മാതഗൽപ രൂപതയെ പൂർണമായും ഇല്ലാതാക്കാനുള്ള ശ്രമം?; നിക്കരാഗ്വയിൽ വൈദികരെ അകാരണമായി അറസ്റ്റ് ചെയ്യുന്നത് തുടരുന്നു

മാതഗൽപ രൂപതയെ പൂർണമായും ഇല്ലാതാക്കാനുള്ള ശ്രമം?; നിക്കരാഗ്വയിൽ വൈദികരെ അകാരണമായി അറസ്റ്റ് ചെയ്യുന്നത് തുടരുന്നു

മനാ​ഗ്വ: നിക്കരാഗ്വയിലെ സ്വേച്ഛാധിപത്യ ഭരണകൂടം സഭയെ ഉപദ്രവിച്ച് കൊണ്ടിരിക്കുന്നത് തുടരുന്നു. ഡാനിയൽ ഒർട്ടേഗയുടെയും ഭാര്യ റൊസാരിയോ മുറില്ലോയുടെയും സ്വേച്ഛാദിപത്യം മൂലം മാതഗൽപ്പ രൂപതയിലെ വൈദികനായ ഫാ. ഡാനി റോബർട്ടോ ഗാർസിയയെ അകരണമായി അറസ്റ്റ് ചെയ്തു

ഫാ. ഗാർസിയ ഇടവക പുരോഹിതനായ മുയ് മുയ് മുനിസിപ്പാലിറ്റിയിലെ സാൻ ജുവാൻ ബൗട്ടിസ്റ്റയിലെ ഇടവകകളുടെ റെക്‌ടറികൾ ഉപരോധിച്ചതിന് ശേഷം ഓഗസ്റ്റ് 15 ന് രാത്രിയാണ് പൊലിസ് അറസ്റ്റ് ചെയ്തതെന്ന് നിക്കരാഗ്വൻ പത്രമായ മൊസൈക്കോ പറയുന്നു.

ഓഗസ്റ്റ് ഏഴിന് മറ്റ് ആറ് വൈദികർക്കൊപ്പം റോമിലേക്ക് അയച്ച മോൺസിഞ്ഞോർ യുലിസെസ് റെനെ വേഗ മാറ്റമോറോസിന്റെ നാടുകടത്തലിനെ തുടർന്ന് ഫാദർ ഗാർസിയ ശുശ്രൂഷ ചെയ്യുന്ന രണ്ടാമത്തെ ഇടവകയാണിത്. മാതഗൽപ രൂപതയെ പൂർണമായും തുടച്ച് നീക്കാൻ ഭരണകൂടം ഉദ്ദേശിക്കുന്നതിന്റെ ഭാഗമാണോ അടിക്കടിയുള്ള അറസ്റ്റുകളെന്ന സംശയം സഭാനേതൃത്വത്തിന്റെ ഇടയിൽ ബലപ്പെടുന്നുണ്ട്.

അതേ സമയം 2018 മുതൽ 2024 ജൂലൈ വരെ കത്തോലിക്കാ സഭയ്‌ക്കെതിരെ സ്വേച്ഛാധിപത്യ ഭരണകൂടം 870 ആക്രമണങ്ങളാണ് നടത്തിയിട്ടുള്ളത്. മനുഷ്യാവകാശ ഗ്രൂപ്പായ നിക്കരാഗ്വ നുങ്കാ മാസും ഗവേഷക മാർത്ത പട്രീഷ്യ മൊലിനയുമാണ് ഇതുസംബന്ധിച്ച റിപ്പോട്ടുകൾ പ്രസിദ്ധീകരിച്ചത്.

2024 ഏപ്രിലിനും ജൂലൈയ്ക്കും ഇടയിലുള്ള കാലയളവിൽ ഒർട്ടെഗ-മുറില്ലോ ഭരണകൂടം വിശ്വാസികൾക്കും മത നേതാക്കൾക്കുമെതിരായ പീഡനം വർധിപ്പിച്ചിരിക്കുന്നുവെന്ന് റിപ്പോർട്ടിൽ വെളിപ്പെടുത്തുന്നു. ഈ ആക്രമണങ്ങൾ വൈദികർ, ബിഷപ്പുമാർ, സമർപ്പിതർ, ഇടവകാംഗങ്ങൾ എന്നിവർക്കെതിരെയാണ് കൂടുതലായും നടക്കുന്നത്. എന്നാൽ കത്തോലിക്കാ സഭയ്‌ക്കെതിരെ മാത്രമല്ല, ഇവാഞ്ചലിക്കൽ സഭയ്‌ക്കെതിരെയും ആക്രമണങ്ങൾ ഉണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ഓഗസ്റ്റ് 12 ന് അടച്ച 15 എണ്ണം ഉൾപ്പെടെ കത്തോലിക്കാ സഭയുടെ 420 സ്ഥാപനങ്ങൾ അടച്ചുപൂട്ടി. കാരിത്താസ് മാതഗൽപ്പയുടെയും അഞ്ച് ക്രിസ്ത്യൻ പള്ളികളുടെയും നിയമപരമായ പദവിയും ഭരണകൂടം റദ്ദാക്കിയിരുന്നു.

ഈ ഭരണകൂടം കുറഞ്ഞത് 22ഓളം മത മാധ്യമ സ്ഥാപനങ്ങൾ കണ്ടുകെട്ടിയിട്ടുണ്ട്. 51 വൈദികരെ വിചാരണ കൂടാതെ നാടുകടത്തുകയും താമസിക്കാനുള്ള അവരുടെ അവകാശങ്ങളും സഞ്ചാര സ്വാതന്ത്ര്യവും നിഷേധിക്കുകയും ചെയ്തു. ഈ വർഷം ആദ്യത്തെ നാല് മാസങ്ങളിൽ 34 വൈദികരെ രാജ്യം വിടാൻ നിർബന്ധിതരാക്കി. 2018 മുതൽ 91 സന്യാസിനിമാർ ഉൾപ്പെടെ 222 സന്യാസികളെയെങ്കിലും നാടുകടത്തിയിട്ടുണ്ട്.

മനുഷ്യാവകാശ സംരക്ഷകനും സ്വേച്ഛാധിപത്യത്തിന്റെ വിമർശകനുമായ ബിഷപ്പ് റൊളാൻഡോ അൽവാരസിന്റെ രൂപതയാണ് മാതഗൽപ്പ. 26 വർഷം തടവിന് ശിക്ഷിക്കപ്പെട്ട അദേഹത്തെ ഈ വർഷം ജനുവരിയിൽ റോമിലേക്ക് നാട് കടത്തി. അദേഹം ഇപ്പോൾ അവിടെ പ്രവാസത്തിൽ കഴിയുകയാണ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.