ധിപ്പിച്ചു നല്‍കിയ അത്ഭുതമാണ് (യോഹന്നാന്‍ 6: 1-15) ഈയാഴ്ച പാപ്പാ വിചിന്തനത്തിന് വിഷയമാക്കിയത്.
'ദൈവകൃപയുടെ അത്ഭുതങ്ങള്‍ എല്ലാ ദിവസവും ആസ്വദിക്കൂ...' - സന്ദേശം ആരംഭിച്ച് പാപ്പാ പറഞ്ഞു. അന്ത്യ അത്താഴ വേളയില്‍ യേശു ആവര്‍ത്തിക്കാനിരുന്ന മൂന്നു പ്രവൃത്തികള്‍, അപ്പം വര്‍ധിപ്പിച്ച അത്ഭുതത്തിന്റെ വേളയില്‍ അവിടുന്ന് പ്രതീകാത്മകമായി ചെയ്തതായി പരിശുദ്ധ പിതാവ് ചൂണ്ടിക്കാട്ടി. അര്‍പ്പണം, നന്ദി പ്രകാശനം, പങ്കുവയ്ക്കല്‍ എന്നിവയാണ് അവ. വിശുദ്ധ കുര്‍ബാനയുടെ ആഘോഷവേളയില്‍ ഈ മൂന്ന് കാര്യങ്ങള്‍ നാമും ചെയ്യുന്നു - മാര്‍പാപ്പ പറഞ്ഞു.
അര്‍പ്പണം
'നല്‍കാനായി നല്ലത് എന്തെങ്കിലും നമുക്കുണ്ട്' - ഇതാണ് അര്‍പ്പണമെന്ന ഘടകം സൂചിപ്പിക്കുന്നത്. നാം അര്‍പ്പിക്കുന്നത് അല്‍പം മാത്രമാണെങ്കില്‍ പോലും ദൈവത്തോടുള്ള 'അതെ' എന്ന നമ്മുടെ പ്രതികരണമാണ് അത് കാണിക്കുന്നത്. വിശുദ്ധ കുര്‍ബാനയുടെ അവസരത്തില്‍ വൈദികന്‍ അപ്പവും വീഞ്ഞും സമര്‍പ്പിക്കുമ്പോള്‍ അവയോടൊപ്പം നാം ഓരോരുത്തരും നമ്മെത്തന്നെയും നമ്മുടെ ജീവിതങ്ങളെയുമാണ് സമര്‍പ്പിക്കുന്നത്.
ആയിരക്കണക്കിന് ആളുകള്‍ക്ക് അഞ്ചപ്പവും രണ്ടു മീനും എന്നതുപോലെ, മനുഷ്യരാശിയുടെ വലിയ ആവശ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ നാം അര്‍പ്പിക്കുന്നത് വളരെ ചെറുതാണെന്ന് തോന്നിയേക്കാം. എന്നാല്‍, ദൈവം ആ വസ്തുക്കളെ ഏറ്റവും മഹത്തരമാക്കി മാറ്റുകയും അങ്ങനെ അവിടെ വലിയ ഒരു അത്ഭുതം സംഭവിക്കുകയും ചെയ്യുന്നു. അവയിലൂടെ ലോകരക്ഷയ്ക്കായി കര്‍ത്താവ് തന്നെത്തന്നെ നമ്മുടെ ഇടയില്‍ സന്നിഹിതനാക്കുന്നു.
കൃതജ്ഞതയും പങ്കുവയ്ക്കലും
ദൈവം നമുക്കു നല്‍കിയ സമൃദ്ധമായ അനുഗ്രഹങ്ങളെ പ്രതിയുള്ള നമ്മുടെ സന്തോഷമാണ് നന്ദി പ്രകാശനം എന്ന ഘടകം സൂചിപ്പിക്കുന്നത്. അതായത്, ദൈവത്തിന് തിരികെ നല്‍കാന്‍ അവിടുന്ന് ദാനമായി തന്നതു മാത്രമേ നമുക്കുള്ളൂ എന്ന് താഴ്മയോടും സന്തോഷത്തോടും കൂടെ അംഗീകരിക്കുന്നതാണ് കൃതജ്ഞതാ പ്രകാശനം. ദൈവം നമുക്ക് നല്‍കിയവയും നമ്മുടെ 'ദുര്‍ബലമായ' സ്‌നേഹവും അവിടുത്തെ പുത്രനായ യേശുവിനോടൊപ്പം ചേര്‍ത്തുവച്ച്, നാം കൃതജ്ഞത അര്‍പ്പിക്കുന്നു.
