സംസ്ഥാനം അതീവ ദുഖത്തില്‍: വിഷമിച്ചിരുന്നാല്‍ മതിയാകില്ല; നമുക്ക് അതിജീവിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി

 സംസ്ഥാനം അതീവ ദുഖത്തില്‍: വിഷമിച്ചിരുന്നാല്‍ മതിയാകില്ല; നമുക്ക് അതിജീവിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പതാക ഉയര്‍ത്തി. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനം അതീവ ദുഖത്തിലാണ്. വിഷമിച്ചിരുന്നാല്‍ മതിയാകില്ലെന്നും നമുക്ക് അതിജീവിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വാതന്ത്ര്യദിന സന്ദേശത്തില്‍ പറഞ്ഞു.

ദുരന്തഘട്ടത്തില്‍ ഒപ്പം നിന്നവര്‍ക്കെല്ലാം നന്ദിയുണ്ട്. കാലാവസ്ഥ മുന്നറിയിപ്പുകള്‍ കാര്യക്ഷമമാക്കണം. പൊതുവായ മുന്നറിയിപ്പുകള്‍ അല്ല കൃത്യമായ പ്രവചനങ്ങളാണ് വേണ്ടത്. 21-ാം നൂറ്റാണ്ടിലും പ്രകൃതി ദുരന്തങ്ങള്‍ മുന്‍കൂട്ടി പ്രവചിക്കാന്‍ കഴിയുന്നില്ല. ശാസ്ത്ര സാങ്കേതിക രംഗങ്ങളില്‍ നേട്ടങ്ങള്‍ ഉണ്ടെന്ന് പറയുമ്പോഴും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പു വരുത്താനാവുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുന്നറിയിപ്പുകളല്ലാതെ കൃത്യമായ പ്രചവനം ഉണ്ടെങ്കിലെ പ്രകൃതി ദുരന്തങ്ങളെ പ്രതിരോധിക്കാനാകൂ. ജനങ്ങളെ അന്ധവിശ്വാസത്തിലേക്കും പ്രാകൃത അനുഷ്ഠാനങ്ങളിലേക്കും കൊണ്ടുപോകാന്‍ ചിലര്‍ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. പൊലീസ് പരേഡിന് മുഖ്യമന്ത്രി സല്യൂട്ട് സ്വീകരിച്ചു. കനത്ത മഴയ്ക്കിടെയാണ് തിരുവനന്തപുരത്ത് സ്വാതന്ത്ര്യദിനാഘോഷം നടന്നത്.

വയനാട്ടിലെ കല്‍പ്പറ്റ എസ്‌കെഎംജെ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന സ്വാതന്ത്ര്യദിന ചടങ്ങില്‍ മന്ത്രി ഒ.ആര്‍ കേളു പതാക ഉയര്‍ത്തി. ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ ആഘോഷ പരിപാടികള്‍, പരേഡ് എന്നിവ പൂര്‍ണ്ണമായും ഒഴിവാക്കിയിരുന്നു. കൊച്ചി ദക്ഷിണ നാവിക സേനാ ആസ്ഥാനത്തും സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകള്‍ നടന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.