ന്യൂ സൗത്ത് വെയില്‍സിന്റെ വിവിധ ഭാഗങ്ങളില്‍ ഭൂചലനം; തീവ്രത 4.7: പ്രഭവകേന്ദ്രം നിര്‍ദിഷ്ട ആണവ നിലയത്തിന് സമീപം

ന്യൂ സൗത്ത് വെയില്‍സിന്റെ വിവിധ ഭാഗങ്ങളില്‍ ഭൂചലനം; തീവ്രത 4.7: പ്രഭവകേന്ദ്രം നിര്‍ദിഷ്ട ആണവ നിലയത്തിന് സമീപം

സിഡ്‌നി: ഓസ്‌ട്രേലിയന്‍ സംസ്ഥാനമായ ന്യൂ സൗത്ത് വെയില്‍സിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 4.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ജനങ്ങളില്‍ വലിയ പരിഭ്രാന്തി സൃഷ്ടിച്ചു. ആയിരക്കണക്കിന് ആളുകള്‍ക്കാണ് പ്രകമ്പനം അനുഭവപ്പെട്ടത്. ഇന്ന് (തിങ്കളാഴ്ച്ച) പ്രാദേശിക സമയം ഉച്ചയ്ക്ക് 12 മണിക്ക് ശേഷമാണ് ഭൂമിക്കടിയില്‍ 10 കിലോമീറ്റര്‍ ആഴത്തില്‍ ഭൂചലനമുണ്ടായത്. സര്‍ക്കാര്‍ ആണവ നിലയം നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തിന് സമീപമാണ് ഭൂചലനമുണ്ടായത്.

സിഡ്നിയില്‍ നിന്ന് ഏകദേശം 250 കിലോമീറ്റര്‍ അകലെയുള്ള മസ്വെല്‍ബ്രൂക്കിന് സമീപം ഖനന മേഖലയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. കോഫ്സ് ഹാര്‍ബര്‍, സിഡ്നി, കാന്‍ബറ തുടങ്ങി ദൂരെയുള്ള സ്ഥലങ്ങളില്‍ പോലും പ്രകമ്പനം അനുഭവപ്പെട്ടു. വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും വൈദ്യുതി നഷ്ടപ്പെടുകയും ചെയ്തു. അടിയന്തര സേവനങ്ങള്‍ തടസപ്പെട്ടത് ഒഴിച്ചാല്‍ ആള്‍നാശം റിപ്പോര്‍ട്ട് ചെയ്യാത്തത് ആശ്വാസമായി. അതേസമയം, ഭൂചലനമുണ്ടായ ഖനന മേഖലയില്‍ ചില ഖനിത്തൊഴിലാളികള്‍ക്ക് നിസാര പരിക്കേറ്റതായി റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം, വീടുകളും കെട്ടിടങ്ങളും ശക്തമായി കുലുങ്ങിയതോടെ ആളുകള്‍ ഇറങ്ങിയോടി. സ്‌കൂളുകള്‍ ഒഴിപ്പിച്ചു. മസ്വെല്‍ബ്രൂക്ക് പ്രദേശത്താണ് നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. പല വീടുകളുടെയും ജനാലകള്‍ തകര്‍ന്നു. കടകളിലെ സാധനങ്ങള്‍ നിലത്തുവീണു. സ്‌കൂളുകളിലെ ക്ലാസ് മുറികളില്‍ നിന്ന് കുട്ടികള്‍ ഭയന്ന് പുറത്തേക്കോടി.

ആണവനിലയത്തിനായി പദ്ധതിയിട്ടിരിക്കുന്ന ലിഡല്‍ പവര്‍ സ്റ്റേഷന് സമീപമാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ആണവ സാധ്യതാ പഠനത്തില്‍ ഭൂകമ്പ സാധ്യത കണ്ടെത്തിയാല്‍ ഹണ്ടര്‍ വാലിയിലെ ആണവോര്‍ജ്ജ പദ്ധതികള്‍ ഉപേക്ഷിക്കണമെന്ന് എബിസിയോട് സംസാരിച്ച ഷാഡോ എനര്‍ജി മന്ത്രി ടെഡ് ഒബ്രിയന്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.