പാരീസ്: ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങില്‍ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ അവഹേളിച്ച് പരിപാടി നടത്തിയതിനെതിരേ സന്നദ്ധ സംഘടനയായ സിറ്റിസണ്‍ഗോ നടത്തുന്ന പ്രതിഷേധ ഒപ്പുശേഖരണ കാമ്പെയ്‌ന് മികച്ച പ്രതികരണം.
ഒളിമ്പിക്‌സ് സംഘാടകര്‍ ഔപചാരികമായി ക്ഷമാപണം നടത്തണമെന്ന ആവശ്യവുമായി ആരംഭിച്ച കാമ്പെയ്‌ന് ഇതുവരെ നാലുലക്ഷത്തോളം പേര്‍ ഒപ്പിട്ട് പിന്തുണ അറിയിച്ചുകഴിഞ്ഞു. അഞ്ചു ലക്ഷം ഒപ്പുകളാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ ജൂലൈ 29-നാണ് കാമ്പെയ്ൻ ആരംഭിച്ചത്.
ഉദ്ഘാടന ചടങ്ങില്‍ സ്വവര്‍ഗാനുരാഗികള്‍ ഉള്‍പ്പെടുന്ന ഡ്രാഗ് ക്വീന്‍സ് അവതരിപ്പിച്ച ലാസ്റ്റ് സപ്പറിന്റെ വികലമായ അവതരണത്തിനെതിരെ ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികളില്‍ നിന്നും പ്രമുഖ നേതാക്കളില്‍ നിന്നും വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. കായിക താരങ്ങള്‍ പോലും ഒളിമ്പിക്സ് സംഘാടക സമിതിക്കെതിരേ രംഗത്തുവന്നു.
1.5 ബില്യണ്‍ യൂറോ (ഏകദേശം 1.62 ബില്യണ്‍ ഡോളര്‍) ചെലവിട്ടു നടത്തിയ ഉദ്ഘാടന ചടങ്ങില്‍ കല്ലുകടിയായി മാറിയ പരിപാടിയില്‍ അപ്പസ്തോലന്മാരെയും യേശുവിനെയും അവഹേളനാപരമായി ചിത്രീകരിച്ച രംഗങ്ങള്‍ ഏറെ പ്രതിഷേധാര്‍ഹമാണെന്ന് ക്രിസ്ത്യന്‍ ലോയേഴ്‌സ് ഫൗണ്ടേഷന്‍ പറഞ്ഞു. ഡ്രാഗ് ക്വീന്‍സും അര്‍ധനഗ്നരായ സ്വവര്‍ഗാനുരാഗികളും ചേര്‍ന്ന് അന്ത്യ അത്താഴത്തെ പരിഹാസരൂപേണ അവതരിപ്പിച്ച് വിശ്വാസത്തെ അപമാനിക്കാനുള്ള ശ്രമമാണ് നടത്തിയത്.
ലോകമെമ്പാടുമുള്ള ക്രൈസ്തവരുടെ വിശ്വാസത്തെ അപമാനിക്കാന്‍ ഒളിമ്പിക്‌സിന്റെ വ്യാപ്തി മുതലെടുക്കാന്‍ അവര്‍ തീരുമാനിച്ചത് ശരിക്കും ലജ്ജാകരമാണെന്നും സംഘടന പറഞ്ഞു. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് നടന്നിട്ടുള്ള ഓരോ ഒളിമ്പിക്സിലും ലോകമെമ്പാടുമുള്ള സ്റ്റേഡിയങ്ങളില്‍ നിറഞ്ഞൊഴുകിയ ആരോഗ്യകരമായ ചൈതന്യം ഇന്ന് അവശേഷിക്കുന്നില്ല.
ബഹുമാനം, സഹിഷ്ണുത, സ്‌പോര്‍ട്‌സ്മാന്‍ഷിപ്പ് എന്നിവയൊക്കെ ഈ അന്താരാഷ്ട്ര ഇവന്റിന്റെ സവിശേഷതകളാണ്. എന്നാല്‍ ഇപ്പോഴുള്ള വിചിത്രമായ പ്രത്യയശാസ്ത്രങ്ങള്‍ കായിക താരങ്ങളുടെ കഴിവില്‍ നിന്ന് ലോകശ്രദ്ധ മറ്റു പലതിലേക്ക് തിരിക്കുന്നതായി ക്രിസ്ത്യന്‍ ലോയേഴ്‌സ് ഫൗണ്ടേഷന്‍ കുറ്റപ്പെടുത്തി.
സിറ്റിസണ്‍ഗോയുടെ വെബ്സൈറ്റില്‍ പറയുന്നത് ഇങ്ങനെയാണ് - 'ലോക വേദിയില്‍ നാം അപമാനിക്കപ്പെട്ടു! സങ്കല്‍പ്പിക്കാവുന്നതിനപ്പുറം ഏറ്റവും നിന്ദ്യമായ രീതിയിലാണ് ക്രിസ്തീയ വിശ്വാസത്തെ പരസ്യമായി പരിഹസിച്ചത്. നമ്മുടെ വിശ്വാസത്തോടുള്ള അവഹേളനം വളരെ അഗാധമാണ്. നാം മിണ്ടാതിരുന്നാല്‍ എന്ത് സംഭവിക്കും? നമ്മുടെ വിശ്വാസം, ക്രിസ്ത്യന്‍ ചിഹ്നങ്ങള്‍ എല്ലാം സ്ഥിരമായ പരിഹാസത്തിനു വിധേയമാകും.
നാം നമ്മുടെ വിശ്വാസത്തിനുവേണ്ടി നിലകൊള്ളുകയും ഇത്തരം നഗ്നമായ അശ്ലീലത ഒരിക്കലും ആവര്‍ത്തിക്കില്ലെന്ന് ഉറപ്പാക്കുകയും വേണം. നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിനെ ഇത്തരം അശ്ലീലങ്ങള്‍ കൊണ്ട് അശുദ്ധമാക്കാന്‍ ആരെയും അനുവദിക്കാനാവില്ല. നാം മൗനം പാലിച്ചാല്‍, ഇത്തരം പരിഹാസങ്ങള്‍ സ്വീകാര്യമാണെന്ന സന്ദേശമാണ് സമൂഹത്തിന് ലഭിക്കുന്നത്.
ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികള്‍ ഇത്തരമൊരു നിന്ദ്യമായ അപമാനം സഹിക്കില്ലെന്ന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയെയും (ഐഒസി) ഒളിമ്പിക് ഗെയിംസ് സ്പോണ്‍സര്‍മാരെയും അറിയിക്കാനാണ് ഈ ഉദ്യമം. ഐഒസിയില്‍ നിന്ന് ആത്മാര്‍ത്ഥമായ ക്ഷമാപണവും ഇനിയൊരിക്കലും സംഭവിക്കില്ല എന്ന രേഖാമൂലമുള്ള ഉറപ്പും ലഭിക്കാനായി ഈ ഉദ്യമത്തില്‍ എല്ലാ വിശ്വാസികളും പങ്കുചേരണമെന്ന് സിറ്റിസണ്‍ഗോ ആവശ്യപ്പെട്ടു. അതിനായുള്ള വെബ്സൈറ്റ് ലിങ്ക് ചുവടെ:
https://citizengo.org/en-row/ot/13618-defend-your-faith--stop-christian-mockery-at-the-paris-olympics-
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.