പാലസ്തീനികള്‍ക്ക് വിസ; ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പാര്‍ലമെന്റില്‍ ഭരണ-പ്രതിപക്ഷ വാക്പോര്

പാലസ്തീനികള്‍ക്ക് വിസ; ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പാര്‍ലമെന്റില്‍ ഭരണ-പ്രതിപക്ഷ വാക്പോര്

കാന്‍ബറ: ഗാസയില്‍ നിന്ന് പലായനം ചെയ്യുന്ന പാലസ്തീനികള്‍ക്ക് ഓസ്‌ട്രേലിയയില്‍ പ്രവേശനം അനുവദിക്കരുതെന്ന പ്രതിപക്ഷ നേതാവിന്റെ പരാമര്‍ത്തെച്ചൊല്ലി പാര്‍ലമെന്റില്‍ വാക്‌പോര്. കൃത്യമായ പരിശോധനയില്ലാതെ വിസ അനുവദിച്ചാല്‍ ദേശീയ സുരക്ഷ അപകടത്തിലാകുമെന്ന ആശങ്ക പീറ്റര്‍ ഡട്ടണ്‍ ഉയര്‍ത്തുമ്പോള്‍ അത് വംശീയമായി നേരിടാനുള്ള ശ്രമത്തിലാണ് ചില എംപിമാര്‍.

തന്റെ നിലപാടുകള്‍ പ്രത്യേക മതവിശ്വാസമുള്ള ആളുകള്‍ക്ക് എതിരല്ലെന്ന് പീറ്റര്‍ ഡട്ടണ്‍ വ്യക്തമാക്കുമ്പോള്‍ പ്രതിപക്ഷ നേതാവ് വംശീയമായി പെരുമാറുന്നത് അവസാനിപ്പിക്കണം എന്നാണ് സ്വതന്ത്ര എം.പി സാലി സ്റ്റെഗല്‍ ആവശ്യപ്പെട്ടത്.

'തന്റെ ആവശ്യം പ്രത്യേക രാഷ്ട്രീയ അനുഭാവമുള്ള ആളുകള്‍ക്കെതിരേയല്ല. ഇത് നമ്മുടെ രാജ്യത്തെ സുരക്ഷിതമായി നിലനിര്‍ത്തുന്നതിനാണ്' - ഡട്ടണ്‍ വ്യക്തമാക്കി. പ്രധാനമന്ത്രി ആന്റണി അല്‍ബനീസ് ഓസ്ട്രേലിയന്‍ പൊതുജനങ്ങളെയാണ് പരാജയപ്പെടുത്തിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അതേസമയം, ഡട്ടണ്‍ കുടിയേറ്റകാര്യ മന്ത്രിയായിരുന്നപ്പോഴുണ്ടായിരുന്ന വിസാ സംവിധാനമാണ് ഇപ്പോഴുള്ളതെന്നും സമൂഹത്തില്‍ അനാവശ്യമായി വിള്ളലുണ്ടാക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് പ്രധാനമന്ത്രി ആന്റണി ആല്‍ബനീസി കുറ്റപ്പെടുത്തി.

ഷാഡോ ഇമിഗ്രേഷന്‍ മന്ത്രി ഡാന്‍ ടെഹാനും പ്രതിപക്ഷ നേതാവിന്റെ അഭിപ്രായത്തെ പിന്തുണച്ചു. 'കഴിഞ്ഞ നവംബറല്‍ ജയില്‍ മോചിതനായ ഒരു ഇമിഗ്രേഷന്‍ തടവുകാരന്‍ അടുത്തിടെ പെര്‍ത്ത് സ്വദേശിയായ സ്ത്രീയെ ആക്രമിച്ച സംഭവം നമുക്കു മുന്നിലുണ്ട്. സുരക്ഷാ പരിശോധനയിലെ വീഴ്ചകള്‍ മൂലമാണ് ഇതു സംഭവിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 'ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ല. അതിനാല്‍ ഞങ്ങള്‍ ചോദ്യങ്ങള്‍ ചോദിക്കും' - ടെഹാന്‍ പറഞ്ഞു.

ലേബര്‍ എംപിമാരായ ജോഷ് ബേണ്‍സും സാലി സിറ്റോയും ഡട്ടന്റെ അഭിപ്രായത്തെ വിമര്‍ശിച്ചു. ഓസ്ട്രേലിയന്‍ സമൂഹത്തെ വിഭജിക്കാനുള്ള ശ്രമമാണിതെന്ന് ഇവര്‍ കുറ്റപ്പെടുത്തുന്നു.

2023 ഒക്ടോബര്‍ ഏഴ് മുതല്‍ പാലസ്തീനികള്‍ക്ക് 2,922 വിസകള്‍ അനുവദിച്ചിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രി ടോണി ബര്‍ക്ക് പാര്‍ലമെന്റിലെ ചോദ്യോത്തര വേളയില്‍ സ്ഥിരീകരിച്ചു.

ഓസ്ട്രേലിയയിലേക്ക് പലായനം ചെയ്ത പാലസ്തീനികളെ കൂടുതല്‍ കാലം താമസിക്കാന്‍ അനുവദിക്കുന്നതിനായുള്ള വിസ ക്രമീകരണങ്ങള്‍ നടത്തുകയാണെന്നും ബര്‍ക്ക് വ്യക്തമാക്കി.

ഗാസയില്‍ നിന്ന് പലായനം ചെയ്ത് ഓസ്ട്രേലിയയില്‍ കഴിയുന്ന പാലസ്തീനികള്‍ക്ക് കര്‍ശനമയ സുരക്ഷാ പരിശോധനകള്‍ നടത്തണമെന്ന് ഷാഡോ ധനമന്ത്രി ജെയ്ന്‍ ഹ്യൂം സ്‌കൈ ന്യൂസിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

കഴിഞ്ഞ് ഒക്ടോബര്‍ ഏഴ് മുതല്‍ സന്ദര്‍ശക വിസയില്‍ എത്തുന്ന പാലസ്തീനികള്‍ക്കായി പുതിയ വിസ സ്‌കീം അവതരിപ്പിക്കാന്‍ ലേബര്‍ സര്‍ക്കാര്‍ തയ്യാറെടുക്കുമ്പോഴാണ് ശക്തമായ വിയോജിപ്പുമായി പ്രതിപക്ഷം രംഗത്തെത്തിയത്. ഗാസയില്‍ നിന്നുള്ള എല്ലാ വിസ അപേക്ഷകരും വിശദമായ സുരക്ഷാ പരിശോധനള്‍ക്ക് വിധേയമാകുന്നില്ലെന്ന (എഎസ്ഐഒ) ഡയറക്ടര്‍ ജനറര്‍ മൈക്ക് ബര്‍ഗെസിന്റെ വെളിപ്പെടുത്തലാണ് ഇപ്പോഴുള്ള വാക്‌പോരിന് കാരണമായിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.