ലക്സംബര്‍ഗ്: ഫ്രാൻസിസ് മാർപാപ്പയെ സ്വീകരിക്കാനൊരുങ്ങി ബെൽജിയം. ബ്രസൽസിലെ കിങ് ബൗഡോയിൻ സ്റ്റേഡിയത്തിൽ ഫ്രാൻസിസ് മാർപാപ്പ അര്‍പ്പിക്കുന്ന വിശുദ്ധ കുർബാനയില്‍ പങ്കെടുക്കുവാനായി വിതരണം ചെയ്ത ടിക്കറ്റുകൾ വിറ്റഴിഞ്ഞത് ക്ഷണനേരം കൊണ്ട്. വെറും 90 മിനിറ്റിനുള്ളിൽ 32,000 ടിക്കറ്റുകളും തീർന്നെന്ന് സംഘാടകര്‍ അറിയിച്ചു.
മാർപാപ്പയുടെ ബലിയര്‍പ്പണത്തില്‍ പങ്കുചേരാന്‍ ഇത്രയധികം തിരക്ക് ഉണ്ടെന്ന് കരുതിയിരിന്നില്ല. ഇത് തങ്ങളെ ആശ്ചര്യപ്പെടുത്തിയെന്ന് ബെൽജിയൻ ബിഷപ്പ് കോൺഫറൻസിൻ്റെ വക്താവ് ടോമി ഷോൾട്ട്സ് പറഞ്ഞു. ആവിലയിലെ വിശുദ്ധ അമ്മ ത്രേസ്യയുടെ ആത്മീയ മകളും സെൻ്റ് ജോൺ ഓഫ് ദി ക്രോസിൻ്റെ സുഹൃത്തുമായ കർമ്മലീത്ത സന്യാസിനി സിസ്റ്റർ അന ഡി ജീസസിനെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്ന ചടങ്ങും അന്നേ ദിവസം നടക്കും.
അധികാരമേറ്റെടുത്തതിന് ശേഷമുള്ള ഫ്രാൻസിസ് മാർപാപ്പയുടെ ഏറ്റവും ദൈർഘ്യമേറിയ വിദേശ പര്യടനമാണ് സെപ്റ്റംബറിൽ നടക്കുക. സെപ്റ്റംബർ രണ്ട് മുതൽ 13 വരെ നടക്കുന്ന തീയതികള്‍ക്കിടെ ഫ്രാൻസിസ് മാർപാപ്പ ഇന്തോനേഷ്യ, ഈസ്റ്റ് ടിമൂർ, പാപ്പുവ ന്യൂഗിനിയ, സിംഗപ്പുർ എന്നീ നാലു രാജ്യങ്ങൾ സന്ദർശിക്കുന്നുണ്ട്. സെപ്റ്റംബർ 26 മുതല്‍ 29 വരെയാണ് പാപ്പ ബെല്‍ജിയം സന്ദര്‍ശിക്കുക.
ഫ്രാന്‍സിസ് മാർപാപ്പയുടെ ലക്സംബർഗ് ബൽജിയം സന്ദർശന വിവരങ്ങൾ
സെപ്റ്റംബർ 26-ന് രാവിലെ പാപ്പാ വത്തിക്കാനിൽ നിന്ന് റോമിലെ അന്താരാഷ്ട്ര വിമാനത്താവളമായ ഫ്യുമിച്ചീനോയിൽ സ്ഥിതി ചെയ്യുന്ന ലെയണാർദോ ദവിഞ്ചിയിലേക്കു പോകും. അവിടെ നിന്ന് രാവിലെ പ്രാദേശിക സമയം 8.05 ന് ലക്സംബർഗിലേക്ക് വിമാന മാർഗം പുറപ്പെടും. പ്രാദേശിക സമയം രാവിലെ പത്ത് മണിക്ക് വിമാനത്താവളത്തിൽ എത്തുന്ന പാപ്പ അവിടെ നടക്കുന്ന സ്വീകരണ ചടങ്ങിന് ശഷം ലക്സംബർഗിന്റെ ഗ്രാൻറ് ഡ്യുക്ക് ഹെൻട്രിയുമായി കൊട്ടാരത്തിൽവച്ച് സൗഹൃദ കൂടിക്കാഴ്ച നടത്തും.
