കുറ്റകൃത്യങ്ങൾ നിയന്ത്രിക്കുന്നതിൽ വീഴ്ച; ടെലഗ്രാം മേധാവി പവേല്‍ ദുരോവ് അറസ്റ്റില്‍

കുറ്റകൃത്യങ്ങൾ നിയന്ത്രിക്കുന്നതിൽ വീഴ്ച; ടെലഗ്രാം മേധാവി പവേല്‍ ദുരോവ് അറസ്റ്റില്‍

പാരിസ്: ടെലഗ്രാം മെസേജിങ് ആപ്പിന്റെ സ്ഥാപകനും സിഇഒയുമായ പവേല്‍ ദുരോവ് അറസ്റ്റിൽ. ഫ്രാൻസിലെ ലെ - ബോർജെറ്റ് വിമാനത്താവളത്തിൽ വന്നിറങ്ങിയ പവേല്‍ ദുരോവിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നെന്നാണ് റിപ്പോർട്ട്. തന്റെ പ്രൈവറ്റ് ജെറ്റിൽ വിദേശ യാത്ര കഴിഞ്ഞ് തിരിച്ചെത്തിയതായിരുന്നു അദേഹം.

കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ നിയോഗിക്കപ്പെട്ട ഫ്രാന്‍സിലെ ഏജന്‍സിയായ ഒഎഫ്എംഐഎന്‍ ദുരോവിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. വഞ്ചന, മയക്കുമരുന്ന് കടത്ത്, സൈബര്‍ ഇടത്തിലെ ഭീഷണിപ്പെടുത്തല്‍, സംഘടിത കുറ്റകൃത്യങ്ങള്‍, തീവ്രവാദം പ്രോത്സാഹിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ദുരോവിനെതിരെ ചുമത്തപ്പെട്ടതെന്നാണ് സൂചന.

ടെലഗ്രാം ആപ്ലിക്കേഷനിലെ ഉള്ളടക്കം നിയന്ത്രിക്കുന്ന സംവിധാനങ്ങളില്ലാത്തത് സംബന്ധിച്ച് നടക്കുന്ന ഒരു അന്വേഷണത്തിന്റെ ഭാഗമാണ് അറസ്റ്റ് എന്നാണ് വിവരം. ഏതെല്ലാം കണ്ടന്റ് ഷെയർ ചെയ്യപ്പെടുന്നുവെന്നോ, ആര് ആർക്ക് ഷെയർ ചെയ്യുന്നുവെന്നോ അറിയാൻ ടെലഗ്രാം ആപ്പ് അധികാരികൾക്ക് സൗകര്യം നൽകുന്നില്ല. ഇക്കാരണത്താൽ ഈ ആപ്പ് ഉപയോഗിച്ച് ക്രിമിനൽ പ്രവർത്തനങ്ങൾ വ്യാപകമായി നടക്കുന്നുണ്ടെന്ന് ഫ്രഞ്ച് അന്വേഷകർ പറയുന്നു.

അതേസമയം ഈ വിഷയത്തിൽ ടെലഗ്രാം ആപ്പിന്റെ പ്രതികരണം ലഭ്യമായിട്ടില്ല. വിഷയത്തിൽ ഫ്രഞ്ച് സർക്കാരോ പൊലീസോ ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല. എന്തിനാണ് പവേല്‍ ദുരോവിനെ അറസ്റ്റ് ചെയ്തതെന്നും, ചോദ്യം ചെയ്തതെന്നും താമസിയാതെ വ്യക്തത വരുത്തുമെന്ന് റഷ്യയുടെ വിദേശകാര്യ മന്ത്രാലയം പ്രസ്താവിച്ചു.

അതേസമയം, പവേലും സഹോദരൻ നിക്കോലായും ചേർന്ന് 2013ലാണ് ടെലഗ്രാം സ്ഥാപിക്കുന്നത്. 900 ദശലക്ഷം ആക്‌ടീവ് യൂസർമാരാണ് ടെലഗ്രാമിനുള്ളത്. ടെലഗ്രാമിന് മുൻപ് വികെ എന്ന പേരിൽ സോഷ്യൽ മീഡിയ പ്ളാറ്റ്‌ഫോം റഷ്യയിൽ പവേൽ ദുരോവ് സ്ഥാപിച്ചിരുന്നു. വികെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലെ പ്രതിപക്ഷ കമ്മ്യൂണിറ്റികൾ അടച്ചുപൂട്ടാനുള്ള സർക്കാർ നിർദേങ്ങൾ അനുസരിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് 2014ൽ പവേൽ റഷ്യ വിടുകയായിരുന്നു. ശേഷം ആപ്പ് വിൽക്കുകയും ചെയ്തു. ആരെങ്കിലും നിന്ന് ഉത്തരവ് സ്വീകരിക്കുന്നതിനേക്കാളും താൻ സ്വതന്ത്രനായിരിക്കുമെന്നാണ് അന്ന് പവേൽ പ്രതികരിച്ചത്.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.