പാരിസ്: ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗട്ടിന്‍റെ അപ്പീൽ കായിക കോടതി തള്ളി. ഒറ്റവരി ഉത്തരവാണ് വിനേഷിന് വേണ്ടി ഹാജരായ അഭിഭാഷകർക്ക് ലഭിച്ചതെന്നാണ് റിപ്പോർട്ട്. 16 ന് രാത്രിക്ക് മുൻപ് ഉത്തരവ് വരുമെന്ന് നേരത്തേ കോടതി വ്യക്തമാക്കിയിരുന്നു. 100 ഗ്രാം ഭാരം കൂടിയതിന്റെ പേരിൽ ഫോഗട്ടിനെ ഒളിമ്പിക്സ് ഫൈനലിൽ നിന്ന് അയോഗ്യയാക്കിയതിനെതിരെയാണ് രാജ്യാന്തര തർക്ക പരിഹാര കോടതിയെ സമീപിച്ചത്.
ഒളിമ്പിക്സ് ഗുസ്തി 50 കിലോഗ്രാം ഫ്രീസ്റ്റൈൽ വിഭാഗത്തിൽ ഫൈനലിൽ എത്തിയശേഷമാണ് വിനേഷ് അയോഗ്യയാക്കപ്പെട്ടത്. മത്സര ദിവസമാണ് ശരീര ഭാരം കൂടിയെന്ന് കാണിച്ച് അയോഗ്യത പ്രഖ്യാപിക്കുകയായിരുന്നു. പിന്നാലെ ഗുസ്തിയിൽ നിന്നും വിനേഷ് വിരമിക്കുകയും ചെയ്തു. എന്നാൽ വെള്ളി തനിക്ക് അർഹതപ്പെട്ടതാണെന്ന് അവകാശപ്പെട്ടാണ് അപ്പീൽ നൽകിയത്.
യുസെനിലിസ് ഗുസ്മാൻ ലോപ്പസാണ് 50 കിലോ വിഭാഗത്തിൽ വെള്ളി മെഡൽ നേടിയത്. വിനേഷ് സെമിയിൽ ലോപസിനെ തോൽപ്പിച്ചിരുന്നു. ഒളിമ്പിക്‌സ് യോഗ്യത ഘട്ടത്തിലും ഭാരപരിശോധനാ വേളയിൽ വിനേഷ് വെല്ലുവിളി നേരിട്ടിരുന്നു. സാധാരണയായി വിനേഷ് മത്സരിക്കുന്നത് 53 കിലോഗ്രാം വിഭാഗത്തിലായിരുന്നു. എന്നാല്‍ ഇത്തവണ 50 കിലോ ഗ്രാം വിഭാഗത്തിലേക്ക് മാറുകയായിരുന്നു.
പാരിസ് ഒളിമ്പിക്സിൽ ആറ് മെഡലോടെ 71-ാം സ്ഥാനത്താണ് ഇന്ത്യ ഫിനിഷ് ചെയ്തത്. ഒരു വെള്ളിയും അഞ്ച് വെങ്കലവുമാണ് ഇന്ത്യൻ സംഘത്തിന്റെ നേട്ടം
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.