2,492 കാരറ്റ് വജ്രം! ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ വജ്രക്കല്ല് ബോട്സ്വാനയില്‍ കണ്ടെത്തി

2,492 കാരറ്റ് വജ്രം! ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ വജ്രക്കല്ല് ബോട്സ്വാനയില്‍ കണ്ടെത്തി

ഗാബറോണ്‍: ലോകത്ത് ഖനനം ചെയ്‌തെടുത്ത ഏറ്റവും വലിയ രണ്ടാമത്തെ വജ്രക്കല്ല് തെക്കേ ആഫ്രിക്കന്‍ രാജ്യമായ ബോട്‌സ്വാനയില്‍ നിന്നു കണ്ടെത്തി. കരോവേ ഖനിയില്‍ നിന്ന് 2,492 കാരറ്റ് ഡയമണ്ടാണ് കണ്ടെത്തിയതെന്ന് കനേഡിയന്‍ വജ്ര ഖനന കമ്പനിയായ ലുകാറ ഡയമണ്ട് കോര്‍പറേഷന്‍ വ്യക്തമാക്കി.

ബോട്സ്വാനയുടെ തലസ്ഥാനമായ ഗബ്രോണില്‍നിന്ന് 500 കിലോമീറ്റര്‍ അകലെയുള്ള കരോവേ ഖനിയില്‍നിന്നാണു വജ്രം ലഭിച്ചത്.

കണ്ടെത്തിയ വജ്രക്കല്ലിന്റെ ചിത്രങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടുണ്ട്. കൈത്തലത്തോളം വലുപ്പമുണ്ടെന്ന് പുറത്തുവിട്ട ചിത്രങ്ങള്‍ വ്യക്തമാക്കുന്നു. 120 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇത്രയേറെ വലുപ്പമുള്ള വജ്രം കണ്ടെത്തുന്നത്. നേരത്തെ 1905-ല്‍ ദക്ഷിണാഫ്രിക്കയില്‍നിന്നു കണ്ടെത്തിയ 3,106 കാരറ്റാണ് ഏറ്റവും വലിയ വജ്രക്കല്ല്. ആ കള്ളിനന്‍ ഡയമണ്ട് ഇപ്പോള്‍ ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ആഭരണ ശേഖരത്തിന്റെ ഭാഗമാണ്.

ലോകത്തിലെ ഏറ്റവും വലിയ വജ്ര ഉത്പാദകരാണ് ബോട്‌സ്വാന. 30 ശതമാനം ആഭ്യന്തര ഉത്പാദനവും 80 ശതമാനം കയറ്റുമതിയും ചെയ്യുന്നത് വജ്രമാണ്. 2019-ല്‍ കരോവേ ഖനിയില്‍ നിന്ന് കണ്ടെത്തിയ 1,758 കാരറ്റ് സെവെലോ എന്ന വജ്രക്കല്ലാണ് ബോട്‌സ്വാനയില്‍ നിന്ന് കണ്ടെത്തിയ ഏറ്റവും വലിയ വജ്രക്കല്ല്. എന്നാല്‍ ഗുണനിലവാരമുള്ള വജ്രങ്ങള്‍ ഉല്‍പ്പാദിപ്പിക്കാന്‍ ഇതിന് കഴിഞ്ഞില്ലെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. 0.2 കാരറ്റ് വജ്രമാണ് ഒരു കാരറ്റ്.

ഇതുവരെ കണ്ടെത്തിയതില്‍ വച്ച് ഏറ്റവും വലിയ പരുക്കന്‍ വജ്രങ്ങളിലൊന്നാണ് ഇതെന്നു ലുകാറ ഡയമണ്ട് മേധാവി വില്യം ലാംബ് അറിയിച്ചു. കമ്പനിയുടെ മെഗാ ഡയമണ്ട് റിക്കവറി എക്സ്‌റേ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് വജ്രം കണ്ടെത്തിയത്. അതേസമയം, വജ്രത്തിന്റെ വിപണി മൂല്യം എന്താണെന്നോ അത് രത്‌നങ്ങളാക്കി മുറിക്കാന്‍ കഴിയുമോ എന്നതിനെ കുറിച്ച് ലൂകാറ പ്രതികരിച്ചില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.