ചരിത്രം പഠിക്കാത്തവരുടെ വിരട്ടൽ ക്രൈസ്തവരോട് വേണ്ട: ഷെവലിയർ വി.സി. സെബാസ്റ്റ്യൻ

ചരിത്രം പഠിക്കാത്തവരുടെ വിരട്ടൽ ക്രൈസ്തവരോട് വേണ്ട: ഷെവലിയർ വി.സി. സെബാസ്റ്റ്യൻ

കോട്ടയം: ഈ നാടിന്‍റെ ചരിത്രം പഠിക്കാത്തവരുടെയും സംസ്കാരം ഉൾക്കൊള്ളാത്തവരുടെയും വിരട്ടൽ ക്രൈസ്തവരോടു വേണ്ടെന്നും ആർക്കും കേറി കൊട്ടാവുന്ന ചെണ്ടയല്ല ക്രൈസ്തവരെന്നും സിബിസിഐ ലെയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവലിയർ അഡ്വ. വി.സി. സെബാസ്റ്റ്യൻ.

ചില രാഷ്ട്രീയ നേതൃത്വങ്ങളുടെ അപക്വമായ സമീപനങ്ങളും പ്രതികരണങ്ങളും നികത്താനാവാത്ത പ്രത്യാഘാതങ്ങൾ സമൂഹത്തിൽ സൃഷ്ടിക്കും. പറയുന്ന വാക്കുകൾ തിരിച്ചെടുക്കാനാവാത്ത സാമൂഹ്യ മാധ്യമ ലോകത്താണ് നാമിന്ന് ജീവിക്കുന്നതെന്നുള്ളത് ഇക്കൂട്ടർ മറക്കരുത്. പലപ്പോഴും ക്രൈസ്തവ സമൂഹം നിശബ്ദരാകുന്നത് നിഷ്ക്രിയത്വമായി ആരും കാണേണ്ട. രാഷ്ട്രീയ നേട്ടത്തിനായി സമൂഹത്തിൽ വർഗീയ വിദ്വേഷം വിതയ്ക്കുന്നവർ ഈ നാടിന്‍റെ സ്നേഹ സംസ്കാരത്തിന്‍റെ കടയ്ക്കലാണ് കത്തിവെക്കുന്നത്. വർഗീയ വിഷം ചീറ്റി, ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച്, പ്രീണന രാഷ്ട്രീയത്തിന്‍റെ അവതാരങ്ങളായി രാഷ്ട്രീയ ഭരണനേതൃത്വങ്ങൾ അധഃപതിച്ചിരിക്കുന്ന അപചയം സാക്ഷര സമൂഹത്തിന് അപമാനമാണ്.

സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പിന്‍റെ നീതിനിഷേധങ്ങൾക്കെതിരേ ക്രൈസ്തവർ പ്രതികരിക്കുന്നത് വർഗീയവാദമെന്ന് മുദ്രകുത്തുന്നത് അസംബന്ധമാണ്. ന്യൂനപക്ഷാവകാശങ്ങൾ ഭരണഘടനാപരവും ക്ഷേമപപദ്ധതികൾ നിയമങ്ങളിലൂടെയുള്ള അവകാശവുമാണ്. ആരുടെയും ഔദാര്യമല്ല. ഈ അവകാശങ്ങൾ അട്ടിമറിച്ച് അടിമകളാക്കാൻ ശ്രമിക്കുന്പോൾ എതിർക്കേണ്ടത് പൗരബോധമുള്ള ജനങ്ങളുടെ കടമയും ഉത്തരവാദിത്വവുമാണ്. ക്രൈസ്തവ ന്യൂനപക്ഷ സമൂഹത്തിന്‍റെ നീതിക്കുവേണ്ടിയുള്ള പോരാട്ടം ആരെതിർത്താലും തുടരുകതന്നെ ചെയ്യും.

സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്‍റെ പ്രവർത്തനങ്ങളെ ന്യായീകരിച്ചുകൊണ്ട് ഡയറക്ടറിന്‍റേതായി വന്ന മാധ്യമവാർത്തകൾ വസ്തുതാവിരുദ്ധമാണ്. ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടർ ഒരു മതവിഭാഗത്തിന്‍റെ പ്രതിനിധിയല്ല, സർക്കാർ ഖജനാവിലെ ശന്പളം പറ്റുന്ന ഉദ്യോഗസ്ഥനാണെന്നുള്ളത് ഓർമിക്കണം. ന്യൂനപക്ഷ ക്ഷേമ വകുപ്പ് ആറ് ന്യൂനപക്ഷ വിഭാഗങ്ങൾക്കുവേണ്ടിയുള്ളതാണ്. ഒരു മതവിഭാഗത്തിനുവേണ്ടി മാത്രം പ്രവർത്തിക്കേണ്ടതല്ല. സച്ചാർ, പാലോളി കമ്മിറ്റി നിർദേശങ്ങൾ നടപ്പിലാക്കാൻവേണ്ടി മാത്രമുള്ളതാണെങ്കിൽ സർക്കാർ ഈ വകുപ്പിന്‍റെ പേരു മാറ്റണം.

സച്ചാർ, പാലോളി കമ്മിറ്റികളുടെ ഒരു ഔദാര്യവും ആനുകൂല്യവും ക്രൈസ്തവരുൾപ്പെടെ മറ്റ് അഞ്ച് ന്യൂനപക്ഷ വിഭാഗങ്ങൾക്കും വേണ്ട. അതേസമയം, ന്യൂനപക്ഷത്തിന്‍റെ പേരിൽ ഒരു മതവിഭാഗം സർക്കാർ ഖജനാവ് കൊള്ളയടിക്കുന്നത് അനുവദിക്കാനാവില്ലെന്നും സംസ്ഥാന ന്യൂനപക്ഷക്ഷേമ പദ്ധതികളിൽ തുല്യ നീതി നടപ്പിലാക്കണമെന്നും വി.സി. സെബാസ്റ്റ്യൻ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.