തിരുവനന്തപുരം: പാലാ സീറ്റ് നല്‍കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ എന്‍സിപി ദേശീയ നേതാവ് പ്രഫുല്‍ പട്ടേലിനെ അറിയിച്ചതോടെ എന്‍സിപിയില്‍ പിളര്‍പ്പ് ഉറപ്പായി. മാണി സി. കാപ്പന്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി പാലായില്‍ മല്‍സരിക്കും.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ കേരള യാത്ര പാലായില്‍ എത്തുമ്പോള്‍ തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കാനുള്ള നീക്കമാണ് നടക്കുന്നത്. പാര്‍ട്ടിയിലെ ഒരു വിഭാഗം മാണി സി കാപ്പന് ഒപ്പമുണ്ട്. മുന്നണി തീരുമാനം മുഖ്യമന്ത്രി അറിയിച്ച സാഹചര്യത്തില്‍ തുടര്‍ നീക്കങ്ങള്‍ ചര്‍ച്ച ചെയ്യാനായി എന്‍സിപി സംസ്ഥാന പ്രസിഡന്റ് ടി പി പീതാംബരനെ എന്‍സിപി ദേശീയ നേതൃത്വം അടിയന്തരമായി ഡല്‍ഹിയ്ക്ക് വിളിപ്പിച്ചു.
ഇന്നു തന്നെ പീതാംബരനും ശരദ് പവാര്‍, പ്രഫുല്‍ പട്ടേല്‍ അടക്കമുള്ള നേതാക്കളുമായി ചര്‍ച്ച നടന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മാണി സി കാപ്പന്‍ എംഎല്‍എ ഡല്‍ഹിയിലുണ്ട്. പാലാ സീറ്റ് നല്‍കാനാകില്ലെന്നും മാണി സി കാപ്പന് കുട്ടനാട് മത്സരിക്കാമെന്നുമാണ് പിണറായി വിജയന്‍ പ്രഫുല്‍ പട്ടേലിനോട് പറഞ്ഞത്. എന്നാല്‍ കുട്ടനാട്ടില്‍ മത്സരിക്കാനില്ലെന്ന നിലപാടിലാണ് കാപ്പന്‍.
സിറ്റിംഗ് സീറ്റ് പോലും നല്‍കാനാകാത്ത സാഹചര്യത്തില്‍ അവഗണന സഹിച്ച് എന്‍സിപി എല്‍ഡിഎഫില്‍ തുടരാന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍. പാലയോ രാജ്യസഭാ സീറ്റോ നല്‍കാല്ലെന്ന തീരുമാനമാണ് സിപിഎം അറിയിച്ചത്. ഫോണില്‍ വിളിച്ചാണ് പ്രഫുല്‍ പട്ടേലിനോട് പിണറായി ഇക്കാര്യം പറഞ്ഞത്. ഇതോടെ സിപിഎം നേതൃത്വവുമായി ചര്‍ച്ചയ്ക്കായി കേരളത്തിലേക്ക് വരാനിരിക്കുന്ന പ്രഫുല്‍ പട്ടേല്‍ യാത്ര റദ്ദാക്കി. ഇതിനിടെ എന്‍സിപിയുടെ ഇലത്തൂര്‍ സീറ്റും ഏറ്റെടുക്കാനൊരുങ്ങുകയാണ് സിപിഎം.
അതേസമയം ശശീന്ദ്രന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം ഇടതിനൊപ്പം നില്‍ക്കും. പത്ത് ജില്ലാ കമ്മറ്റികള്‍ ഒപ്പമുണ്ടെന്നാണ് ശശീന്ദ്രന്‍ വിഭാഗം അവകാശപ്പെടുന്നത്. മാണി സി കാപ്പന്‍ വന്നാല്‍ സ്വീകരിക്കാന്‍ തയ്യാറാണെന്നും തെരഞ്ഞെടുപ്പിന് മുന്നോടിയായി പലരും എല്‍ഡിഎഫ് വിടുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.