പുഴയിലെ അടിയൊഴുക്ക് വെല്ലുവിളി; അർജുനായുള്ള തിരച്ചിൽ നടത്താൻ പ്രതിസന്ധി: ഡി കെ ശിവകുമാർ

പുഴയിലെ അടിയൊഴുക്ക് വെല്ലുവിളി; അർജുനായുള്ള തിരച്ചിൽ നടത്താൻ പ്രതിസന്ധി: ഡി കെ ശിവകുമാർ

അങ്കോല: കർണാടക ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള രക്ഷാദൗത്യം തുടരുന്നതിൽ പ്രതിസന്ധിയെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ. ഗംഗാവലി പുഴയിലെ അടിയൊഴുക്കാണ് വെല്ലുവിളിയാകുന്നത്. ദൗത്യം അവസാനിപ്പിക്കില്ലെന്നും തിരച്ചിൽ തുടരുമെന്നും ഡി കെ ശിവകുമാർ വ്യക്തമാക്കി.

അർജുനെ കണ്ടെത്താൻ എല്ലാ ശ്രമങ്ങളും നടത്തിയെന്നും ഡി കെ ശിവകുമാർ അറിയിച്ചു. ഗംഗാവാലി പുഴയിലെ ഒഴുക്ക് കുറയുന്നതിന് അനുസരിച്ച് പുഴയിൽ ഇറങ്ങി പരിശോധിക്കുമെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചിരിക്കുന്നത്. പുഴയിലെ ഒഴുക്കിന്റെ അളവ് എല്ലാ ദിവസവും പരിശോധിക്കുന്നുമുണ്ട്.

അഞ്ച് നോട്ടിക്കൽ മൈലിന് മുകളിലാണ് നിലവിൽ പുഴയിലെ ഒഴുക്കെന്നും ഈ സാഹചര്യത്തിൽ പുഴയിൽ ഡൈവ് ചെയ്യാനോ ഡ്രഡ്ജ് ചെയ്യാനോ സാധിക്കില്ലെന്നും അതുകൊണ്ട് തന്നെ പുഴയിലെ ഒഴുക്ക് കുറയുന്നതിനനുസരിച്ചായിരിക്കും പരിശോധനയെന്നും മന്ത്രി അറിയിച്ചു.

ഷിരൂരിലെ ദൗത്യം തുടരണമെന്ന് കർണാടക ഹൈക്കോടതി നേരത്തെ നിർദേശിച്ചിരുന്നു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി തിരച്ചിൽ തുടരണമെന്നായിരുന്നു ഹൈക്കോടതിയുടെ നിർദ്ദേശം. ചീഫ് ജസ്റ്റിസ് എൻവി അൻജാരിയ, ജസ്റ്റിസ് കെ വി ആനന്ദ് എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതായിരുന്നു ഇടക്കാല ഉത്തരവ്. പ്രതികൂല കാലാവസ്ഥ കാരണം ദൗത്യം താൽക്കാലികമായി നിർത്തിയെന്ന് കർണാടക സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. തിരച്ചിൽ ദൗത്യം വൈകാതെ പുനരാരംഭിക്കുമെന്നും കർണാടക സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.