ഗര്‍ഭഛിദ്രം, സ്വവര്‍ഗാനുരാഗ നയങ്ങളില്‍ ഉദാര സമീപനം; അമേരിക്കന്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി ടിം വാള്‍സിന്റെ നിലപാടുകളിൽ കത്തോലിക്കരുടെ പ്രതികരണം

ഗര്‍ഭഛിദ്രം, സ്വവര്‍ഗാനുരാഗ നയങ്ങളില്‍ ഉദാര സമീപനം; അമേരിക്കന്‍  വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി ടിം വാള്‍സിന്റെ നിലപാടുകളിൽ കത്തോലിക്കരുടെ പ്രതികരണം

വാഷിങ്ടണ്‍: ബൈഡന്റെ പിന്മാറ്റത്തെതുടര്‍ന്ന് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായി കമല ഹാരിസ് രംഗത്തെത്തിയതോടെ അനുദിനം ചൂടുപിടിക്കുകയാണ് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണ രംഗം. ദിവസങ്ങള്‍ നീണ്ട സസ്‌പെന്‍സിനൊടുവിലാണ് കമല ഹാരിസ് തന്റെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. മിനസോട്ട ഗവര്‍ണറായി പ്രവര്‍ത്തിക്കുന്ന ടിം വാള്‍സിനെയാണ് കമല വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്.

റിപ്പബ്ലിക്കന്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി ജെ.ഡി വാന്‍സിന് എതിരെ മത്സരിക്കാന്‍ കമല ഹാരിസ് ആരെ തിരഞ്ഞെടുക്കുമെന്നത് സംബന്ധിച്ച് സജീവമായിരുന്ന ചര്‍ച്ചകള്‍ക്കാണ് ഇതോടെ വിരാമമായത്.

ജെ.ഡി വാന്‍സും ടിം വാള്‍സും ക്രൈസ്തവരാണെങ്കിലും നിലപാടുകളില്‍ തികച്ചും വ്യത്യസ്തമായ വീക്ഷണങ്ങളാണ് ഇരുവരും പുലര്‍ത്തുന്നത്. ഈ നിലപാടുകള്‍ വോട്ടര്‍മാര്‍ എങ്ങനെ സ്വീകരിക്കുമെന്നതാണ് അമേരിക്ക ഉറ്റുനോക്കുന്നത്.

ലൂഥറന്‍ സഭാംഗമാണ് ടിം വാള്‍സ്. മിനസോട്ടയിലെ ജനസംഖ്യയുടെ 20 ശതമാനം അടങ്ങുന്ന ക്രൈസ്തവ സഭാ വിഭാഗമാണ് ലൂഥറന്‍. ജെ.ഡി വാന്‍സ് ആകട്ടെ കത്തോലിക്ക വിശ്വാസിയും.

രാഷ്ട്രീയ ജീവിതത്തില്‍ തന്റെ വിശ്വാസത്തെക്കുറിച്ച് ടിം വാള്‍സ് പരസ്യമായി അഭിപ്രായം പറഞ്ഞിട്ടില്ല. എന്നാല്‍ ക്രിസ്മസ് സമയത്ത് ആരാധനയില്‍ പങ്കെടുക്കുന്നതിനെക്കുറിച്ചും വിവിധ ലൂഥറന്‍ പള്ളികളിലെ സേവനങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചിട്ടുണ്ട്.

ടിം വാള്‍സിന്റെ പശ്ചാത്തലം

ഹൈസ്‌കൂള്‍ മുന്‍ അധ്യാപകനായും ആര്‍മി നാഷണല്‍ ഗാര്‍ഡിലും പ്രവര്‍ത്തിച്ച് പരിചയമുള്ള 60 കാരനായ ടിം വാള്‍സിന് മികച്ച ജനപിന്തുണയുണ്ട്. രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതിന് മുന്‍പ് അധ്യാപകനായും ഫുട്ബോള്‍ പരിശീലകനായും പ്രവര്‍ത്തിച്ചു. 2006-ല്‍ യുഎസ് ജനപ്രതിനിധി സഭയിലെ അംഗമായി. 2018 മുതല്‍ മിനസോട്ട ഗവര്‍ണറായി സേവനമനുഷ്ഠിക്കുന്ന അദ്ദേഹം 24 വര്‍ഷം ആര്‍മി നാഷണല്‍ ഗാര്‍ഡില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഗ്രാമപ്രദേശമായ നെബ്രാസ്‌കയിലെ ഒരു ചെറിയ പട്ടണത്തില്‍ ആയിരുന്നു വാള്‍സിന്റെ ജനനം. ഷാഡ്രോണ്‍ സ്റ്റേറ്റ് കോളജില്‍ നിന്ന് 1989-ല്‍ സോഷ്യല്‍ സയന്‍സിലാണ് വാള്‍സ് ബിരുദം നേടിയത്. അതിനുശേഷം ആര്‍മി നാഷണല്‍ ഗാര്‍ഡില്‍ 24 വര്‍ഷം അദ്ദേഹം സേവനമനുഷ്ഠിച്ചു. 2005 ല്‍ മാസ്റ്റര്‍ സര്‍ജന്റായാണ് വിരമിച്ചത്. കൂടാതെ ഒരു വര്‍ഷത്തോളം അധ്യാപകനായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

