ഇറാന്റെ ആക്രമണം ഇന്നുണ്ടാകുമെന്ന് യു.എസിന്റെ മുന്നറിയിപ്പ്; എന്തിനും തങ്ങള്‍ തയ്യാറെന്ന് ഇസ്രയേല്‍

ഇറാന്റെ ആക്രമണം ഇന്നുണ്ടാകുമെന്ന് യു.എസിന്റെ മുന്നറിയിപ്പ്; എന്തിനും തങ്ങള്‍ തയ്യാറെന്ന്  ഇസ്രയേല്‍

ടെല്‍ അവീവ്: ഇസ്രയേലിന് നേരെ ഇറാന്റെയും ഹിസ്ബുള്ളയുടെയും സംയുക്ത ആക്രമണം ഇന്നുണ്ടാകുമെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്. തങ്ങള്‍ എന്തിനും തയ്യാറാണെന്നും ആക്രമിച്ചാല്‍ കനത്ത തിരിച്ചടി നല്‍കുമെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രതികരിച്ചു.

'ഏത് സാഹചര്യത്തിനും ഞങ്ങള്‍ തയ്യാറാണ്. അത് ആക്രമണമായാലും പ്രതിരോധമായാലും'- ഇസ്രയേല്‍ മന്ത്രിസഭാ യോഗത്തിന് ശേഷം നെതന്യാഹു പറഞ്ഞു.

ഹമാസ് നേതാവ് ഇസ്മയില്‍ ഹനിയയുടെ കൊലപാതകത്തില്‍ പ്രതികാരം ചെയ്യുമെന്ന് നേരത്തെ ഇറാന്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇറാന്റെ ആക്രമണം ഇന്നാരംഭിക്കുമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഇസ്രയേലിന് മുന്നറിയിപ്പ് നല്‍കിയത്.

ഇതേ തുടര്‍ന്ന് നെതന്യാഹുവിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേരുകയുണ്ടായി. ഇസ്രയേല്‍ രഹസ്യാന്വേഷണ ഏജന്‍സികളായ മൊസാദിന്റെയും ഷിന്‍ ബെറ്റിന്റെയും തലവന്‍മാരടക്കം പങ്കെടുത്ത യോഗത്തില്‍ പ്രത്യാക്രമണത്തിന് സജ്ജമാകാന്‍ തീരുമാനിച്ചു.

തിന്മകളുടെ കൂട്ടായ്മയ്ക്കെതിരെ ഇസ്രയേല്‍ ബഹുമുഖ യുദ്ധത്തിലാണെന്ന് പറഞ്ഞ നെതന്യാഹു, ശത്രുക്കള്‍ക്ക് കനത്ത മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. 'ശത്രുക്കളോട് ഞാന്‍ ആവര്‍ത്തിച്ച് പറയുന്നു. ഞങ്ങള്‍ പ്രതികരിക്കും, ഞങ്ങള്‍ക്കെതിരായ ഏത് ആക്രമണത്തിനും, ഏത് ഭാഗത്തു നിന്നായാലും കനത്ത വില നല്‍കേണ്ടി വരും'- നെതന്യാഹു പ്രഖ്യാപിച്ചു.

ഏത് ആക്രമണത്തിനും വളരെ വേഗത്തില്‍ മറുപടി നല്‍കാന്‍ തങ്ങള്‍ സര്‍വ്വ സജ്ജമാണെന്ന് നെതന്യാഹുവിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ഇസ്രയേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പറഞ്ഞു. തങ്ങള്‍ കരയിലും വായുവിലും വളരെ ശക്തമായി സജ്ജരാണ്. ആക്രമണത്തിനോ പ്രത്യാക്രമണത്തിനോ വേഗത്തില്‍ നീങ്ങാന്‍ തങ്ങള്‍ക്ക് കഴിയുമെന്നും ഗാലന്റ് പറഞ്ഞു.

ഹിസ്ബുള്ളയില്‍ നിന്നും ഇറാനില്‍ നിന്നുമുള്ള ഭീഷണികളുടെ പശ്ചാത്തലത്തില്‍ നെതന്യാഹു അടക്കമുള്ള ഇസ്രയേലിലെ ഉന്നത നേതാക്കള്‍ക്ക് യുദ്ധ സമയത്ത് ദീര്‍ഘകാലം സുരക്ഷിതമായി കഴിയാനായി ഭൂഗര്‍ഭ ബങ്കര്‍ തയ്യാറായതായും ഇസ്രയേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇതിനിടെ, പാലസ്തീന്‍ അധിനിവേശ മേഖലയില്‍ ഇസ്രയേല്‍ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഡ്രോണുകള്‍ ഉപയോഗിച്ച് ആക്രമണം നടത്തിയതായി ഹിസ്ബുള്ള അവകാശപ്പെട്ടു. നിരവധി സൈനികര്‍ കൊല്ലപ്പെട്ടതായും നിരവധിപേര്‍ക്ക് പരിക്കേറ്റതായും ഹിസ്ബുള്ള പ്രസ്താവനയില്‍ പറഞ്ഞു.

അതേസമയം ഇസ്രയേലിനെതിരെ ഹിസ്ബുള്ളയുടെയും ഇറാന്റെയും ഭീഷണികള്‍ക്കിടയില്‍ യു.എസ് സെന്‍ട്രല്‍ കമാന്‍ഡിന്റെ കമാന്‍ഡര്‍ മൈക്കല്‍ എറിക് കുറില്ല പശ്ചിമേഷ്യയില്‍ എത്തിയതായി രണ്ട് മുതിര്‍ന്ന യു.എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇത്തരം ഭീഷണികളെ നേരിടാന്‍ ഒരു സംയുക്ത നീക്കത്തിനുള്ള ഒരുക്കം നടത്തുകയാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.