സൗത്ത്‌പോര്‍ട്ടില്‍ കൊല്ലപ്പെട്ട ഒന്‍പതു വയസുകാരിക്ക് വിട ചൊല്ലി ബ്രിട്ടന്‍; കണ്ണീരില്‍ കുതിര്‍ന്ന് സെന്റ് പാട്രിക് കത്തോലിക്ക പള്ളിയിലെ സംസ്‌കാരച്ചടങ്ങുകള്‍

സൗത്ത്‌പോര്‍ട്ടില്‍ കൊല്ലപ്പെട്ട ഒന്‍പതു വയസുകാരിക്ക് വിട ചൊല്ലി ബ്രിട്ടന്‍; കണ്ണീരില്‍ കുതിര്‍ന്ന് സെന്റ് പാട്രിക് കത്തോലിക്ക പള്ളിയിലെ സംസ്‌കാരച്ചടങ്ങുകള്‍

ലണ്ടന്‍: നൃത്തത്തെ ഏറെ സ്‌നേഹിച്ച ആ ഒന്‍പതു വയസുകാരി പതിവായി വിശുദ്ധ കുര്‍ബാനയ്‌ക്കെത്തുന്ന സൗത്ത്‌പോര്‍ട്ടിലെ സെന്റ് പാട്രിക് കത്തോലിക്ക പള്ളിയില്‍ ഇന്നലെ അവസാനമായി എത്തി. മാലാഖയെ പോലെ വസ്ത്രങ്ങളണിഞ്ഞ്, പിങ്കും വെള്ളയും നിറങ്ങളുള്ള പൂക്കളാല്‍ അലങ്കൃതമായി, വെള്ളക്കുതിരകള്‍ വലിച്ച രഥത്തില്‍ അവള്‍ നിശ്ചലയായി കിടന്നു. തന്റെ മരണത്തെതുടര്‍ന്ന് രാജ്യത്തുണ്ടായ കലാപങ്ങളൊന്നും അറിയാതെ അവള്‍ നിത്യതയിലേക്കു യാത്രയായി.



ഡാന്‍സ് ക്ലാസിലേക്ക് അതിക്രമിച്ചു കയറിയ കൗമാരക്കാരന്റെ കത്തിമുനയില്‍ അകാലത്തില്‍ പൊലിഞ്ഞ കുഞ്ഞുമാലാഖ ആലീസ് ഡ സില്‍വയുടെ സംസ്‌കാരച്ചടങ്ങുകള്‍ ബ്രിട്ടനെയാകെ കണ്ണീരിലാഴ്ത്തി. അതിവൈകാരികമായ മുഹൂര്‍ത്തങ്ങള്‍ക്കാണ് ഇന്നലെ സെന്റ് പാട്രിക് കത്തോലിക്ക പള്ളി സാക്ഷിയായത്.

ആലീസിനെയും വഹിച്ച് വെള്ളരഥം കടന്നുപോയ വഴിയില്‍ ഇരുവശവും ആയിരക്കണക്കിന് ആളുകള്‍ നിറകണ്ണുകളോടെ നിന്നു. കുരുന്നിന് യാത്രമൊഴിയായി അവര്‍ പിങ്കും വെളുപ്പും കലര്‍ന്ന റിബ്ബണുകളും ബലൂണുകളും വീശി, വര്‍ണക്കുമിളകള്‍ പുറപ്പെടുവിച്ചു, കൈയടിച്ചു. സ്വപ്‌നസമാനമായിരുന്നു ആ യാത്രയയപ്പ്. എന്നാല്‍ അതൊന്നും അവള്‍ കണ്ടില്ല.

വിലാപയാത്രയുടെ ഏറ്റവും മുന്‍പിലായി നീല ടെഡി ബെയറുമായി ഒരു പെണ്‍കുട്ടി മറ്റ് രണ്ട് കുട്ടികള്‍ക്കൊപ്പം നടന്നു. മൂന്നുറോളം ആളുകളാണ് ആലീസിനെ യാത്രയാക്കാന്‍ പള്ളിയിലെത്തിയത്. അതിലേറെ ആളുകള്‍ പള്ളിക്ക് പുറത്ത് തടിച്ചുകൂടി ലൗഡ് സ്പീക്കറിലൂടെ ഉയര്‍ന്ന പ്രാര്‍ത്ഥനകള്‍ ഏറ്റുചൊല്ലി

ആലീസിന്റെ മാതാപിതാക്കളും പോര്‍ച്ചുഗീസ് വംശജരുമായ സെര്‍ജിയോയും അലക്സാന്ദ്രയും കുടുംബാംഗങ്ങളും സുഹൃത്തുക്കളും സെന്റ് പാട്രിക്‌സ് പള്ളിയിലേക്കുള്ള അന്ത്യയാത്രയെ അനുഗമിച്ചു. 'അവള്‍ നൃത്തച്ചുവടുകള്‍ വെച്ച് സ്വര്‍ഗത്തിലേക്ക് യാത്രയാകട്ടെ' എന്നായിരുന്നു വിങ്ങിപ്പൊട്ടുന്ന മനസുമായി അവളുടെ മാതാപിതാക്കള്‍ പ്രാര്‍ത്ഥിച്ചത്.

'അവള്‍ ശക്തമായ മൂല്യങ്ങളും ദയയുമുള്ള പെണ്‍കുട്ടിയായിരുന്നു. അവളുടെ ആത്മവിശ്വാസവും ഊര്‍ജസ്വലതയും സഹാനുഭൂതിയും ഞങ്ങളുടെ ലോകത്തെ മാറ്റി. നീ സ്വര്‍ഗത്തിലും നൃത്തം തുടരണം. മമ്മിയും ഡാഡിയും എപ്പോഴും എപ്പോഴും നിന്നെ സ്‌നേഹിക്കും' - മാതാപിതാക്കളുടെ വൈകാരികമായ പ്രസംഗം കേട്ടുനിന്നവരെ കണ്ണീരണിയിച്ചു.

