ബംഗ്ലാദേശില്‍ കലാപം ആളിക്കത്തുന്നു; നിരവധി പേരെ ജീവനോടെ കത്തിച്ചു; ഇടക്കാല സര്‍ക്കാരിനെ നൊബേല്‍ ജേതാവ് മുഹമ്മദ് യൂനസ് നയിക്കും

ബംഗ്ലാദേശില്‍ കലാപം ആളിക്കത്തുന്നു; നിരവധി പേരെ ജീവനോടെ കത്തിച്ചു; ഇടക്കാല സര്‍ക്കാരിനെ നൊബേല്‍ ജേതാവ് മുഹമ്മദ് യൂനസ് നയിക്കും

ധാക്ക: ബംഗ്ലാദേശില്‍ കലാപം ആളിക്കത്തുന്നതിനിടെ പ്രക്ഷോഭകാരികള്‍ ആഡംബര ഹോട്ടല്‍ കത്തിച്ചതിനെ തുടര്‍ന്ന് 24 പേര്‍ വെന്തുമരിച്ചു. മരിച്ചവരില്‍ ഒരു ഇന്തോനേഷ്യന്‍ പൗരനും ഉള്‍പ്പെടുന്നു. ഹോട്ടലില്‍ ഇനിയും ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് സംശയമുണ്ട്. പ്രധാനമന്ത്രി പദം രാജിവച്ച് ഷെയ്ഖ് ഹസീന ഇന്ത്യയില്‍ അഭയം പ്രാപിച്ച ശേഷവും ബംഗ്ലാദേശില്‍ കലാപങ്ങള്‍ ശമനമില്ലാതെ തുടരുകയാണ്.

ജോഷോര്‍ ജില്ലയിലെ ചക്ലദാറില്‍ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പാര്‍ട്ടിയായ അവാമി ലീഗിന്റെ ജില്ലാ സെക്രട്ടറി ഷാഹിന്റെ ഉടമസ്ഥതയിലുള്ള സാബിന്‍ ഇന്റര്‍നാഷണല്‍ ഹോട്ടലിനാണ് ഒരുകൂട്ടം ആളുകള്‍ തീവച്ചത്. ആദ്യം താഴത്തെ നിലയിലാണ് അക്രമികള്‍ തീയിട്ടത്. തീ പെട്ടെന്ന് മുകളിലേക്ക് വ്യാപിക്കുകയും വന്‍ അപകടം ഉണ്ടാവുകയുമായിരുന്നു. ഹോട്ടലില്‍ റൂമെടുത്തിരുന്നവരില്‍ ഭൂരിഭാഗം പേര്‍ക്കും ഇറങ്ങി ഓടാനുള്ള സമയം പോലും കിട്ടിയില്ല.

നിരവധി അവാമി ലീഗ് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും വസതികള്‍ ജനക്കൂട്ടം ആക്രമിക്കുന്നുണ്ട്. നടുക്കുന്ന ആക്രമണങ്ങള്‍ക്കാണ് അവാമി ലീഗിലെ നേതാക്കള്‍  ഇരയാകേണ്ടി വരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഏകദേശം ഇരുപത്തിയൊന്‍പതോളം നേതാക്കളുടെയും കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങള്‍ രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നായി കണ്ടുകിട്ടിയിട്ടുണ്ട്.

ബംഗ്ലാദേശ് ആഭ്യന്തരമന്ത്രി അസദുസ്മാന്‍ ഖാന്‍ കമാലിന്റെയും സുപ്രീംകോടതി ജഡ്ജിയുടെയും വീടുകള്‍ക്കും ധാക്കയിലെയും ധന്‍മോണ്ടിയിലെയും അവാമി ലീഗിന്റെ ഓഫീസുകള്‍ക്കും കഴിഞ്ഞദിവസം തീയിട്ടു. മന്ത്രിമാരുടെയും അവാമി ലീഗ് എം.പി.മാരുടെയും വീടുകളും വ്യവസായസ്ഥാപനങ്ങളും തച്ചുതകര്‍ത്തു. ഹൈന്ദവക്ഷേത്രങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളും ആക്രമിച്ചു.

അതിനിടെ, ബംഗ്ലാദേശില്‍ ഷെയ്ഖ് ഹസീനയുടെ രാജിയെ തുടര്‍ന്ന് രൂപീകരിക്കുന്ന ഇടക്കാല സര്‍ക്കാരിനെ നയിക്കാന്‍ നൊബേല്‍ സമ്മാന ജേതാവ് മുഹമ്മദ് യൂനുസിനെ തിരഞ്ഞെടുത്തു. ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന നിര്‍ണായക യോഗത്തിലാണ് തീരുമാനം. ഷെയ്ഖ് ഹസീന പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച് രാജ്യം വിട്ടതിന് പിന്നാലെ കഴിഞ്ഞ ദിവസം പാര്‍ലമെന്റ് പിരിച്ചുവിട്ടിരുന്നു. മുഖ്യ ഉപദേഷ്ടാവായാണ് അദ്ദേഹം സര്‍ക്കാരിനെ നയിക്കുക.

