ഇസ്രയേലിലേക്ക് മിസൈല്‍ തൊടുത്ത് ഹിസ്ബുള്ള; ഹമാസ് തലവന്റെ വധത്തില്‍ പകരം വീട്ടാനൊരുങ്ങി ഇറാന്‍: പശ്ചിമേഷ്യ വീണ്ടും സംഘര്‍ഷ ഭരിതമാകുന്നു

ഇസ്രയേലിലേക്ക് മിസൈല്‍ തൊടുത്ത് ഹിസ്ബുള്ള; ഹമാസ് തലവന്റെ വധത്തില്‍ പകരം വീട്ടാനൊരുങ്ങി ഇറാന്‍: പശ്ചിമേഷ്യ വീണ്ടും സംഘര്‍ഷ ഭരിതമാകുന്നു

ടെല്‍ അവീവ്: ഹമാസിന്റെ പ്രമുഖ നേതാവും രാഷ്ട്രീയകാര്യ വിഭാഗം തലവനുമായ ഇസ്മായില്‍ ഹനിയയുടെയും ഹിസ്ബുള്ള കമാണ്ടര്‍ ഫുവാദ് ഷുക്കറിന്റെയും വധത്തെ തുടര്‍ന്ന് പശ്ചിമേഷ്യ വീണ്ടും സംഘര്‍ഷ ഭരിതമായിരിക്കേ ഹിസ്ബുള്ള ഇന്ന് പുലര്‍ച്ചേ വടക്കന്‍ ഇസ്രയേലിലെ ബെയ്റ്റ് ഹില്ലല്‍ പട്ടണം ലക്ഷ്യമാക്കി ഡസന്‍ കണക്കിന് റോക്കറ്റുകള്‍ വിക്ഷേപിച്ചു.

ഇസ്രയേലിന്റെ റോക്കറ്റ് പ്രതിരോധ സംവിധാനമായ അയണ്‍ ഡോം ഇതിനെയെല്ലാം നിര്‍വീര്യമാക്കിയതിനാല്‍ വലിയ ദുരന്തം വഴിമാറി. എന്നാല്‍ മേഖലയില്‍ യുദ്ധഭീതി വര്‍ധിക്കുകയാണ്. ഇറാന്‍, ലെബനന്‍, സിറിയ, ഇറാഖ്, യമന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള സംയുക്ത ആക്രമണം ഇസ്രായേലിനെതിരെയുണ്ടാകുമെന്ന സൂചനകളുണ്ട്. ആക്രമണം മുന്നില്‍ക്കണ്ട് അമേരിക്ക യുദ്ധക്കപ്പലുകളും വിമാനങ്ങളും പശ്ചിമേഷ്യന്‍ മേഖലയില്‍ എത്തിച്ചിട്ടുണ്ട്.

അമേരിക്ക, ബ്രിട്ടണ്‍, കാനഡ, ജോര്‍ദാന്‍ തുടങ്ങിയ രാജ്യങ്ങള്‍ ഇസ്രയേല്‍, ലെബനന്‍ എന്നീ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാനും അവിടെയുള്ള പൗരന്മാര്‍ കഴിയും വേഗം മേഖല വിടാനും ആവശ്യപ്പെട്ടു. ഇന്ത്യയും സമാന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ജൂലൈ 31 നായിരുന്നു ഇറാനിലെ ടെഹ്റാനില്‍ ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയ കൊല്ലപ്പെട്ടത്. ലെബനന്‍ തലസ്ഥാനമായ ബെയ്റൂട്ടില്‍ ഹിസ്ബുള്ള കമാണ്ടര്‍ ഫുവാദ് ഷുക്കറിനെ വധിച്ച് മണിക്കൂറുകള്‍ക്കുള്ളിലായിരുന്നു ഹനിയ കൊല്ലപ്പെട്ടത്. ഹനിയയുടെ കൊലപാതകത്തിന് ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന് ഇറാന്റെ ആത്മീയ നേതാവ് ആയത്തുല്ല അലി ഖൊമേനി ഇസ്രയേലിനെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

