അബൂജ: നൈജീരിയയിലെ ബെന്യൂവിൽ അടുത്തിടെ നടന്ന ആക്രമണങ്ങളിൽ എഴുപതിലധികം ക്രൈസ്തവര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഫുലാനി ഗോത്രവിഭാഗക്കാർ പ്രാദേശിക കൊള്ളക്കാരുടെ സഹായത്തോടെ ഓഗസ്റ്റ് എട്ടിന് ക്രൈസ്തവര്‍ തിങ്ങി പാര്‍ക്കുന്ന ഗ്രാമമായ അയതി ആക്രമിക്കുകയും 74 പേരെ കൊലപ്പെടുത്തുകയും ചെയ്തെന്ന് റിപ്പോർട്ടിൽ പറയുന്നു.
ക്രൈസ്തവര്‍ കൂടുതലായി അധിവസിക്കുന്ന പ്രദേശങ്ങള്‍ മുസ്ലീം ഫുലാനി വംശീയ വിഭാഗത്തിൽപ്പെട്ട ഇടയന്മാരുടെ ആക്രമണങ്ങളാലും ബോക്കോ ഹറാം, ഇസ്ലാമിക് സ്റ്റേറ്റിൻ്റെ പശ്ചിമാഫ്രിക്കൻ പ്രവിശ്യ തുടങ്ങിയ ഇസ്ലാമിക സംഘടനകളുടെ ആക്രമണങ്ങളാലും നാമാവശേഷമായിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ഒന്നര ദശകത്തിനിടെ നിരവധി കത്തോലിക്ക വൈദികര്‍ ഉള്‍പ്പെടെ അരലക്ഷത്തിലധികം ക്രൈസ്തവര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ഫുലാനി തീവ്രവാദികൾ, ഇസ്ലാമിക വിമതർ എന്നിവരിൽ നിന്ന് ക്രൈസ്തവര്‍ തുടര്‍ച്ചയായി പീഡനം നേരിടുകയാണ്. രാജ്യത്തിൻ്റെ വടക്കൻ ഭാഗത്ത് മതനിന്ദ നിയമങ്ങളും ശരിയത്ത് ക്രിമിനൽ കോഡുകളും നടപ്പിലാക്കുന്നതിലൂടെ നൈജീരിയൻ സർക്കാർ ക്രൈസ്തവരുടെ മേൽ വ്യവസ്ഥാപിതമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നുണ്ടെന്ന് നേരത്തെ തന്നെ ആരോപണമുണ്ടായിരിന്നു.
കന്നുകാലികളെ മേയ്ക്കാൻ കൃഷിഭൂമിയിലേക്കു പ്രവേശിക്കുന്നതിന് ഫുലാനി തീവ്രവാദികൾ കൊള്ളക്കാർക്ക് പണം നൽകി. എന്നാൽ, ക്രിസ്ത്യൻ ഗ്രാമ വാസികൾ അവരെ പോകാൻ നിർബന്ധിച്ചതിനെ തുടർന്ന് കൂട്ടക്കൊല നടത്താൻ തീവ്രവാദികൾ തീരുമാനിക്കുകയായിരുന്നു. ആക്രമണത്തെ തുടർന്ന് കാണാതായവർക്കായി സമൂഹം ഇപ്പോഴും തിരച്ചിൽ നടത്തുന്നുണ്ടെന്നും മരണസംഖ്യ നിലവിൽ റിപ്പോർട്ട് ചെയ്തതിനെക്കാൾ കൂടുതലായിരിക്കാമെന്നും ബ്രിട്ടീഷ് മാധ്യമമായ ‘ദ സൺ’ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.
ക്രിസ്ത്യാനികൾക്ക് ഏറ്റവും അപകടകരമായ രാജ്യമാണ് നൈജീരിയയെന്ന് റിലീജിയസ് ഫ്രീഡം ഇൻസ്റ്റിറ്റ്യൂട്ടിന്റെ വക്താവ് നഥാൻ ബെർക്ക്‌ലി പറഞ്ഞു. 2022 ൽ അയ്യായിരത്തിലധികം ക്രിസ്ത്യാനികൾ കൊല്ലപ്പെടുകയും മൂവായിരത്തിലധികം പേരെ തട്ടിക്കൊണ്ട് പോകുകയും ചെയ്തു. 2023 ൽ 8,000 നൈജീരിയൻ ക്രിസ്ത്യാനികൾ കൊല്ലപ്പെട്ടു. നൈജീരിയയിൽ ക്രിസ്ത്യാനികൾ നിരന്തരം ഭീഷണിപ്പെടുത്തലിനും തട്ടിക്കൊണ്ടുപോകലിനും കൊലപാതകങ്ങൾക്കും വിധേയരാകുന്നു. പ്രദേശം വിട്ടുപോകാൻ അവരെ നിർബന്ധിക്കുന്നതിനായി അവരുടെ ഭൂമി തട്ടിയെടുക്കുന്നതുൾപ്പെടെയുള്ള അക്രമണങ്ങളാണ് നടക്കുന്നതെന്നും ബെർക്ക്‌ലി വെളിപ്പെടുത്തി
ഓഗസ്റ്റ് 15 ന് എനുഗുവിൽ ഫെഡറേഷൻ ഓഫ് കാത്തലിക് മെഡിക്കൽ ആൻഡ് ഡെൻ്റൽ സ്റ്റുഡൻ്റ്സ് സംഘടിപ്പിച്ച കോൺഫറൻസിലേക്ക് പോകുന്നതിനിടെ ബെന്യൂ സംസ്ഥാനത്തു നിന്നു 20 നൈജീരിയൻ മെഡിക്കൽ അസോസിയേഷൻ വിദ്യാർത്ഥികളെ തട്ടിക്കൊണ്ടുപോയിരിന്നു. ഫെഡറേഷന്‍ ഓഫ് കാത്തലിക് മെഡിക്കല്‍ ആന്‍ഡ് ഡെന്റല്‍ സ്റ്റുഡന്റ്‌സ് ആണ് സംഭവം വെളിപ്പെടുത്തിയത്. ഇവരുടെ മോചനം ഉറപ്പാക്കാന്‍ ഇടപെടല്‍ ആരംഭിച്ചിട്ടുണ്ട്. ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായ നൈജീരിയയില്‍ ഇസ്ലാമിക തീവ്രവാദികള്‍ ക്രൈസ്തവരെ തട്ടിക്കൊണ്ടുപോകുന്നത് വ്യാപകമായിരിക്കുകയാണെന്ന് കത്തോലിക്കാ മെത്രാന്മാര്‍ ചൂണ്ടിക്കാട്ടി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.