വിശ്വാസികളോട് ഏറ്റുമുട്ടുന്ന നിലപാടുകള്‍

കഞ്ചാവ് നിയമവിധേയമാക്കല്‍, ഗര്‍ഭഛിദ്രം, സ്വവര്‍ഗാനുരാഗം തുടങ്ങിയ വിഷയങ്ങളില്‍ ടിം വാള്‍സ് പുലര്‍ത്തുന്ന അനുകൂല നിലപാടുകള്‍ രാജ്യത്തെ കത്തോലിക്ക വിശ്വാസികള്‍ക്കിടയില്‍ വലിയ എതിര്‍പ്പിന് കാരണമാകുന്നുണ്ട്. മിനസോട്ട ഗവര്‍ണറായിരുന്ന ആറുവര്‍ഷത്തിനിടെ മതസ്വാതന്ത്ര്യം ലംഘിച്ചതായി ആരോപിച്ച് ടിം വാള്‍സ് ഒന്നിലധികം കേസുകള്‍ നേരിട്ടിട്ടുണ്ട്.

ഗര്‍ഭാവസ്ഥയുടെ ഏത് ഘട്ടത്തിലും മിനസോട്ടയില്‍ ഗര്‍ഭഛിദ്രം നിയമപരമാണ്. 2023-ല്‍, മിനസോട്ട സംസ്ഥാനത്തിന് പുറത്തുള്ളവര്‍ക്ക് ഗര്‍ഭഛിദ്രം നടത്തുന്നത് എളുപ്പമാക്കുന്ന നിയമനിര്‍മ്മാണത്തിലും അദ്ദേഹം ഒപ്പുവച്ചു.

അതുപോലെ എല്‍ജിബിടിക്യു+ അവകാശങ്ങള്‍ക്ക് പരസ്യമായി പിന്തുണ നല്‍കുന്ന നേതാവാണ് വാള്‍സ്. 1999-ല്‍ മങ്കാറ്റോ വെസ്റ്റ് ഹൈസ്‌കൂളില്‍ പരിശീലകനായിരിക്കെ സ്‌കൂളില്‍ ആദ്യത്തെ സ്വവര്‍ഗാനുരാഗികളുടെ സഖ്യ ചാപ്റ്ററിന്റെ ഫാക്കല്‍റ്റി ഉപദേശകനായി. ലിംഗമാറ്റ ശസ്ത്രക്രിയ ആഗ്രഹിക്കുന്ന വിദേശികളുടെ സങ്കേതമായി മിനസോട്ടയെ മാറ്റുന്നതിനുള്ള എക്സിക്യൂട്ടീവ് ഉത്തരവുകളും അദ്ദേഹം പുറപ്പെടുവിച്ചു. ഇതുകൂടാതെ സ്വവര്‍ഗാനുരാഗ പ്രമേയം അടങ്ങിയിരിക്കുന്ന പുസ്തകങ്ങള്‍ ലൈബ്രറികളില്‍ നിന്ന് നീക്കം ചെയ്യുന്നത് നിയമവിരുദ്ധമാക്കി.

കാത്തലിക് എജ്യുക്കേഷന്‍ പാര്‍ട്ണേഴ്സ് എന്ന സംഘടനയുടെ പ്രസിഡന്റും മിനസോട്ട സംസ്ഥാന രാഷ്ട്രീയത്തില്‍ പതിറ്റാണ്ടുകളായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഷോണ്‍ പീറ്റേഴ്സണ്‍ ടിം വാള്‍സിന്റെ സ്ഥാനാര്‍ത്ഥിത്തത്തോട് പ്രതികരിച്ചത് ഇങ്ങനെയാണ് - 'പല വിഷയങ്ങളിലും സഭാ പഠിപ്പിക്കലിനോട് നേര്‍വിപരീതമായ വീക്ഷണങ്ങളാണ് അദ്ദേഹം പുലര്‍ത്തുന്നത്. ടിം തിരഞ്ഞെടുക്കപ്പെട്ടാല്‍ ഗര്‍ഭഛിദ്രത്തിനും ലിംഗമാറ്റ ശസ്ത്രക്രിയകള്‍ക്കുമുള്ള നടപടിക്രമങ്ങള്‍ എളുപ്പമാകും. മിനസോട്ടയില്‍ അദ്ദേഹത്തിന്റെ ഭരണത്തിന്‍ കീഴില്‍ ഇത്തരത്തിലുള്ള നിരവധി നിയമനിര്‍മാണങ്ങള്‍ നടന്നിട്ടുണ്ട്'.

