നാഷണല്‍ ഹെറാള്‍ഡ് കേസ്: രാഹുല്‍ ഗാന്ധിയെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി ഇ.ഡി; ഇരു കൈകളും നീട്ടി കാത്തിരിക്കുന്നുവെന്ന് രാഹുല്‍

 നാഷണല്‍ ഹെറാള്‍ഡ് കേസ്: രാഹുല്‍ ഗാന്ധിയെ   വീണ്ടും  ചോദ്യം  ചെയ്യാനൊരുങ്ങി ഇ.ഡി;  ഇരു കൈകളും നീട്ടി കാത്തിരിക്കുന്നുവെന്ന് രാഹുല്‍

ന്യൂഡല്‍ഹി: നാഷനല്‍ ഹെറാള്‍ഡ് കേസില്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കേസുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധിയെ ഉടന്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കേസില്‍ 751 കോടി രൂപയുടെ സ്വത്തുക്കള്‍ ഇതുവരെ കോടതി കണ്ടുകെട്ടിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് 2022 ജൂണിലാണ് രാഹുല്‍ ഗാന്ധിയെ ഇ.ഡി അവസാനമായി ചോദ്യം ചെയ്തത്. ഏകദേശം 55 മണിക്കൂറോളമായിരുന്നു ചോദ്യം ചെയ്യല്‍. മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ മൂന്ന് ദിവസങ്ങളിലായി 11 മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു.

യങ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ദൈനംദിന പ്രവര്‍ത്തനത്തിലെ പങ്കിനെക്കുറിച്ചായിരുന്നു ചോദ്യം ചെയ്യല്‍. അസോസിയേറ്റഡ് ജേര്‍ണല്‍സിന്റെ കൈവശമുണ്ടായിരുന്ന ഓഹരികള്‍ എങ്ങനെയാണ് ഗാന്ധി കുടുംബത്തിന്റെ ഉടമസ്ഥതയില്‍ ഉള്ള യങ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡില്‍ എത്തിയതെന്നായിരുന്നു ഇ.ഡി ചോദിച്ചറിഞ്ഞത്.

ഇ.ഡി റെയ്ഡിനും ചോദ്യം ചെയ്യലിനുമെതിരെ അന്ന് കോണ്‍ഗ്രസ് വലിയ പ്രതിഷേധമുയര്‍ത്തിയിരുന്നു. കേസന്വേഷണം അവസാന ഘട്ടത്തിലേക്ക് കടക്കുന്ന സാഹചര്യത്തിലാണ് രാഹുലിനെ വീണ്ടും ചോദ്യം ചെയ്യുന്നതെന്ന് ഇ.ഡി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇ.ഡി തന്നെ ചോദ്യം ചെയ്യുമെന്ന് സൂചന ലഭിച്ചതായി നേരത്തേ രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.

'എന്റെ ചക്രവ്യൂഹ പ്രസംഗം ഇഷ്ടപ്പെട്ടില്ല. അതിനാല്‍ ഒരു റെയ്ഡ് ആസൂത്രണം ചെയ്തുകൊണ്ടിരിക്കുകയാണെന്ന് ഇ.ഡിയില്‍ തന്നെയുള്ള ചിലര്‍ എന്നോട് പറഞ്ഞു. ഇരു കൈകളും നീട്ടി കാത്തിരിക്കുന്നു. ചായയും ബിസ്‌കറ്റും റെഡിയാണ്'- എന്നായിരുന്നു രാഹുല്‍ ട്വീറ്റ് ചെയ്തത്.

നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ഉടമകളായ അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡിനെ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഡയറക്ടര്‍മാരായി പുതുതായുണ്ടാക്കിയ യങ് ഇന്ത്യ കമ്പനി ഏറ്റെടുത്തതില്‍ അഴമതിയും വഞ്ചനയും ഉണ്ടെന്ന ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ പരാതിയിലാണ് രാഹുലിനും സോണിയയ്ക്കുമെതിരെ അന്വേഷണം നടക്കുന്നത്.

2000 കോടി ആസ്തിയുള്ള ഹെറാള്‍ഡിന്റെ സ്വത്തുക്കള്‍ 50 ലക്ഷം രൂപയ്ക്ക് സോണിയ ഗാന്ധിയ്ക്കും രാഹുല്‍ ഗാന്ധിയ്ക്കും ഓഹരിയുള്ള യങ് ഇന്ത്യ സ്വന്തമാക്കിയെന്നാണ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ ആരോപണം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.