സാമ്പത്തിക ശാസ്ത്രജ്ഞനും ഗ്രാമീണ്‍ ബാങ്കിന്റെ സ്ഥാപകനുമാണ് മുഹമ്മദ് യൂനുസ്. ദാരിദ്ര്യത്തിനെതിരായ പോരാട്ടത്തിന്റെ പേരില്‍ 'പാവങ്ങള്‍ക്കുള്ള ബാങ്കര്‍' എന്നറിയപ്പെടുന്ന യൂനുസ്, ഇടക്കാല സര്‍ക്കാരിനെ നയിക്കണമെന്നത് പ്രക്ഷോഭകാരികളായ വിദ്യാര്‍ത്ഥികളുടെ പ്രധാന ആവശ്യമായിരുന്നു. അതാണ് വിദ്യാര്‍ഥികളും ബംഗ്ലാദേശ് സൈനിക മേധാവികളും പങ്കെടുത്ത യോഗത്തില്‍ അംഗീകരിക്കപ്പെട്ടത്. യൂനുസിന്റെ നേതൃത്വത്തില്‍ ഉടന്‍ ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ഉറപ്പ് ലഭിച്ചതായി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ വിദ്യാര്‍ത്ഥി നേതാക്കള്‍ അറിയിച്ചിരുന്നു.

ഇടക്കാല സര്‍ക്കാരിന്റെ ഭാഗമാകാന്‍ 10-14 പ്രമുഖ വ്യക്തികളുടെ പേരുകളും പ്രക്ഷോഭകര്‍ നല്‍കിയിട്ടുണ്ട്. ദശലക്ഷക്കണക്കിന് ആളുകളെ ദാരിദ്ര്യത്തില്‍നിന്ന് കരകയറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് 2006 ല്‍ 83-കാരനായ യൂനുസിന് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ലഭിക്കുന്നത്. എന്നാല്‍ 190-ലധികം കേസുകളില്‍ യൂനുസിനെതിരെ കുറ്റം ചുമത്തുന്ന നടപടിയായിരുന്നു ഷെയ്ഖ് ഹസീന സര്‍ക്കാര്‍ സ്വീകരിച്ചത്.

സാമ്പത്തികമായ പിന്നാക്കം നില്‍ക്കുവന്നര്‍ക്ക് ജാമ്യവസ്തു ഇല്ലാതെ തന്നെ ചെറുകിട വായ്പകള്‍ നല്‍കി അതിലൂടെ അവരെ സ്വയം പര്യാപ്തത നേടാന്‍ സഹായിക്കുന്ന ധനകാര്യസ്ഥാപനമായ ഗ്രാമീണ്‍ ബാങ്കിന്റെ സ്ഥാപകന്‍ എന്ന നിലയിലാണ് മുഹമ്മദ് യൂനുസ് ശ്രദ്ധേയനാകുന്നത്. 2006 ലാണ് മുഹമ്മദ് യൂനുസ് - ഗ്രാമീണ്‍ ബാങ്ക് എന്നിവ സംയുക്തമായി സമാധാനത്തിനുള്ള നോബല്‍ പുരസ്‌ക്കാരത്തിന് അര്‍ഹനായത്.

2009-ല്‍ യുണൈറ്റഡ് സ്റ്റേറ്റ്സ് പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം, 2010-ല്‍ കോണ്‍ഗ്രസ്സ് ഗോള്‍ഡ് മെഡല്‍ എന്നിവയുള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ യൂനുസിന് ലഭിച്ചിട്ടുണ്ട്. നിലവില്‍ പാരീസിലുള്ള മുഹമ്മദ് യൂനുസ് ഉടന്‍ രാജ്യത്തേക്ക് തിരിച്ചെത്തുമെന്നാണ് റിപ്പോര്‍ട്ട്. ഇത് പ്രധാനപ്പെട്ട ഒരു ചുവടാണെന്ന് പറഞ്ഞ മുഹമ്മദ് യൂനുസ്, ഇടക്കാല സര്‍ക്കാര്‍ ഒരു തുടക്കം മാത്രമാണെന്നും അറിയിച്ചു.

രാജ്യത്ത് സ്വതന്ത്രമായ തെരഞ്ഞെടുപ്പ് നടക്കണമെന്നും സ്വതന്ത്രമായ തെരഞ്ഞെടുപ്പിലൂടെ മാത്രമേ നീണ്ടുനില്‍ക്കുന്ന സമാധാനം രാജ്യത്ത് കൈവരികയുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് രാഷ്ട്രീയാഭയം നല്‍കാന്‍ ബ്രിട്ടന്‍ തയാറാകാതിരുന്നതോടെ ഹസീന തല്‍ക്കാലം ഇന്ത്യയില്‍ തുടരും. ഡല്‍ഹിയില്‍ സുരക്ഷിത കേന്ദ്രത്തിലാണ് ഹസീനയുള്ളത്. ഹസീനയ്ക്ക് സുരക്ഷിതമായൊരു രാജ്യം കണ്ടെത്താന്‍ സമയം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് അവര്‍ക്ക് ഇന്ത്യയില്‍ കഴിയാന്‍ അനുമതി നല്‍കിയതെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ വിശദീകരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.