ജമ്മു കാശ്മീര്‍ തിരഞ്ഞെടുപ്പ്: നിര്‍ണായക നീക്കവുമായി കോണ്‍ഗ്രസ്; നാഷണല്‍ കോണ്‍ഫറന്‍സുമായി സഖ്യം

ജമ്മു കാശ്മീര്‍ തിരഞ്ഞെടുപ്പ്: നിര്‍ണായക നീക്കവുമായി കോണ്‍ഗ്രസ്; നാഷണല്‍ കോണ്‍ഫറന്‍സുമായി  സഖ്യം

ശ്രീനഗര്‍: പത്ത് വര്‍ഷത്തിന് ശേഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ജമ്മു കാശ്മീരില്‍ നിര്‍ണായക നീക്കവുമായി കോണ്‍ഗ്രസ്. പ്രമുഖ പ്രാദേശിക പാര്‍ട്ടിയായ നാഷണല്‍ കോണ്‍ഫറന്‍സുമായി കൈകോര്‍ത്ത് ബിജെപിയുടെ നീക്കങ്ങളെ ചെറുക്കാനുള്ള ശ്രമത്തിലാണ് പാര്‍ട്ടി.

ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രണ്ട് ദിവസമായി ജമ്മു കാശ്മീരിലുണ്ട്. സീറ്റ് വിഭജന ചര്‍ച്ചകള്‍ നടക്കുകയാണെന്നും ഇരു പാര്‍ട്ടികളും ഒന്നിക്കാന്‍ തത്വത്തില്‍ സമ്മതിച്ചിട്ടുണ്ടെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു.

ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും തിരഞ്ഞെടുപ്പ് സഖ്യമില്ലെന്ന് നാഷനല്‍ കോണ്‍ഫറന്‍സ് പ്രസിഡന്റ് ഫാറൂഖ് അബ്ദുല്ല അടുത്തിടെ പറഞ്ഞിരുന്നു. എന്നാല്‍ കോണ്‍ഗ്രസുമായി സഖ്യം സംബന്ധിച്ച് ചര്‍ച്ചകള്‍ ആരംഭിക്കാന്‍ പാര്‍ട്ടി തയാറാണെന്ന് മകന്‍ ഉമര്‍ അബ്ദുല്ല വ്യക്തമാക്കിയ സാഹചര്യത്തിലാണ് സഖ്യ ചര്‍ച്ചകള്‍ ഇപ്പോള്‍ പുരോഗമിക്കുന്നത്.

സഖ്യവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നാഷണല്‍ കോണ്‍ഫറന്‍സിന്റെയും കോണ്‍ഗ്രസിന്റേയും നേതാക്കള്‍ ശ്രീനഗറില്‍ ഇന്നലെ രാത്രി യോഗം ചേര്‍ന്നിരുന്നു. ഇരു പാര്‍ട്ടികളും തമ്മിലുള്ള സീറ്റ് വിഭജനമാണ് യോഗത്തില്‍ പ്രധാനമായും ചര്‍ച്ചയായത്.
എന്നാല്‍ സീറ്റ് വിഭജനം സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല. രണ്ട് ദിവസത്തിനുള്ളില്‍ ഒരുവട്ടം കൂടി ചര്‍ച്ച നടക്കുമെന്നും അതില്‍ കൃത്യമായ ധാരണയിലെത്തുമെന്നുമാണ് സൂചന.

അതേസമയം തിരഞ്ഞെടുപ്പില്‍ താഴേത്തട്ടിലുള്ള ഒരുക്കങ്ങളെ കുറിച്ച് പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്ന് രാഹുലും ഖാര്‍ഗെയും അഭിപ്രായം തേടും. ബിജെപിക്കും അതിന്റെ നയങ്ങള്‍ക്കും എതിരായ ഏത് പാര്‍ട്ടിയുമായോ വ്യക്തിയുമായോ കൈകോര്‍ക്കാന്‍ തയ്യാറാണെന്ന് ജമ്മു കാശ്മീര്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് താരിഖ് ഹമീദ് കരാ ചൊവ്വാഴ്ച വ്യക്തമാക്കിയിരുന്നു.

സംസ്ഥാനത്തെ 90 സീറ്റുകളിലേക്ക് സെപ്റ്റംബര്‍ 18, 25, ഒക്ടോബര്‍ ഒന്ന് എന്നീ തിയതിളിലാണ് വോട്ടെടുപ്പ്. ഒക്ടോബര്‍ നാലിനാണ് വോട്ടെണ്ണല്‍. 2014 ലാണ് ജമ്മു കശ്മീരില്‍ അവസാനമായി നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.