'വയനാട് ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം; സമഗ്രമായ പുനരധിവാസ പാക്കേജും നഷ്ട പരിഹാരവും നല്‍കണം': പാര്‍ലമെന്റില്‍ രാഹുല്‍ ഗാന്ധി

 'വയനാട് ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം; സമഗ്രമായ പുനരധിവാസ പാക്കേജും നഷ്ട പരിഹാരവും നല്‍കണം': പാര്‍ലമെന്റില്‍ രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. പാര്‍ലമെന്റിലെ പ്രസംഗത്തിനിടെയാണ് രാഹുല്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. വയനാടിന് വേണ്ടി സമഗ്രമായ പുനരധിവാസ പാക്കേജും നഷ്ട പരിഹാരവും നല്‍കണമെന്നും അദേഹം ആവശ്യപ്പെട്ടു.

'വയനാട്ടില്‍ ഒരു ദുരന്തം ഉണ്ടായിട്ടുണ്ട്. അതിനെക്കുറിച്ച് സംസാരിക്കാനോ പ്രസ്താവന നടത്താനോ ഭരണ പക്ഷം അനുവദിക്കുന്നില്ല. വയനാട് ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം. അവിടെയുള്ളവര്‍ക്ക് വേണ്ടി സമഗ്രമായ പുനരധിവാസ പാക്കേജും നഷ്ട പരിഹാരവും നല്‍കണം. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ഞാന്‍ വയനാട് സന്ദര്‍ശിച്ചു. ദുരന്തത്തിന്റെ ഫലമായുണ്ടായ വേദനയും കഷ്ടപ്പാടും ഞാന്‍ കണ്ടതാണ്' - രാഹുല്‍ ഗാന്ധി പറഞ്ഞു.

അതേസമയം ദുരന്തത്തിന്റെ ഒന്‍പതാം ദിവസമായ ഇന്ന് വിവിധ വകുപ്പ് മേധാവികളുടെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്. ചാലിയാറിലെ ദുര്‍ഘട മേഖലയായ സണ്‍റൈസ് വാലിയില്‍ തിരച്ചിലിനുള്ള ദൗത്യ സംഘത്തെ ഹെലികോപ്റ്ററിലാണെത്തിച്ചത്.

ആറ് കരസേനാംഗങ്ങളും പൊലീസ് സ്പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പിലെ നാല് പേരും രണ്ട് വനം വകുപ്പ് വാച്ചര്‍മാരും അടങ്ങിയ സംഘത്തെയാണ് രണ്ട് തവണയായി ഹെലികോപ്റ്ററിലെത്തിച്ച് വടത്തിന്റെയും ബാസ്‌കറ്റിന്റെയും സഹായത്തോടെ ഇറക്കിയത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.