സമൂഹ മാധ്യമങ്ങൾ സഭയെ പുനര്‍നിര്‍മിക്കാനുള്ള അവസരങ്ങളായി വിനിയോഗിക്കണം; സീന്യൂസ് ലൈവ് സെമിനാറില്‍ മാര്‍ ജോണ്‍ പനന്തോട്ടത്തില്‍

സമൂഹ മാധ്യമങ്ങൾ സഭയെ പുനര്‍നിര്‍മിക്കാനുള്ള  അവസരങ്ങളായി വിനിയോഗിക്കണം; സീന്യൂസ് ലൈവ് സെമിനാറില്‍ മാര്‍ ജോണ്‍ പനന്തോട്ടത്തില്‍

മെല്‍ബണ്‍: സമൂഹ മാധ്യമങ്ങളിലൂടെ സഭയെ പുനര്‍നിര്‍മിക്കാന്‍ ഓരോ വിശ്വാസിയും പരിശ്രമിക്കണമെന്ന് മെല്‍ബണ്‍ സിറോ മലബാര്‍ രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ പനന്തോട്ടത്തില്‍. 'മാധ്യമ അവബോധം ക്രിസ്തീയ ജീവിതത്തിന് അനിവാര്യം' എന്ന വിഷയത്തില്‍ സീന്യൂസ് ലൈവ് ഓസ്‌ട്രേലിയ സംഘടിപ്പിച്ച വെബ്ബിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബിഷപ്പ്‌.

'നീ പോയി എന്റെ പള്ളി പുതുക്കി പണിയണം' - നൂറ്റാണ്ടുകള്‍ക്കു മുന്‍പ് വിശുദ്ധ ഫ്രാന്‍സിസ് അസീസിയോട് യേശു പറഞ്ഞതാണിത്. കാലങ്ങള്‍ക്കു ശേഷം ദൈവം നമ്മോടും ആവശ്യപ്പെടുന്നത് ഇതാണ് - 'എന്റെ പള്ളി നിങ്ങള്‍ പണിയണം, അത് തകരാന്‍ അനുവദിക്കരുത്'. ദൈവത്തില്‍ മാത്രം ആശ്രയിച്ച് പ്രവര്‍ത്തിക്കുന്ന സീന്യൂസ് പോലെയുള്ള മാധ്യമങ്ങളെ സഭയെ പുനര്‍നിര്‍മിക്കാന്‍ ഉപയോഗപ്പെടുത്തണമെന്നും മാര്‍ ജോണ്‍ പനന്തോട്ടത്തില്‍ ആഹ്വാനം ചെയ്തു.


മാര്‍ ജോണ്‍ പനന്തോട്ടത്തില്‍ സെമിനാറില്‍ സംസാരിക്കുന്നു

'വിശുദ്ധ ഗ്രന്ഥത്തില്‍ തിന്മയായി പഠിപ്പിക്കുന്ന കാര്യങ്ങള്‍ ആധുനിക കാലത്ത് വ്യക്തിയുടെ അവകാശങ്ങളായാണ് പഠിപ്പിക്കുന്നത്. ഇതിന് മാധ്യമങ്ങളിലൂടെ വലിയ പ്രചാരണം ലഭിക്കുന്നതായി മാര്‍ ജോണ്‍ പനന്തോട്ടത്തില്‍ കുറ്റപ്പെടുത്തി. ദയാവധം, സ്വവര്‍ഗരതി, ഗര്‍ഭച്ഛിദ്രം എന്നിവ തിന്മയായി സഭ നമ്മെ പഠിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ഇവയൊക്കെ വ്യക്തിയുടെ അവകാശങ്ങളായാണ് ജനങ്ങളെ പഠിപ്പിക്കുന്നത്. ഇതിന് മാധ്യമങ്ങളുടെ പിന്തുണയും ലഭിക്കുന്നു.