തലസ്ഥാനമായ ടെഹ്റാനിലെ അതീവ സുരക്ഷാ മേഖലയില്‍ തങ്ങളുടെ അടുപ്പക്കാരായ ഹമാസിന്റെ തലവന്‍ കൊല ചെയ്യപ്പെട്ടത് ഇറാനെ സംബന്ധിച്ചിടത്തോളം വലിയ നാണക്കേടായി. ആഭ്യന്തര സുരക്ഷ തീരെയില്ലാത്ത രാജ്യം എന്ന അപഖ്യാതി കൂടി ഇറാന്‍ ഇപ്പോള്‍ നേരിടുകയാണ്. മാത്രമല്ല, ഇറാന്റെ വിപ്ലവ ഗാര്‍ഡിലും ഇസ്രായേലിന്റെ ഏജന്റുമാരുണ്ടോ എന്ന ചോദ്യവും ഉയര്‍ന്നു കഴിഞ്ഞു.

സംഭവത്തില്‍ ഇറാനിലെ സൈനിക ഓഫീസര്‍മാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇസ്രായേലിനെ സഹായിച്ചു, സുരക്ഷാ വീഴ്ച വരുത്തി തുടങ്ങിയ കുറ്റങ്ങളാണ് അറസ്റ്റിലായവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.


അതേസമയം തിങ്കളാഴ്ച പുലര്‍ച്ചെ ആക്രമണം ഉണ്ടായേക്കുമെന്ന് ഇസ്രയേലും അമേരിക്കയും പ്രതീക്ഷിക്കുന്നതായി ചില ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്രയേലില്‍ ആക്രമണ സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം അതീവ ജാഗ്രത തുടരുന്നുണ്ട്. ഇസ്രയേലിലേക്കുള്ള വിമാന സര്‍വീസ് പല കമ്പനികളും നിര്‍ത്തി വച്ചിട്ടുമുണ്ട്.

അതിനിടെ ടെല്‍ അവീവില്‍ ജിപിഎസ് സംവിധാനം തകരാറിലാവുകയും മധ്യ ഇസ്രയേലില്‍ ഗൂഗിള്‍ മാപ്പില്‍ സ്ഥലം കൃത്യമായി കാണിക്കുന്നില്ല എന്ന റിപ്പോര്‍ട്ടും പുറത്ത് വന്നിട്ടുണ്ട്. ഗൂഗിള്‍ മാപ്പില്‍ ലെബനന്‍ തലസ്ഥാനമായ ബെയ്റൂട്ട് മാത്രമാണ് കാണിക്കുന്നതത്രെ. നേരത്തെ ഇസ്രായേലിനെതിരെ ആക്രമണം നടന്നപ്പോഴെല്ലാം ഇത്തരം മാറ്റങ്ങള്‍ സംഭവിച്ചിരുന്നു. എന്നാല്‍ ഇസ്രയേല്‍ സൈന്യം ഇക്കാര്യത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

വെള്ളിയാഴ്ച യൂറോപ്യന്‍ യൂണിയന്‍ ഫോറിന്‍ പോളിസി ചീഫ് ജോസെപ് ബോറെലുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍, ഇസ്രയേലിനെ 'ശിക്ഷിക്കുന്നതിന്' നിയമാനുസൃതവുമായ തങ്ങളുടെ അവകാശം നിസംശയം ഉപയോഗിക്കുമെന്ന് ഇറാന്‍ ആക്ടിങ് വിദേശകാര്യ മന്ത്രി അലി ബക്കറി കാനി അറിയിച്ചിരുന്നു. കൂടാതെ അസാധാരണമായ രംഗങ്ങള്‍ക്ക് ലോകം സാക്ഷ്യം വഹിക്കുമെന്ന മുന്നറിയിപ്പും വെള്ളിയാഴ്ച ഇറാന്റെ ഔദ്യോഗിക ടി.വി ചാനലിലൂടെ നല്‍കിയിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.