കാന്‍ബറ: ഉത്തരകൊറിയയും റഷ്യയും തമ്മിലുള്ള സമീപകാല പ്രതിരോധ കരാര്‍ ലോകത്തിന് ആശങ്കയേറ്റുന്നതാണെന്ന് ഓസ്ട്രേലിയന്‍ വിദേശ കാര്യമന്ത്രി പെന്നി വോങ്. കരാര്‍ ലോകത്തെ അസ്ഥിരപ്പെടുത്തുന്നതാണെന്നും സമാധാനത്തിന് യോജിച്ചതല്ലാത്ത രീതിയിലാണ് റഷ്യ പെരുമാറുന്നതെന്നും പെന്നി വോങ് പറഞ്ഞു. കൊറിയന്‍ അതിര്‍ത്തി ഗ്രാമമായ പാന്‍മുന്‍ജോമില്‍ സന്ദര്‍ശനം നടത്തവേയാണ് ഓസ്ട്രേലിയന്‍ വിദേശകാര്യ മന്ത്രി മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചത്.
ജൂണിലാണ് ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്നും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും ചേര്‍ന്ന് സുരക്ഷാ പ്രശ്നങ്ങളുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പങ്കാളിത്ത കരാര്‍ ഒപ്പിട്ടത്. ഒരു രാജ്യം ആക്രമിക്കപ്പെട്ടാല്‍ പരസ്പര സൈനിക സഹായം വ്യവസ്ഥ ചെയ്യുന്ന കരാറാണിത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക സഹകരണവും പാശ്ചാത്യ രാജ്യങ്ങളുടെ ആശങ്ക വര്‍ദ്ധിപ്പിക്കുന്നുണ്ട്.
പ്രാദേശിക സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണങ്ങളെ വാങ് അപലപിച്ചു. മിസൈല്‍ പരീക്ഷണം ഉള്‍പ്പെടെ നോര്‍ത്ത് കൊറിയയുടെ സൈനിക നീക്കങ്ങള്‍ ലോകത്തിന് സമ്മര്‍ദം നല്‍കുന്നതാണെന്ന് അവര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം പെന്നി വോങ് ദക്ഷിണ കൊറിയന്‍ വിദേശകാര്യ മന്ത്രിയുമായി തലസ്ഥാനമായ സോളില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. റഷ്യ-ഉത്തരകൊറിയ സൈനിക പങ്കാളിത്തത്തെ നേരിടാന്‍ അന്താരാഷ്ട്ര സമൂഹവുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ഇരു രാജ്യങ്ങളും തീരുമാനിച്ചതായി ദക്ഷിണ കൊറിയയുടെ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സാമ്പത്തിക-പ്രതിരോധ മേഖലയില്‍ ആശയവിനിമയവും സഹകരണവും വര്‍ധിപ്പിക്കാനും തീരുമാനിച്ചു.
അടുത്തിടെ, ഉത്തരകൊറിയയും ദക്ഷിണ കൊറിയയും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതല്‍ വഷളായിരുന്നു. മനുഷ്യ വിസര്‍ജ്യം ഉള്‍പ്പെടെയുള്ള മാലിന്യം നിറച്ച 2,000ത്തിലേറെ ബലൂണുകളാണ് ഉത്തര കൊറിയ ദക്ഷിണ കൊറിയയിലേക്കു പറത്തിവിട്ടത്. ദക്ഷിണ കൊറിയയുടെ തലസ്ഥാന നഗരമായ സിയോളിലെ പ്രസിഡന്‍ഷ്യല്‍ കോമ്പൗണ്ടില്‍ വരെ ബലൂണുകള്‍ പതിച്ചു. അതേ സമയം, ഉത്തര കൊറിയയ്ക്കുള്ള മറുപടിയായി ദക്ഷിണ കൊറിയ അതിര്‍ത്തിയില്‍ ഉച്ചഭാഷിണികളിലൂടെ ആശയ പ്രചാരണം നടത്തുന്നുണ്ട്. ഉത്തര കൊറിയന്‍ ഭരണകൂടത്തിന്റെ സ്വേച്ഛാധിപത്യ നടപടികള്‍ക്കെതിരെയുള്ള സന്ദേശങ്ങളും കെ - പോപ്പ് ഗാനങ്ങളുമാണ് ഉച്ചഭാഷിണികള്‍ വഴി സംപ്രേക്ഷണം ചെയ്യുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.