കാണാതായവര്‍ക്കായി പത്താം ദിവസവും അന്വേഷണം; തിരച്ചിലിന് കഡാവര്‍ നായകളും

കാണാതായവര്‍ക്കായി പത്താം ദിവസവും അന്വേഷണം; തിരച്ചിലിന് കഡാവര്‍ നായകളും

കല്‍പ്പറ്റ: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവര്‍ക്കായി പത്താം ദിവസവും തിരച്ചില്‍. സണ്‍റൈസ് വാലി കേന്ദ്രീകരിച്ചാണ് ഇന്നത്തെ പരിശോധന. തിരച്ചിലിന് കഡാവര്‍ നായകളും ഉണ്ടാകും. ചൂരല്‍മല, മുണ്ടക്കൈ, പുഞ്ചിരിമട്ടം എന്നിവിടങ്ങളിലും ചാലിയാര്‍ കേന്ദ്രീകരിച്ചും തിരച്ചില്‍ നടത്തും.

അതേസമയം നിലമ്പൂരില്‍ നിന്ന് ഒരു മൃതദ്ദേഹം കൂടി കണ്ടെടുത്തു. ചാലിയാര്‍ തീരത്തെ ദുര്‍ഘട മേഖലയായ സണ്‍റൈസ് വാലിയില്‍ ദൗത്യ സംഘത്തിന്റെ പരിശോധന ഇന്നലെയും തുടര്‍ന്നു. ദുരന്തത്തില്‍ ഇതുവരെ 413 മരണമാണ് സ്ഥിരീകരിച്ചത്. 16 ക്യാംപുകളിലായി 1968 പേരുണ്ട്. ഇവരുടെ പുനരധിവാസത്തിനായി വാടക വീടുകള്‍ കണ്ടെത്തുന്ന നടപടികളും തുടരുകയാണ്.

ശനിയാഴ്ച പ്രധാനമന്ത്രി എത്തുന്നതിന് മുന്നോടിയായുള്ള സുരക്ഷാ പരിശോധനകളും ഇന്ന് തുടരും. പ്രധാനമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇന്നലെ സുരക്ഷ ക്രമീകരണങ്ങള്‍ വിലയിരുത്തി. കോഴിക്കോട് വിമാനത്താവളത്തില്‍ എത്തിയ ശേഷം ഹെലികോപ്റ്ററില്‍ വയനാട്ടിലെത്താനാണ് സാധ്യത. സന്ദര്‍ശനം സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകള്‍ വന്നിട്ടില്ല.

ഏറ്റവും തീവ്രതയുള്ള ദുരന്തമെന്ന നിലയില്‍ എല്‍ ത്രീ ദുരന്തമായി വയനാട് ഉരുള്‍പൊട്ടലിനെ പ്രഖ്യാപിക്കണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. പ്രധാനമന്ത്രിയുടെ വരവോടെ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ. അങ്ങനെയെങ്കില്‍ പുനരധിവാസത്തിന് വേണ്ട തുകയുടെ 75 ശതമാനം ദേശീയ ദുരന്ത നിവാരണ നിധിയില്‍ നിന്ന് കിട്ടും. കേന്ദ്ര സഹായം കൂട്ടണമെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി അടക്കം ലോക്സഭയില്‍ ആവശ്യപ്പെട്ടിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.