കോവിഡ് മഹാമാരിയുടെ ആദ്യ മാസങ്ങളില്‍ തന്റെ സംസ്ഥാനത്ത് ആരാധനയ്ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ ഗവര്‍ണര്‍മാരില്‍ ഒരാളാണ് വാള്‍സ്. ഇതിന്റെ പേരില്‍ മതസമൂഹങ്ങളില്‍ നിന്ന് നിരവധി വിമര്‍ശനങ്ങളും അദ്ദേഹം ഏറ്റുവാങ്ങിയിട്ടുണ്ട്.

'ഒരു കത്തോലിക്കന്‍ എന്ന നിലയില്‍, അദ്ദേഹത്തിന്റെ ഗര്‍ഭഛിദ്ര, ട്രാന്‍സ്ജെന്‍ഡര്‍ നിലപാടുകളും സ്‌കൂളുകളില്‍ മതപരമായ വിഭജനമുണ്ടാക്കുന്ന സാംസ്‌കാരിക നയങ്ങൾ അടിച്ചേല്‍പ്പിക്കുന്നതും തനിക്ക് അംഗീകരിക്കാന്‍ കഴിയില്ല' - മിനസോട്ടയില്‍ ദശാബ്ദങ്ങളായി താമസിച്ചശേഷം രണ്ട് വര്‍ഷം മുമ്പ് ടെക്‌സാസിലേക്കു മാറിയ ദൈവശാസ്ത്രജ്ഞനായ ഡേവിഡ് ഡീവല്‍ പറഞ്ഞു,

'കഞ്ചാവ് ഉപയോഗം നിയമപരമാക്കല്‍, ട്രാന്‍സ്ജെന്‍ഡര്‍ നയങ്ങള്‍ തുടങ്ങി പുരോഗമനപരമെന്ന് അവകാശപ്പെടുന്ന നിലപാടുകള്‍ക്ക് ടിമ്മിന്റെ നേതൃത്വത്തിന്‍ വലിയ പ്രചാരം ലഭിച്ചതോടെ മിനസോട്ടയില്‍ ജീവിക്കുന്നത് വെല്ലുവിളിയായി മാറി. അതിനാല്‍ താനും ഭാര്യയും ആറ് കുട്ടികളുമായി മിനസോട്ടയില്‍ നിന്ന് മാറാന്‍ തീരുമാനിച്ചതായി സംസ്ഥാനത്തെ ചെറിയ പട്ടണമായ വാസേക്കയിലെ സിറ്റി കൗണ്‍സിലറും ചെറുകിട ബിസിനസുകാരനുമായ ജോണ്‍ മാന്‍സ്ഫീല്‍ഡ് പറഞ്ഞു.

പ്രസിഡന്റ് സ്ഥാനാര്‍ഥി കമലയുടെ കത്തോലിക്കാ വിരുദ്ധ നിലപാടുകള്‍ക്കെതിരെ ശക്തമായ എതിര്‍പ്പാണ് ഉയരുന്നത്. താന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാല്‍, സുപ്രീം കോടതി റദ്ദാക്കിയ ഗര്‍ഭച്ഛിദ്രാവകാശം പുനഃസ്ഥാപിക്കുമെന്നാണ് കമലാ ഹാരിസ് അവകാശപ്പെടുന്നത്. ഇതിനു പൂര്‍ണ പിന്തുണയുമായി ടിം വാള്‍സും ഒപ്പമുണ്ട്. ഇത് രാജ്യത്തെ കത്തോലിക്ക വിശ്വാസികളെ ആശങ്കപ്പെടുത്തുന്നുണ്ട്.

ട്രംപിന്റെ പ്രതികരണം

കമലാ ഹാരിസും ടിം വാള്‍സും ജയിച്ചാല്‍ അമേരിക്ക കമ്മ്യൂണിസ്റ്റ് രാജ്യമായി മാറുമെന്ന് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്  ഒരു അഭിമുഖത്തിൽ പറഞ്ഞു. കുടിയേറ്റം, ട്രാന്‍സ്‌ജെന്‍ഡര്‍ വിഷയം, ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ കലാപങ്ങള്‍ എന്നിങ്ങനെയുള്ള വിഷയങ്ങളില്‍ വാള്‍സിന്റെ നിലപാടുകളെ ട്രംപ് കടന്നാക്രമിച്ചു.  ടിം വാള്‍സ് ട്രാന്‍സ്ജെന്‍ഡറിനോട് വളരെ അടുപ്പമുള്ളവനാണ്. ട്രാന്‍സ്ജെന്‍ഡര്‍ എന്ന് കരുതുന്നതെന്തും മഹത്തരമാണെന്ന് വാള്‍സ് കരുതുന്നുവെന്നും ട്രംപ് പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.