മേഴ്‌സിസൈഡ് പോലീസ് ചീഫ് കോണ്‍സ്റ്റബിള്‍ സെറീന കെന്നെഡിയും അന്ത്യ ചടങ്ങുകളില്‍ പങ്കെടുത്തവരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നു. നിരവധി പോലീസ് ഉദ്യോഗസ്ഥരും പാരാമെഡിക്കല്‍ ജീവനക്കാരും മറ്റ് എമര്‍ജന്‍സി സര്‍വീസ് ജീവനക്കാരും ചടങ്ങുകളില്‍ പങ്കെടുത്തു. മൃതദേഹ പേടകം എത്തിയപ്പോള്‍ പല പാരാമെഡിക്കല്‍ ജീവനക്കാരും വിങ്ങിപ്പൊട്ടി.

ഫാ. ജോണ്‍ ഹെനെഗനാണ് സംസ്‌കാര ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കിയത്. ആലീസിന്റെ എപ്പോഴും പുഞ്ചിരിക്കുന്ന മുഖമാണ് തന്റെ ഹൃദയത്തിലെന്ന് അദ്ദേഹം പറഞ്ഞു. 'അവള്‍ ഏറെ സന്തുഷ്ടയായ പെണ്‍കുട്ടിയായിരുന്നു. മാതാപിതാക്കള്‍ക്ക് അവള്‍ എല്ലായ്‌പ്പോഴും സന്തോഷം നല്‍കി. എന്തൊക്കെ സങ്കടങ്ങള്‍ ഉണ്ടായാലും നിങ്ങളുടെ ഹൃദയത്തെ പ്രകാശിപ്പിക്കുന്ന പുഞ്ചിരിയായിരുന്നു അവളുടേത്'.



സംഗീതോപകരണങ്ങളോടുള്ള ആ കൊച്ചു പെണ്‍കുട്ടിയുടെ സ്നേഹത്തിന്റെ ആദരസൂചകമായി ആലീസിന്റെ ഗിറ്റാര്‍ വായിച്ചും പാടിയുമാണ് ഫാ. ജോണ്‍ ഹെനെഗന്‍ സംസ്‌കാര ശുശ്രൂഷ ആരംഭിച്ചത്. അടുത്തിടെയാണ് ആലീസിന്റെ ആദ്യ കുര്‍ബാന സ്വീകരണം നടന്നത്. അന്ന് അവള്‍ പ്രസരിപ്പിച്ച സന്തോഷം വൈദികന്‍ ഓര്‍ത്തെടുത്തു.

'കത്തോലിക്കാ വിശ്വാസമനുസരിച്ച്, തങ്ങളുടെ മകള്‍ മരണത്തിലൂടെ നിത്യജീവിതത്തിലേക്ക് കടക്കുകയാണെന്ന് ആലീസിന്റെ മാതാപിതാക്കള്‍ വിശ്വസിക്കുന്നു. ഇത് അവസാനമല്ല, സ്വര്‍ഗത്തിലെ പുതിയ ജീവിതത്തിന്റെ തുടക്കമാണ്. അവര്‍ അതിനെക്കുറിച്ച് വളരെ ബോധവാന്മാരാണ്'.

'ആലീസ് ഉയിര്‍ത്തെഴുന്നേറ്റുവെന്നും മാലാഖമാരോടൊപ്പം സ്വര്‍ഗത്തില്‍ നൃത്തം ചെയ്യുകയാണെന്നും അവര്‍ വിശ്വസിക്കുന്നു. ഇത് അവസാനമല്ലെന്ന് അവര്‍ക്കറിയാം ... അവളുടെ അച്ഛന്‍ എന്നോട് പറഞ്ഞതുപോലെ, അവള്‍ സ്വര്‍ഗത്തിലേക്ക് നൃത്തം ചെയ്ത് യാത്രയായി.

മകളുടെ പേരില്‍ അക്രമം ആഗ്രഹിക്കുന്നില്ലെന്ന് ആലീസിന്റെ മാതാപിതാക്കള്‍

യു.കെയിലുടനീളം പടര്‍ന്നുപിടിച്ച കുടിയേറ്റ വിരുദ്ധ പ്രക്ഷോഭം അവസാനിപ്പിക്കണമെന്ന് ആലീസ് ഡ സില്‍വയുടെ മാതാപിതാക്കള്‍ അഭ്യര്‍ഥിച്ചു. 'തന്റെ മകളുടെ പേരില്‍ യുകെ തെരുവുകളില്‍ ഇനി ഒരു അക്രമം ഉണ്ടാകാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്ന്' ആലീസിന്റെ മാതാപിതാക്കള്‍ അറിയിച്ചതായി മെര്‍സിസൈഡ് ചീഫ് കോണ്‍സ്റ്റബിള്‍ സെറീന കെന്നഡി പറഞ്ഞു. കുടിയേറ്റ വിരുദ്ധ പ്രക്ഷോഭത്തെ തുടര്‍ന്ന് 900ലധികം ആളുകളാണ് അറസ്റ്റിലായത്. 466 പേര്‍ക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്.

രണ്ടാഴ്ച മുമ്പാണ് സൗത്ത്പോര്‍ട്ടില്‍ ആലീസും മറ്റ് രണ്ട് പെണ്‍കുട്ടികളും കുത്തേറ്റ് മരിക്കുകയും എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത്. യുകെയില്‍ ജനിച്ചു വളര്‍ന്ന 17 വയസുകാരനായിരുന്നു കൊലപാതകത്തിന് പിന്നില്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.