സമൂഹ മാധ്യമങ്ങളിലൂടെ തെറ്റായ കാര്യങ്ങള്‍ ആവര്‍ത്തിച്ചുകാണുമ്പോള്‍ അതു നമ്മുടെ ഉള്ളിലെ നന്മയെ കെടുത്തിക്കളയുന്നു. സീന്യൂസ് പോലുള്ള മാധ്യമങ്ങള്‍ ഇത്തരം തിന്മയ്ക്കെതിരേയാണ് പൊരുതാന്‍ ശ്രമിക്കുന്നത്. സമൂഹ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന കാര്യങ്ങളില്‍ സത്യം ഐന്തന്ന് വേര്‍തിരിച്ചറിയാനാണ് നാം ശ്രമിക്കേണ്ടതെന്നും ബിഷപ്പ് ഓര്‍മിപ്പിച്ചു.

'പാശ്ചാത്യ രാജ്യങ്ങളിലും ഓസ്ട്രേലിയ, ന്യൂഡിലന്‍ഡ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലും സെക്യുലറിസം എന്ന ആശയം വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ദൈവവും മതങ്ങളും വേണ്ടെന്നാണ് നിലപാട്. കാര്‍ട്ടൂണുകള്‍ പുറമേ ആകര്‍ഷമായി തോന്നുമെങ്കിലും അതിന്റെ ഉള്ളടക്കത്തിലൂടെ പടച്ചുവിടുന്നത് മതവും ദൈവവുമില്ലെന്ന ആശയങ്ങളാണ്. ഇത് ഇളംതലമുറുകളെ നെഗറ്റീവായി സ്വാധീനിക്കുന്നു. ഈ സാഹചര്യത്തില്‍ നന്മയ്ക്ക് വേണ്ടി നാം നിരന്തരം ശബ്ദിച്ചുകൊണ്ടിരിക്കണമെന്ന് പിതാവ് ഓര്‍മിപ്പിച്ചു.

'എന്നെ ഏറെ അത്ഭുതപ്പെടുത്തിയ മൂന്നു കണ്ടുപിടിത്തങ്ങളാണ് ടെലിവിഷന്‍, മൊബൈല്‍ ഫോണ്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്. നമുക്ക് ചിന്തിക്കാന്‍ സാധിക്കുന്നതിന് അപ്പുറമുള്ള കാര്യങ്ങളാണ് ഇന്നു സംഭവിച്ചുകൊണ്ടിരിക്കുന്നത്. അറവിന്റെ വിസ്ഫോടനമാണ് ഇന്നു നടക്കുന്നത്. പണ്ട് അറിവിനു വേണ്ടി ലൈബ്രറികള്‍ തോറും അന്വേഷിച്ചു നടക്കുമ്പോള്‍ ഇന്നത് വിരല്‍ത്തുമ്പില്‍ ലഭിക്കുന്നു. മാധ്യമങ്ങളിലൂടെ നമുക്കു ധാരാളമായി ലഭിക്കുന്ന അറിവുകളില്‍ നന്മയും തിന്മയുമുണ്ട്. അതിന്റെ തെരഞ്ഞെടുപ്പ് നമ്മുടെ കൈയിലാണ്.

നല്ല ആശയങ്ങളെ തിന്മ ആവേശിച്ചിരിക്കുന്നു. സമൂഹ മാധ്യമങ്ങളിലൂടെ സഭയെ, വ്യക്തികളെ നശിപ്പിക്കാന്‍ വളരെ ആസൂത്രിതമായി വാര്‍ത്തകള്‍ പടച്ചുവിടുന്നു. ഇത് ഒരു തവണ പരിശോധിക്കുമ്പോള്‍ വീണ്ടും അത്തരം വാര്‍ത്തകള്‍ തന്നെ നമുക്കു മുന്നിലേക്ക് നിര്‍മിത ബുദ്ധി ആവര്‍ത്തിച്ച് ഇട്ടുതരുന്നു. അതു വിശ്വസിക്കുന്ന നിലയിലേക്ക് നമ്മുടെ തലച്ചോറിനെ നിയന്ത്രിക്കുന്നു.

ക്രിസ്തീയ ജീവിതത്തില്‍ മാധ്യമങ്ങളുടെ പ്രാധാന്യം എന്താണെണ് തിരിച്ചറിയണം. ദൈവവുമായുള്ള പാലം പുനസ്ഥാപിക്കാനും സുവിശേഷ മൂല്യങ്ങള്‍ പകര്‍ന്നുകൊടുക്കാനുമുള്ള മാര്‍ഗമായി മാധ്യമങ്ങള്‍ മാറണമെന്നും മാര്‍ ജോണ്‍ പനന്തോട്ടത്തില്‍ പറഞ്ഞു.



