കല്‍പ്പറ്റ: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള ജനകീയ തിരച്ചില്‍ നാളെയും തുടരുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ഡിഎന്‍എ ഫലങ്ങള്‍ കിട്ടി തുടങ്ങിയെന്നും നാളെ മുതല്‍ പരസ്യപ്പെടുത്തുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഇന്ന് മൂന്ന് ശരീരഭാഗങ്ങള്‍ കണ്ടെത്തിയിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ മനുഷ്യന്റേതാണോയെന്ന് വ്യക്തമാകുയെന്നും മന്ത്രി പറഞ്ഞു. കൂടാതെ അട്ടമലയില്‍ നിന്ന് ഇന്ന് ഒരു എല്ലിന്‍ കഷ്ണവും കണ്ടെത്തിയിട്ടുണ്ട്. ഇതും മനുഷ്യന്റേതാണോ മൃഗത്തിന്റേതോ എന്നും തിരിച്ചറിയണം. ഉരുള്‍പൊട്ടലിന് മുമ്പുള്ളതോ എന്നും വ്യക്തമാകണം. പരിശോധനയ്ക്ക് ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാന്‍ സാധിക്കൂവെന്ന് മന്ത്രി അറിയിച്ചു.
നാളെയും മറ്റന്നാളും ചാലിയാറില്‍ വിശദമായ തിരച്ചില്‍ നടത്തുമെന്നും അദേഹം അറിയിച്ചു. മുണ്ടേരി ഫാം-പരപ്പന്‍ പാറയില്‍ 60 അംഗ സംഘവും പാണംകായം വനമേഖലയിലെ തിരച്ചിലില്‍ 50 അംഗ സംഘവും പരിശോധന നടത്തും. പൂക്കോട്ടുമല മേഖലയിലും തിരച്ചില്‍ തുടരുമെന്ന് മന്ത്രി പറഞ്ഞു. ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ 229 പേരുടെ മരണമാണ് ഔദ്യോഗിക കണക്കില്‍ സ്ഥിരീകരിച്ചത്. 178 പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. 51 മൃതദേഹവും 200 ഓളം ശരീര ഭാഗങ്ങളും തിരിച്ചറിഞ്ഞില്ല. കാണാതായവരുടെ കരട് പട്ടികയില്‍ ഇപ്പോള്‍ 130 പേരാണ് ഉള്ളത്. 90 പേരുടെ ഡിഎന്‍എ ക്യാമ്പില്‍ നിന്ന് എടുത്തിട്ടുണ്ട്. ലഭിച്ച ഡിഎന്‍എ ഫലങ്ങള്‍ നാളെ മുതല്‍ പരസ്യപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.
ദുരന്തബാധിതരുടെ താല്‍കാലിക പുനരധിവാസം ഉടന്‍ പൂര്‍ത്തിയാക്കുമെന്നും മുഹമ്മദ് റിയാസ് കൂട്ടിച്ചേര്‍ത്തു. താല്‍കാലിക പുനരധിവാസത്തിനായി 253 വാടക വീടുകള്‍ കണ്ടെത്തിയിട്ടുണ്ട്. നിലവില്‍ 14 ക്യാമ്പുകളാണ് ഉള്ളത്. സ്വന്തം നിലക്ക് പോകുന്നവര്‍, ബന്ധു വീട്ടില്‍ പോകുന്നവര്‍, സ്‌പോണ്‍സര്‍ ചെയ്ത സ്ഥലത്ത് പോകുന്നവര്‍, സര്‍ക്കാര്‍ കണ്ടെത്തിയ സ്ഥലത്ത് എന്നിങ്ങനെ നാല് രീതിയില്‍ താല്‍കാലിക പുനരധിവാസം നടത്താനാണ് തീരുമാനം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.