'ഇന്ത്യയിലെ ജനങ്ങള്‍ക്കൊപ്പം അമേരിക്കയുണ്ടാകും': ഇരയായവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്ന് വയനാട് ദുരന്തത്തില്‍ ജോ ബൈഡന്‍

'ഇന്ത്യയിലെ ജനങ്ങള്‍ക്കൊപ്പം അമേരിക്കയുണ്ടാകും': ഇരയായവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്ന് വയനാട് ദുരന്തത്തില്‍ ജോ ബൈഡന്‍

ന്യൂഡല്‍ഹി: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ അനുശോചനം അറിയിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍.

'ഉരുള്‍പൊട്ടലില്‍ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ വേദനയില്‍ പങ്കുചേരുന്നു. ദുരന്തത്തിന് ഇരയായവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നു. ഈ വിഷമ ഘട്ടത്തില്‍ ഇന്ത്യയിലെ ജനങ്ങള്‍ക്കൊപ്പം അമേരിക്കയുണ്ടാകും. രക്ഷാ ദൗത്യത്തില്‍ ഏര്‍പ്പെട്ട സൈന്യത്തിന്റെയും നാട്ടുകാരുടെയും ധീരതയെ അഭിനന്ദിക്കുന്നു. ഈ വേദനയ്‌ക്കൊപ്പം ഇന്ത്യയിലെ ജനങ്ങളെ തങ്ങളുടെ ചിന്തകളില്‍ ചേര്‍ത്തു നിര്‍ത്തുന്നുവെന്നും' ബൈഡന്‍ പ്രസ്താവനയിലൂടെ അറിയിച്ചു.

അമേരിക്ക കൂടാതെ സൗദി, യുഎഇ, ചൈന, മാലദ്വീപ്, റഷ്യ, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളും അനുശോചനം അറിയിച്ചിരുന്നു.

ഇന്ത്യയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നുവെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. അങ്ങേയറ്റം വേദനിപ്പിക്കുന്ന ദുരന്തമാണുണ്ടായത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോട് പിന്തുണയും ദുഖവും അറിയിക്കുന്നു. പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുന്നുവെന്നും വിദേശകാര്യ മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചത്.

ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കും ഇന്ത്യന്‍ സര്‍ക്കാരിനും ജനതക്കും അനുശോചനം അറിയിക്കുന്നതായും സര്‍വതും നഷ്ടപ്പെട്ട ജനങ്ങള്‍ക്കുമൊപ്പമാണ് തങ്ങളെന്നുമാണ് സൗദി അറേബ്യ വ്യക്തമാക്കിയത്. ഇന്ത്യയിലെ സൗദി എംബസിയാണ് എക്‌സില്‍ അനുശോചന സന്ദേശനം അറിയിച്ചത്.

മരിച്ചവരുടെ കുടുംബത്തിന്റെ ദുഖത്തില്‍ പങ്കുചേരുന്നതായും പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയ വക്താവ് ലിന്‍ ജിയാന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ദുരന്തത്തില്‍ മാലദ്വീപ് പ്രസിഡന്റ് ഡോ മുഹമ്മദ് മുയ്‌സുവും വ്ളാഡിമിര്‍ പുടിനും അനുശോചിച്ചിരുന്നു. അഗാധ ദുഖം രേഖപ്പെടുത്തുന്നായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനും അയച്ച സന്ദേശത്തില്‍ ഇരുവരും അറിയിച്ചു.

അതേസമയം ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 297 ആയി. മരിച്ചവരില്‍ 23 കുട്ടികളും ഉള്‍പ്പെടും. ഇരുന്നൂറിലേറെ പേരെ ഇനിയും കണ്ടെത്താനായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. കാണാതായവരില്‍ 29 കുട്ടികളും ഉള്‍പ്പെടും. 96 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇതുവരെ 107 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. ഇതില്‍ 105 മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ചാലിയാറില്‍ നിന്ന് ഇതുവരെ 172 മൃതദേഹങ്ങളാണ് കണ്ടെടുത്തത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.