ഷെയ്ഖ് ഹസീനയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തി ബംഗ്ലാദേശ്; രാജ്യം വിട്ടതിന് ശേഷമുള്ള ആദ്യ കേസ്

ഷെയ്ഖ് ഹസീനയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തി  ബംഗ്ലാദേശ്; രാജ്യം വിട്ടതിന് ശേഷമുള്ള ആദ്യ കേസ്

ധാക്ക: മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുക്ക് ബംഗ്ലാദേശ് താല്‍ക്കാലിക ഭരണകൂടം. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിനിടെ പലചരക്കുകട ഉടമയായ അബു സെയ്ദ് വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിലാണ് ഹസീനയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തിയിരിക്കുന്നത്.

ഹസീനയെക്കൂടാതെ അവാമി ലീഗ് ജനറല്‍ സെക്രട്ടറി ഉബൈദുല്‍ ഖാദര്‍, മുന്‍ ആഭ്യന്തര മന്ത്രി അസദുസ്മാന്‍ ഖാന്‍ കമല്‍, മുന്‍ പൊലീസ് ഇന്‍സ്പെക്ടര്‍ ജനറല്‍ ചൗധരി അബ്ദുല്ല അല്‍ മാമൂന്‍ എന്നിവരുള്‍പ്പെടെ ആറ് പേരാണ് കേസിലെ പ്രതികള്‍.

അബു സെയ്ദിന്റെ സുഹൃത്ത് അമീര്‍ ഹംസ ഷട്ടീല്‍ എന്നയാളാണ് കോടതിയെ സമീപിച്ചത്. ധാക്കയിലെ മുഹമ്മദ്പുരില്‍ ജൂലൈ 19 ന് നടന്ന വെടിവെപ്പിലാണ് അബു സയീദ് കൊല്ലപ്പെട്ടത്. ഹസീന രാജ്യം വിട്ടതിന് ശേഷം അവര്‍ക്കെതിരെ ചുമത്തുന്ന ആദ്യത്തെ കേസാണിത്.

സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളെ തുടര്‍ന്ന് രാജിക്ക് പിന്നാലെ ഓഗസ്റ്റ് അഞ്ചിനാണ് ഹസീന രാജ്യം വിട്ടത്. പിന്നാലെ നൊബേല്‍ പുരസ്‌കാര ജേതാവായ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തില്‍ ബംഗ്ലാദേശില്‍ ഇടക്കാല സര്‍ക്കാര്‍ ചുമതലയേറ്റു.

സര്‍ക്കാര്‍ ജോലിയില്‍ സ്വാതന്ത്ര്യ സമര സേനാനികളുടെ കുടുംബാംഗങ്ങള്‍ക്കേര്‍പ്പെടുത്തിയ സംവരണം ബംഗ്ലാദേശില്‍ വന്‍ ഭരണവിരുദ്ധ പ്രക്ഷോഭത്തിലേക്ക് വഴിമാറുകയായിരുന്നു.

തൊഴിലില്ലായ്മ രൂക്ഷമായ രാജ്യത്ത് സംവരണത്തിനെതിരെ വിദ്യാര്‍ഥികള്‍ തെരുവിലിറങ്ങി. പിന്നിട് അത് മൂന്നൂറിലേറെ ആളുകളുടെ ജീവനെടുത്ത വന്‍ കലാപമായി മാറുകയായിരുന്നു. തുടര്‍ന്ന് ഓഗസ്റ്റ് അഞ്ചിന് രാജിവെച്ച ഷെയ്ഖ് ഹസീന അന്നുതന്നെ രാജ്യം വിട്ട് ഇന്ത്യയില്‍ അഭയം തേടുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.