ഇതിന് ശേഷം പാപ്പ പ്രധാനമന്ത്രി ലൂക് ഫ്രീഡനുമായി കൂടിക്കാഴ്ച നടത്തും. പാപ്പ ഭരണാധികാരികളെയും പൗരാധികാരികളെയും നയതന്ത്രപ്രതിനിധികളെയും ഒരുമിച്ച് സംബോധന ചെയ്യും. അന്നു വൈകുന്നേരം പ്രാദേശിക സമയം 4.30 ന് പാപ്പാ നോട്രഡാം കത്തീഡ്രലിൽ വച്ച് അന്നാട്ടിലെ കത്തോലിക്ക സമൂഹവുമായി കൂടിക്കാഴ്ച നടത്തും. ഇതോടെ പാപ്പയുടെ ലക്സംബർഗ് സന്ദർശനത്തിന് തിരശീല വീഴും. തുടർന്ന് പാപ്പാ 6.15-ന് തന്റെ ഈ അപ്പസ്തോലിക യാത്രയുടെ രണ്ടാം ഘട്ടമായ ബൽജിയത്തിലേക്ക് യാത്രയാകും. ബെല്‍ജിയത്തിൽ പാപ്പയുടെ പരിപാടികളുടെ വേദികൾ തലസ്ഥാന നഗരമായ ബ്രസൽസും ലുവാൻ ല ന്വേവും ആയിരിക്കും.
സെപ്റ്റംബർ 26 ന് വ്യാഴാഴ്‌ച ബ്രസ്സൽസ്സിൽ എത്തുന്ന പാപ്പയ്ക്ക് വിമാനത്താവളത്തിലെ സ്വീകരണമൊഴികെ അന്നവിടെ മറ്റു പരിപാടികളൊന്നുമില്ല. ഇരുപത്തിയേഴാം തീയതി വെള്ളിയാഴ്ച പാപ്പാ ലെയ്ക്കെൻ കൊട്ടാരത്തിൽ വച്ച് ബെൽജിയത്തിൻറെ രാജാവ് ഫിലിപ്പുമായും പ്രധാനന്ത്രി അലസ്കാണ്ഡർ ദെ ക്രൂവുമായി സംഭാഷണത്തിലേർപ്പെടും. ഭരണാധികാരികളെയും പൗരാധികാരികളെയും ഒരുമിച്ച് പാപ്പ സംബോധന ചെയ്യും. സർവ്വകലാശാലാ അധ്യാപകരുമായുള്ള കൂടിക്കാഴ്ചയും സന്ദർശന അജണ്ടയിലുണ്ട്.
ഇരുപത്തിയെട്ടാം തീയതി മെത്രാന്മാർ, വൈദികർ, ഡീക്കന്‍മാര്‍, സമർപ്പിതർ, വൈദികാർത്ഥികൾ, അജപാലന പ്രവർത്തകർ എന്നിവരുമായി കൂക്ക്ൾബർഗിലെ തിരുഹൃദയ ബസിലിക്കയിൽവച്ചുള്ള കൂടിക്കാഴ്ച, ലുവാനിലെ കത്തോലിക്ക സർവ്വകലാശാലയിൽ വച്ച് കലാലയവിദ്യാർത്ഥികളുമായുള്ള കൂടിക്കാഴ്ച, ജെസ്യൂട്ട് സമൂഹാംഗങ്ങളുമായുള്ള സ്വകാര്യകൂടിക്കാഴ്ച എന്നിവ നടക്കും. ബെൽജിയം സന്ദർശനത്തിൻറെ സമാപന ദിനമായ സെപ്റ്റംബർ ഇരുപത്തിയൊമ്പതാം തീയതി ബ്രസൽസിലെ കിങ് ബൗഡോയിൻ സ്റ്റേഡിയത്തിൽ വിശുദ്ധ കുര്‍ബാന അര്‍പ്പണം നടക്കുന്നതോടെ പരിപാടികള്‍ക്ക് സമാപനമാകും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.