'പ്രാര്‍ഥനയിലൂടെ ഒരു ദോഷവും ഉണ്ടാകുന്നില്ല'; റഷ്യയുമായി ബന്ധമുള്ള ഉക്രെയ്ന്‍ ഓര്‍ത്തഡോക്സ് സഭയെ നിരോധിച്ചതിനെതിരേ മാര്‍പാപ്പ

'പ്രാര്‍ഥനയിലൂടെ ഒരു ദോഷവും ഉണ്ടാകുന്നില്ല'; റഷ്യയുമായി ബന്ധമുള്ള ഉക്രെയ്ന്‍ ഓര്‍ത്തഡോക്സ് സഭയെ നിരോധിച്ചതിനെതിരേ മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: റഷ്യയിലെ മോസ്‌കോ പാത്രിയര്‍ക്കേറ്റുമായി ബന്ധമുള്ള ഉക്രെയ്ന്‍ ഓര്‍ത്തഡോക്സ് സഭയെ നിരോധിക്കാന്‍ നിയമനിര്‍മാണം നടത്തിയതില്‍ പ്രതികരണവുമായി ഫ്രാന്‍സിസ് പാപ്പ. ഉക്രെയ്ന്‍ പാര്‍ലമെന്റിന്റെ നീക്കം ആരാധനാ സ്വാതന്ത്ര്യത്തെ ഹനിക്കുമെന്ന് മാര്‍പാപ്പ മുന്നറിയിപ്പ് നല്‍കി.

ഉക്രെയ്നിലെ റഷ്യന്‍ അധിനിവേശത്തെ പിന്തുണയ്ക്കുന്നതിന്റെ പേരില്‍ കഴിഞ്ഞയാഴ്ച്ചയാണ് മോസ്‌കോ പാത്രിയര്‍ക്കേറ്റുമായി ബന്ധമുള്ള ഓര്‍ത്തഡോക്‌സ് സഭയെ രാജ്യത്ത്് നിരോധിക്കുന്ന നിയമത്തില്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കി ഒപ്പുവെച്ചത്. ഞായറാഴ്ച്ച ആഞ്ചലൂസ്
പ്രാര്‍ത്ഥനാ മധ്യേയാണ് ഫ്രാന്‍സിസ് പാപ്പ ഈ നീക്കത്തിനെതിരേ പ്രതികരിച്ചത്. ഈ നടപടിയില്‍ സമ്മിശ്ര പ്രതികരണമാണ് രാജ്യത്തെ ജനങ്ങളില്‍ നിന്ന് ഉയര്‍ന്നത്.

'ഉക്രൈന്‍ റഷ്യ പോരാട്ടങ്ങളെ ഞാന്‍ ദുഃഖത്തോടെ പിന്തുടരുന്നു. ഉക്രൈനില്‍ അടുത്തിടെ അംഗീകരിച്ച നിയമങ്ങള്‍, പ്രാര്‍ഥിക്കുന്നവരുടെ സ്വാതന്ത്ര്യത്തെ നിഷേധിക്കുന്ന നടപടി വേദനാജനകമാണ്. പ്രാര്‍ഥിക്കുന്നതിലൂടെ ഒരു ദോഷവും സംഭവിക്കുന്നില്ല. ആരെങ്കിലും തന്റെ ജനത്തെ ദ്രോഹിച്ചാല്‍, അയാള്‍ അതില്‍ കുറ്റക്കാരനായിരിക്കും. പ്രാര്‍ഥിച്ചതുകൊണ്ട് ആര്‍ക്കും ആരോടും ദോഷം ചെയ്യാന്‍ കഴിയില്ല. അപ്പോള്‍ അവരുടെ സഭയായി അവര്‍ കരുതുന്നിടത്ത് പ്രാര്‍ഥിക്കാന്‍ ആഗ്രഹിക്കുന്നവരെ അതിന് അനുവദിക്കുക. ദയവായി ക്രൈസ്തവസഭയെ നേരിട്ടോ, അല്ലാതെയോ ഇല്ലാതാക്കരുത്. പള്ളികള്‍ക്കു മേല്‍ കൈകടത്തരുത്' - പാപ്പ അഭ്യര്‍ത്ഥിച്ചു.

2022 ഫെബ്രുവരിയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള യുദ്ധത്തിനു തുടക്കമിട്ട റഷ്യയുമായി ബന്ധമുള്ള ഏതെങ്കിലും മതസംഘടനയ്ക്ക് ഉക്രെയ്‌നില്‍ സാന്നിധ്യം നിരോധിക്കുന്ന നിയമത്തിനാണ് ഉക്രെയ്ന്‍ പാര്‍ലമെന്റില്‍ അംഗീകാരം നല്‍കിയത്.

പാലസ്തീന്‍, ഇസ്രായേല്‍, മ്യാന്‍മര്‍ തുടങ്ങി ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും സംഘര്‍ഷത്താല്‍ ദുരിതമനുഭവിക്കുന്നവരെ പരാമര്‍ശിച്ച്, യുദ്ധങ്ങള്‍ അവസാനിപ്പിക്കാന്‍ മാര്‍പാപ്പ ആഹ്വാനം ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.