അവിടുത്തെ അനന്തമായ നന്മയെ പ്രതിയും അനുഗ്രഹങ്ങളെപ്രതിയും ദൈവത്തിന് നാം സ്തുതിയും കൃതജ്ഞതയും അര്‍പ്പിക്കുന്ന നിമിഷങ്ങളില്‍ 'രണ്ടു ചെമ്പുതുട്ടുകള്‍' പോലെ അവിടുന്ന് അത് സ്വീകരിക്കുകയും ആശീര്‍വദിക്കുകയും പവിത്രീകരിക്കുകയും വര്‍ധിപ്പിക്കുകയും ചെയ്യും - പാപ്പ പറഞ്ഞു.
അവസാനമായി, മൂന്നാമത്തെ ഘടകമായ പങ്കുവയ്ക്കലിനെ കുറിച്ച് പരിശുദ്ധ പിതാവ് വിശദീകരിച്ചു. വിശുദ്ധ കുര്‍ബാനയുടെ അവസരത്തില്‍ ക്രിസ്തുവിന്റെ ശരീരവും രക്തവും സ്വീകരിക്കാനായി നാം ഒരുമിച്ച് അള്‍ത്താരയെ സമീപിക്കുമ്പോള്‍ നാം ഓരോരുത്തരും അര്‍പ്പിച്ച കാഴ്ചകളെ എല്ലാവര്‍ക്കുമായുള്ള അപ്പമായി അവിടുന്ന് രൂപാന്തരപ്പെടുത്തുന്നു. സഹോദരീസഹോദരന്മാരെപ്പോലെ സ്‌നേഹത്താല്‍ പരസ്പരം ബന്ധിതരായി വളരാനും നാം പങ്കുവയ്ക്കുന്ന സ്‌നേഹം ദൈവകൃപയുടെ അടയാളമായി സ്വീകരിക്കാനുമാണ് ഇത് നമ്മെ പഠിപ്പിക്കുന്നത്.
വിചിന്തനത്തിനായി ഏതാനും ചോദ്യങ്ങള്‍
ഇക്കാര്യങ്ങളെല്ലാം മനസ്സില്‍ സൂക്ഷിച്ചുകൊണ്ട് ഏതാനും ചില ചോദ്യങ്ങള്‍ സ്വയം ചോദിക്കണമെന്ന് മാര്‍പാപ്പ വിശ്വാസികളോട് അഭ്യര്‍ത്ഥിച്ചു.
ദൈവകൃപയാല്‍, എന്റെ സഹോദരര്‍ക്ക് നല്‍കാന്‍ എനിക്ക് പ്രത്യേകമായി എന്തെങ്കിലും ഉണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നുണ്ടോ?
കര്‍ത്താവ് തന്റെ സ്‌നേഹം വെളിപ്പെടുത്താന്‍ വേണ്ടി നിരന്തരം ചൊരിഞ്ഞു കൊണ്ടിരിക്കുന്ന ദാനങ്ങളെയോര്‍ത്ത് എനിക്ക് അവിടുത്തോട് നന്ദിയുണ്ടോ?
മറ്റുള്ളവരുമായി പങ്കുവച്ചും പരസ്പരം ശക്തിപ്പെടുത്തിയുമാണോ ഞാന്‍ ജീവിക്കുന്നത്?
വിശുദ്ധ കുര്‍ബാനയുടെ ഓരോ ആഘോഷവും വിശ്വാസത്തോടെ ജീവിച്ച്, ഓരോ ദിവസവും നടക്കുന്ന അത്ഭുതങ്ങള്‍ അംഗീകരിക്കാനും ആസ്വദിക്കാനുമുള്ള ദൈവകൃപ ലഭിക്കുന്നതിനുവേണ്ടി പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം യാചിച്ചുകൊണ്ട് പാപ്പാ തന്റെ സന്ദേശം ഉപസംഹരിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.