തായ്ലൻഡിനൊരു സുന്ദരി പ്രധാനമന്ത്രി; ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയെന്ന ഖ്യാതിയും പയേതുങ്താൻ ഷിനവത്രയ്ക്ക് സ്വന്തം

തായ്ലൻഡിനൊരു സുന്ദരി പ്രധാനമന്ത്രി; ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയെന്ന ഖ്യാതിയും പയേതുങ്താൻ ഷിനവത്രയ്ക്ക് സ്വന്തം

ബാങ്കോക്ക്: തായ്‌ലാൻഡിന്റെ പുതിയ പ്രധാനമന്ത്രിയായി പയേതുങ്താൻ ഷിനവത്രയെ തിരഞ്ഞെടുത്തു. മുൻ പ്രധാനമന്ത്രിയും രാജ്യത്തെ കോടീശ്വരന്മാരിലൊരാളുമായ തക്സിൻ ഷിനവത്രയുടെ മകളാണ് 37 കാരിയായ പുതിയ പ്രധാനമന്ത്രി.

തായ്‌ലൻഡിന്റെ മുപ്പത്തിയൊന്നാമത് പ്രധാനമന്ത്രിയായാണ് പയേതുങ്താൻ ഷിനവത്ര തിരഞ്ഞെടുക്കപ്പെട്ടത്. രാജ്യത്ത് പ്രധാനമന്ത്രി സ്ഥാനത്തെത്തുന്ന രണ്ടാമത്തെ വനിത. ഏഷ്യയിലെ ഏറ്റവും പ്രായം കുറഞ്ഞ സർക്കാർ തലപ്പത്തിരിക്കുന്ന വനിത കൂടിയാണ് ഈ മുപ്പത്തിയേഴുകാരി.

എംപിയായോ മന്ത്രിയായോ ആയി തിരഞ്ഞെടുക്കപ്പെട്ടിട്ടില്ലാത്ത പയേതുങ്താൻ ഷിനവത്ര നേരിട്ടാണ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്തുന്നത്. 493 എംപിമാരാണ് തായ് പാർലമെന്റിലുള്ളത്. ഭരണഘടന അനുശാസിക്കുന്നത് പ്രകാരം പ്രധാനമന്ത്രിയാകാൻ ഒരു സ്ഥാനാർഥിക്ക് 248 വോട്ടുകളോ അതിൽ കൂടുതലോ ലഭിക്കണം. 319 പേരുടെ പിന്തുണ ലഭിച്ചുകൊണ്ടാണ് പയേതുങ്താൻ ഷിനവത്ര പ്രധാനമന്ത്രിയാകുന്നത്.

2006 ൽ അട്ടിമറിയിലൂടെ പുറത്തായെങ്കിലും തായ്ലാൻഡിൽ ശക്തമായ രാഷ്ട്രീയ സാന്നിധ്യമാണ് താക്സിൻ ഷിനവത്ര. ഷിനവത്ര കുടുംബത്തിൽ നിന്നും പ്രധാനമന്ത്രി ആകുന്ന നാലാമത്തെ വ്യക്തിയാണ് പയേതുങ്താൻ.

ജയിൽ ശിക്ഷ അനുഭവിച്ച അഭിഭാഷകനെ മന്ത്രിയായി നിയമിച്ചത് വഴി ഭരണഘടനാ ലംഘനം നടത്തിയെന്ന് ചൂണ്ടികാട്ടി പ്രധാനമന്ത്രിയായിരുന്ന ഫ്യൂ തായ് പാർട്ടിയുടെ സ്രെത്ത തവിസിനെ കോടതി പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെ നടന്ന രാഷ്ട്രീയ സംഭവ വികാസങ്ങൾക്കൊടുവിലാണ് പയേതുങ്താൻ ഷിനവത്ര പ്രധാനമന്ത്രി സ്ഥാനത്തേക്കെത്തുന്നത്.

അഞ്ച് വർഷത്തിലധികം അധികാരത്തിലിരുന്ന തക്​സിൻ ഷിനവത്രയെ അഴിമതിയും അധികാര ദുർവിനിയോഗവും ആരോപിച്ച് 2006 സെപ്റ്റംബറിൽ സൈനിക അട്ടിമറിയിലൂടെ പുറത്താക്കുകയായിരുന്നു. അഴിമതിക്കേസിൽ അറസ്റ്റ് ചെയ്യുമെന്ന് ഭയന്ന് 15 വർഷമായി വിദേശത്ത് കഴിയുകയായിരുന്ന ഷിനവത്ര പിന്നീട് നാട്ടിൽ തിരിച്ചെത്തി സുപ്രീം കോടതിയിലെത്തി അറസ്റ്റ് വരിക്കുകയായിരുന്നു. രാഷ്ട്രീയ പ്രതിസന്ധി അതിരൂക്ഷമായി തുടരുമ്പോഴാണ് പയേതുങ്താൻ ഷിനവത്രന്റെ പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള പ്രവേശനമെന്നതും ശ്രദ്ധേയം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.