'തിരഞ്ഞെടുപ്പ് നടത്തിയാല്‍ അമ്മ ബംഗ്ലാദേശില്‍ തിരിച്ചെത്തും': ഷെയ്ഖ് ഹസീനയുടെ മകന്‍

 'തിരഞ്ഞെടുപ്പ് നടത്തിയാല്‍ അമ്മ ബംഗ്ലാദേശില്‍ തിരിച്ചെത്തും': ഷെയ്ഖ് ഹസീനയുടെ മകന്‍

ന്യൂഡല്‍ഹി: ബംഗ്ലാദേശില്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ ഷയ്ഖ് ഹസീന സ്വന്തം രാജ്യത്തേക്ക് മടങ്ങുമെന്ന് മകന്‍ സജീബ് വാസെദ് ജോയ്. അവാമി ലീഗ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും വിജയിക്കുമെന്നും അദേഹം പറഞ്ഞു.

ആഴ്ചകള്‍ നീണ്ട രാജ്യവ്യാപകമായ കലാപത്തെ തുടര്‍ന്ന് കഴിഞ്ഞ തിങ്കളാഴ്ചയാണ് ഷെയ്ഖ് ഹസീന ഇന്ത്യയിലേക്ക് പലായനം ചെയ്തത്. മൂന്നൂറിലധികം പേരാണ് കലാപത്തില്‍ കൊല്ലപ്പെട്ടതെന്നാണ് വിവരം. ആയിരത്തിലധികം പേര്‍ക്ക് പരിക്കേറ്റു.

അതിനിടെ നൊബേല്‍ സമ്മാന ജേതാവ് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള താല്‍ക്കാലിക സര്‍ക്കാര്‍ ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇടക്കാല സര്‍ക്കാരില്‍ ഹസീനയുടെ അവാമി ലീഗ് പാര്‍ട്ടിക്ക് പ്രാതിനിധ്യമില്ല.

ഹസീനയുടെ കടുത്ത വിമര്‍ശകനായ യൂനുസ് ഇന്നലെയാണ് പാരീസില്‍ നിന്ന് ധാക്കയിലെത്തിയത്. എയര്‍പോര്‍ട്ടില്‍ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരും വിദ്യാര്‍ഥി നേതാക്കളും ചേര്‍ന്ന് അദേഹത്തെ സ്വീകരിച്ചു. സുന്ദരമായ രാജ്യമായി മാറാനുള്ള എല്ലാ സാധ്യതകളും ബംഗ്ലാദേശില്‍ താന്‍ കാണുന്നുണ്ടെന്ന് യൂനുസ് പ്രതികരിച്ചു.

നിലവില്‍ ന്യൂഡല്‍ഹിയിലെ സുരക്ഷിതമായ അജ്ഞാത കേന്ദ്രത്തിലാണ് ഹസീനയും സഹോദരിയുമുള്ളത്. അധികം വൈകാതെ ഇവര്‍ ബ്രിട്ടണില്‍ അഭയം പ്രാപിക്കുമെന്നാണ് വിവരം. എന്നാല്‍ ബ്രിട്ടണ്‍ ഇതുസംബന്ധിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല. ബ്രിട്ടീഷ് വിദേശകാര്യ മന്ത്രിയുമായി സംസാരിച്ചെങ്കിലും അനുകൂലമായ മറുപടി ലഭിച്ചിട്ടില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ പറഞ്ഞു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.