പോര്‍ട്ട് മോറെസ്ബി: ഫ്രാന്‍സിസ് പാപ്പയുടെ വരവിനായി ഭൗതികമായി ഒരുങ്ങുന്നതിനൊപ്പം ആത്മീയമായുമുള്ള തയാറെടുപ്പിലാണ് പാപുവ ന്യൂ ഗിനിയയിലെ കത്തോലിക്കാ സമൂഹം. മാര്‍പാപ്പായുടെ സന്ദര്‍ശനത്തിനു മുന്നോടിയായി സെപ്റ്റംബര്‍ ആറിന് ആരാധനയും മെഴുകുതിരി പ്രദക്ഷിണവും സംഘടിപ്പിച്ചിരിക്കുകയാണ് പ്രാദേശിക സഭ.
സെപ്റ്റംബര്‍ ആറ് മുതല്‍ ഒമ്പതു വരെയുള്ള തീയതികളിലാണ് പാപ്പുവ ന്യൂ ഗിനിയയില്‍ പാപ്പ സന്ദര്‍ശനം നടത്തുന്നത്.
'ഈ സന്ദര്‍ശനം നമുക്കും മാര്‍പാപ്പയ്ക്കും അവിസ്മരണീയമാണെന്ന് ഉറപ്പാക്കാന്‍ തയ്യാറെടുപ്പ് പ്രധാനമാണ്. 87-ാം വയസില്‍ ആരോഗ്യപ്രശ്നങ്ങള്‍ക്കിടയിലും അദ്ദേഹം പാപുവ ന്യൂ ഗിനിയ സന്ദര്‍ശിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചു. അതൊരു വലിയ കാര്യമാണ്' - കര്‍ദിനാള്‍ സര്‍ ജോണ്‍ റിബാറ്റ് പറഞ്ഞു. രാജ്യം നേരിടുന്ന വെല്ലുവിളികള്‍ക്കിടയിലും മാര്‍പാപ്പയുടെ പാപുവ ന്യൂ ഗിനിയയിലേക്കുള്ള യാത്ര അനുഗ്രഹങ്ങളും പ്രത്യാശയും നല്‍കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പരിശുദ്ധ പിതാവിന്റെ ത്രിദിന സന്ദര്‍ശനത്തോടനുബന്ധിച്ചുള്ള ആദ്യ ഔദ്യോഗിക പരിപാടിയായിരിക്കും പ്രദക്ഷിണമെന്ന് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
ഓസ്ട്രേലിയക്ക് വടക്കും ഇന്തൊനീഷ്യയ്ക്കു കിഴക്കുമായി സ്ഥിതി ചെയ്യുന്ന രാജ്യമാണ് പാപുവ ന്യൂഗിനിയ. 1984-ലും 1995-ലും സന്ദര്‍ശിച്ച ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയ്ക്കു ശേഷം പാപുവ ന്യൂ ഗിനിയ സന്ദര്‍ശിക്കുന്ന രണ്ടാമത്തെ പാപ്പയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ.
സെപ്റ്റംബര്‍ ഏഴിന് പാപുവ ന്യൂ ഗിനിയയിലെ തന്റെ ആദ്യ സന്ദര്‍ശന ദിനത്തില്‍ തെരുവ് കുട്ടികളെയും ഭിന്നശേഷിയുള്ളവരെയും പരിപാലിക്കുന്ന സ്ഥാപനം സന്ദര്‍ശിക്കും. പുരോഹിതന്മാര്‍, മതനേതാക്കള്‍, മതബോധന അധ്യാപകര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തും.
ഞായറാഴ്ച തലസ്ഥാനമായ പോര്‍ട്ട് മോറെസ്ബിയിലെ സര്‍ ജോണ്‍ ഗൈസ് സ്റ്റേഡിയത്തില്‍ നടക്കുന്ന വിശുദ്ധ കുര്‍ബാനയില്‍ കാര്‍മികത്വം വഹിക്കും. പാപുവ ന്യൂ ഗിനിയയുടെ പ്രധാനമന്ത്രി ജെയിംസ് മറാപ്പെയുമായി കൂടിക്കാഴ്ച നടത്തും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.