സൂമിലൂടെയാണ് സെമിനാര്‍ സംഘടിപ്പിച്ചത്. സീന്യൂസ് ലൈവ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ ലിസി കെ ഫെര്‍ണാണ്ടസ് ആമുഖ പ്രഭാഷണം നടത്തി. അഡൈ്വസറി എഡിറ്റര്‍ പ്രകാശ് ജോസഫ് ക്ലാസെടുത്തു. ലോകമെമ്പാടും വിശ്വാസത്തിന്റെ പേരില്‍ ക്രൈസ്തവര്‍ നേരിടുന്ന പീഡനങ്ങളെക്കുറിച്ച് സംസാരിച്ചു. നിക്കരാഗ്വേ, നൈജീരിയ, മണിപ്പൂര്‍, അന്തരിച്ച മുന്‍ ഓസ്‌ട്രേലിയന്‍ കര്‍ദിനാള്‍ ജോര്‍ജ്‌ പെല്‍, ഒളിമ്പിക്സ് ഉദ്ഘാടനച്ചടങ്ങിലെ തിരുവത്താഴ അധിക്ഷേപം എന്നീ ഉദാഹരണങ്ങള്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം പീഡനങ്ങള്‍ക്കെതിരേ ക്രൈസ്തവര്‍ ഒറ്റക്കെട്ടായി പ്രതികരിക്കേണ്ടത് എങ്ങനെയെന്നും അദ്ദേഹം വിശദീകരിച്ചു.

ഷെറിന്‍ ജോസഫ് (സീന്യൂസ് ലൈവ് ദേശീയ എക്സിക്യൂട്ടീവ് അംഗം വെല്ലിങ്ടണ്‍, ന്യൂസീലന്‍ഡ്), ഷാജി സ്രാമ്പിക്കല്‍ (സീന്യൂസ് ലൈവ് നാഷണല്‍ കോ-ഓര്‍ഡിനേറ്റര്‍, ഓക് ലന്‍ഡ്, ന്യൂസിലന്‍ഡ്), ജോണ്‍സണ്‍ ജോര്‍ജ് (മെല്‍ബണ്‍ എപാര്‍ക്കി ഫിനാന്‍സ് ഓഫീസര്‍), ജോണിക്കുട്ടി (കാത്തലിക് കോണ്‍ഗ്രസ് നാഷണല്‍ കോ-ഓര്‍ഡിനേറ്റര്‍, ഓസ്ട്രേലിയ), ജോണ്‍ സ്റ്റീഫന്‍ (ഓസ്ട്രേലിയന്‍ ക്രിസ്ത്യന്‍ കോണ്‍ഫെഡറേഷന്‍), ആന്റോ ജോസഫ് കണ്ണമ്പള്ളില്‍ (ബ്രിസ്ബെയ്ന്‍) എന്നിവര്‍ സെമിനാറില്‍ ആശംസകള്‍ അര്‍പ്പിച്ചു.

സീന്യൂസ് ലൈവ് റീഡേഴ്‌സ് ഫോറം ദേശീയ സെക്രട്ടറി ജോളി രാജു സ്വാഗതവും സീന്യൂസ് ലൈവ് റീഡേഴ്‌സ് ഫോറം നാഷണല്‍ കോര്‍ഡിനേറ്റര്‍ മാത്യു മത്തായി നന്ദിയും രേഖപ്പെടുത്തി. ബ്രിസ്‌ബെയ്‌നിലെ തൂവൂംബ സെന്റ്. മേരീസ് സിറോ മലബാര്‍ മിഷന്‍ ചാപ്ലെയിന്‍ ഫാ. തോമസ് അരീക്കുഴി സമാപന പ്രാര്‍ത്ഥനയും ആശീര്‍വാദവും നല്‍കി.

മനേഷ് ജെയിംസ്, റൈസണ്‍ ജോസ്, അഭിലാഷ് തോമസ്, റോയ്സ് ജോസഫ്, ജനോഷ് സെബാസ്റ്റ്യന്‍, സിമി ജനോഷ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. ജെയ്‌മോള്‍ മനേഷ് പ്രാര്‍ത്ഥനാ ഗാനം ആലപിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.