ഇസ്ലാമിക തീവ്രവാദിയായ അബ്ദുൾ നാസർ ബെൻബ്രിക്കയെ ശിക്ഷാകാലാവധിക്ക് ശേഷവും തടവിൽ വയ്ക്കുവാൻ ഓസ്‌ട്രേലിയൻ ഹൈക്കോടതി അനുവദിച്ചു

ഇസ്ലാമിക തീവ്രവാദിയായ അബ്ദുൾ നാസർ ബെൻബ്രിക്കയെ  ശിക്ഷാകാലാവധിക്ക്  ശേഷവും  തടവിൽ വയ്ക്കുവാൻ  ഓസ്‌ട്രേലിയൻ ഹൈക്കോടതി അനുവദിച്ചു

കാൻ‌ബെറ: ഓസ്‌ട്രേലിയയിൽ ശിക്ഷിക്കപ്പെട്ട തീവ്രവാദിയായ അബ്ദുൾ നാസർ ബെൻബ്രിക്കയെ ശിക്ഷാ കാലാവധിക്ക് ശേഷവും ജയിലിൽ അടയ്ക്കുന്ന നിയമം ഹൈക്കോടതി ശരിവച്ചു. ഒരു മുസ്ലിം തീവ്രവാദ ഗ്രൂപ്പിൽ അംഗമായി പ്രവർത്തിച്ചതിനും സംഘടനയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതിനും ബെൻബ്രിക്ക ഇതിനകം 15 വർഷം തടവ് അനുഭവിച്ചിട്ടുണ്ട്.

അദ്ദേഹത്തിന്റെ ശിക്ഷ നവംബറിൽ അവസാനിച്ചു എങ്കിലും ആഭ്യന്തരമന്ത്രി പീറ്റർ ഡട്ടൺ ബെൻബ്രിക്കയെ തടങ്കലിൽ വയ്ക്കാൻ ഉത്തരവിട്ടതിനെത്തുടർന്നു വീണ്ടും ജയിലിൽ തന്നെ തുടർന്നു.

വിക്ടോറിയൻ സുപ്രീം കോടതിയിൽ വീണ്ടും തടങ്കലിൽ വയ്ക്കുന്നതിനെ സംബന്ധിച്ച് കേസ് ആരംഭിച്ചെങ്കിലും ബെൻബ്രിക്കയുടെ അഭിഭാഷകർ തടങ്കലിൽ വയ്ക്കാൻ അനുവദിച്ച നിയമത്തിന്റെ സാധുതയെ ചോദ്യം ചെയ്തു. കുറ്റവാളി ചെയ്ത കുറ്റത്തിനല്ല ഭാവിയിൽ ചെയ്യാൻ ഇടയുള്ള പ്രവര്‍ത്തിക്കാണ് നിയമം അവനെ ശിക്ഷിക്കുന്നതെന്ന് അവർ വാദിച്ചു.

തുടർന്ന് ഈ കേസ് ഹൈക്കോടതിയിലേക്ക് നീങ്ങി. ഇന്ന് രാവിലെ കുറ്റവാളി സമൂഹത്തിന് അപകടസാധ്യത സൃഷ്ടിക്കുന്ന ഒരു തീവ്രവാദിയുടെ ശിക്ഷ നീട്ടാൻ അനുവദിക്കുന്നതിനാൽ നിയമത്തിന് സാധുതയുണ്ടെന്ന് കോടതി കണ്ടെത്തി, ഇങ്ങനെ ഒരു നിയമം ഇല്ലെങ്കിൽ ഭാവിയിൽ ഉണ്ടായേക്കാവുന്ന അപകടസാധ്യത തടയാൻ മറ്റ് നടപടികളൊന്നുമില്ല എന്നും കോടതി നിരീക്ഷിച്ചു.

ഓസ്‌ട്രേലിയൻ പോലീസ് നടത്തിയ ഓപ്പറേഷൻ പെൻഡെന്നിസ് പ്രകാരം അറസ്റ്റിലായ 16 പേരിൽ ഒരാളായ ബെൻബ്രിക്ക 2005 മുതൽ ജയിലിലാണ്. ഒസാമ ബിൻ ലാദന്റെ അറിയപ്പെടുന്ന പിന്തുണക്കാരനായിരുന്ന അദ്ദേഹത്തെ ആ ഗ്രൂപ്പിന്റെ മാർഗ്ഗദീപം ആയിട്ടാണ് വിശേഷിപ്പിരുന്നത്. ഇന്നത്തെ വിധി മൂലം അദ്ദേഹം കൂടുതൽ സമയം പോലീസ് കസ്റ്റഡിയിൽ ചെലവഴിക്കപെടാമെന്നും അയാളുടെ തടവ് വീണ്ടും നീട്ടാനുമുള്ള നിയമപരമായ സാഹചര്യം ഉളവായി.

തീവ്രവാദബന്ധമുള്ള വ്യക്തികൾ ജയിൽശിക്ഷാകാലാവധി സമയത്തും ബെൻബ്രിക്കയെ സന്ദർശിച്ചിരുന്നു എന്നത് തന്നെ തന്റെ കാഴ്ചപ്പാടുകൾ അദ്ദേഹം മാറ്റിയിട്ടില്ല എന്നതിന്റെ തെളിവായി കോടതി നിരീക്ഷിച്ചു. ജയിലിൽ കിടന്ന കാലം മുതൽ ഏതാനും വർഷങ്ങളായി തീവ്രവാദ ബന്ധമുള്ള 15 വ്യക്തികളാണ് അദ്ദേഹത്തെ സന്ദർശിച്ചത്.

കഴിഞ്ഞ വർഷം അവസാനം ഓസ്‌ട്രേലിയൻ പൗരത്വം റദ്ദാക്കിയതിനാൽ ബെൻബ്രിക്കയുടെ ഭാവി കൂടുതൽ അനിശ്ചിതത്വത്തിലായി. ജയിൽ മോചിതനായാൽ തന്നെ അദ്ദേഹത്തെ തിരികെ കൊണ്ടുപോകാൻ സ്വന്തം നാടായ അൾജീരിയ തയ്യാറായില്ലെങ്കിൽ അദ്ദേഹത്തിന് അനിശ്ചിത കാല കുടിയേറ്റ തടവ് നേരിടേണ്ടി വരും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.