'മോഡി പേടിക്കുന്നതിന്റെ കാര്യം പിടികിട്ടി'; ഹിന്‍ഡന്‍ബര്‍ഗ് വിവാദത്തില്‍ ചോദ്യങ്ങളുമായി രാഹുല്‍ ഗാന്ധി

'മോഡി പേടിക്കുന്നതിന്റെ കാര്യം പിടികിട്ടി'; ഹിന്‍ഡന്‍ബര്‍ഗ് വിവാദത്തില്‍ ചോദ്യങ്ങളുമായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ഹിന്‍ഡന്‍ബര്‍ഗ് വിവാദത്തില്‍ ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. സെബിയുടെ വിശ്വാസ്യത പൂര്‍ണമായി തകര്‍ന്നു. വിഷയത്തില്‍ സെബിക്ക് ഗുരുതരമായ വീഴ്ച സംഭവിച്ചതായും രാഹുല്‍ ചൂണ്ടിക്കാട്ടി. എക്‌സില്‍ പോസ്റ്റ് തെയ്ത വീഡിയോയിലൂടെയാണ് രാഹുല്‍ ചോദ്യങ്ങളും ആരോപണങ്ങളുമായി രംഗത്തെത്തിയത്.

'ചെയര്‍പേഴ്‌സനെതിരായ ആരോപണത്തില്‍ സെബിയുടെ വിശ്വാസ്യത പൂര്‍ണമായി തകര്‍ന്നു. ഗുരുതര വീഴ്ചയാണ് സംഭവിച്ചിരിക്കുന്നത്. രാജ്യത്തുടനീളമുള്ള നിക്ഷേപകര്‍ക്ക് പണം നഷ്ടപ്പെട്ടാല്‍ ആര് ഉത്തരം പറയും. ഇക്കാര്യത്തില്‍ രാജ്യത്തുടനീളമുള്ള നിക്ഷേപകര്‍ സര്‍ക്കാരിനോട് ചില ചോദ്യങ്ങള്‍ ചോദിക്കുന്നു. എന്തുകൊണ്ടാണ് ആരോപണം വന്നിട്ടും ചെയര്‍പേഴ്‌സന്‍ മാധബി പുരി ബുച്ച് ഇതുവരെ രാജി വയ്ക്കാത്തത്? നിക്ഷേപകര്‍ കഠിനാധ്വാനം ചെയ്തു സമ്പാദിച്ച പണം നഷ്ടപ്പെട്ടാല്‍ ആരാണ് ഉത്തരവാദി. പ്രധാനമന്ത്രി മോഡിയോ, സെബി ചെയര്‍പേഴ്‌സനോ, ഗൗതം അദാനിയോ?'- അദേഹം ചോദിക്കുന്നു.

ഉയര്‍ന്നു വന്നിരിക്കുന്ന പുതിയതും ഗുരുതരവുമായ ആരോപണങ്ങളുടെ വെളിച്ചത്തില്‍ സുപ്രീം കോടതി ഈ വിഷയം ഒരിക്കല്‍ കൂടി സ്വമേധയാ പരിശോധിക്കുമോയെന്നും രാഹുല്‍ ഗാന്ധി ചോദിക്കുന്നു. പ്രധാനമന്ത്രി മോഡി എന്തിനാണ് ജെപിസി ആന്വേഷണത്തെ ഇത്രയധികം ഭയപ്പെടുന്നത് എന്ന കാര്യത്തില്‍ ഇപ്പോള്‍ വ്യക്തത വന്നിരിക്കുന്നുവെന്നും രാഹുല്‍ വീഡിയയോയില്‍ പറയുന്നു.

സെബി ചെയര്‍പേഴ്‌സണ്‍ മാധബി ബുച്ചിനും ഭര്‍ത്താവിനും അദാനി ഗ്രൂപ്പിലേക്ക് പണമെത്തിയ നിഴല്‍ കമ്പനികളില്‍ നിക്ഷേപം ഉണ്ടായിരുന്നുവെന്നാണ് ഹിന്‍ഡന്‍ ബര്‍ഗ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മാധവി ബുച്ചിനും ഭര്‍ത്താവിനും മൗറീഷ്യസിലും ബര്‍മുഡയിലും നിക്ഷേപമുണ്ടെന്നാണ് ഹിന്‍ഡന്‍ ബര്‍ഗ് ആരോപണം. അദാനിക്കെതിരായ അന്വേഷണം സെബി മന്ദഗതിയിലാക്കിയതിന് പിന്നില്‍ ഈ ബന്ധമെന്നും ഹിന്‍ഡന്‍ ബര്‍ഗ് റിപ്പോര്‍ട്ടിലുണ്ട്.

ആരോപണങ്ങള്‍ നിഷേധിച്ച മാധബി ബുച്ച്, തന്റെ ജീവിതവും സാമ്പത്തിക ഇടപെടലുകളും തുറന്ന പുസ്തകമാണെന്നും പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.