ലണ്ടന്‍: ഇംഗ്ലണ്ടിലെ ഈസ്റ്റ് ലണ്ടനില്‍ ബഹുനില ഫ്ളാറ്റ് സമുച്ചയത്തില്‍ വന്‍ തീപിടിത്തം. ഇവിടെ താമസിച്ചിരുന്ന പാലാ സ്വദേശി ജോസഫും ഭാര്യ ടിനുവും പിഞ്ചു കുഞ്ഞും അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. കെട്ടിടത്തില്‍ കുടുങ്ങിയ നൂറിലധികം ആളുകളെ ഒഴിപ്പിക്കുകയും പരിക്കേറ്റ രണ്ട് പേരെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
ഡെഗ്‌നാമിന് സമീപമുള്ള ചാഡ്വേല്‍ഹീത്തില്‍ ഫ്രഷ് വാട്ടര്‍ റോഡില്‍ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിനാണ് രാത്രി തീ പിടിച്ചത്. ഇരുന്നൂറിലേറെ അഗ്നിശമന സേനാംഗങ്ങള്‍ ഹെലികോപ്റ്റര്‍ സഹായത്തോടെ മണിക്കൂറുകള്‍ പരിശ്രമിച്ചാണ് തീ അണച്ചത്. പുലര്‍ച്ചെ 2.44 നാണ് ഫയര്‍ഫോഴ്സിന്റെ സഹായം തേടിയത്.
ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരായ ജോസഫും ടിനുവും താമസിച്ചിരുന്ന ഫ്ളാറ്റ് മുഴുവനായി കത്തി നശിച്ചു. മൂന്നു വര്‍ഷമായി കുടുംബം ഇവിടെയായിരുന്നു താമസം. പ്രസവ അവധിയിലായിരുന്ന ടിനു തീ പടര്‍ന്ന ഉടന്‍ പിഞ്ചു കുഞ്ഞിനെയുമായി ഓടി രക്ഷപ്പെടുകയായിരുന്നു. സര്‍ട്ടിഫിക്കറ്റുകളും വീട്ടു സാധനങ്ങളും വസ്ത്രങ്ങളും ലാപ്ടോപ്പുകളും മൊബൈല്‍ ഫോണും ഉള്‍പ്പെടെയുള്ള എല്ലാ വസ്തുക്കളും നഷ്ടമായി. എങ്കിലും അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് കുടുംബം.
ചാഡ്വെല്‍ഹീത്തില്‍ തന്നെ താമസിക്കുന്ന സഹോദരന്‍ തോമസിനൊപ്പമാണ് ഇപ്പോള്‍ ജോസഫും കുടുംബവുമുള്ളത്. രണ്ടാം നിലയില്‍ താമസിച്ചിരുന്ന ഫ്ളാറ്റിന് താഴെ പ്രവര്‍ത്തിച്ചിരുന്ന നഴ്സറിയില്‍ നിന്ന് തീ പടര്‍ന്നതെന്നാണ് സംശയം. കെട്ടിടത്തിനു പുറത്തെ ക്ലാഡിങ്ങിലൂടെയാണ് തീ ആളിപ്പടര്‍ന്നത്.
കെട്ടിടം അഗ്‌നി സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് പ്രവര്‍ത്തിച്ചിരുന്നതെന്ന് പറയപ്പെടുന്നു. ഗര്‍ഭിണികളും കുട്ടികളും അടങ്ങിയ താമസക്കാര്‍ വേഗത്തില്‍ രക്ഷപ്പെട്ടതോടെ വന്‍ ദുരന്തം ഒഴിവായി.
രാത്രി ഉറക്കത്തിനിടെ പുകമണം മുറിക്കെത്തിയതിനാല്‍ പലരും കെട്ടിടത്തിന് പുറത്തേക്കിറങ്ങി ഓടുകയായിരുന്നു. കനത്ത പുകയെത്തുടര്‍ന്ന് ജനലുകളും വാതിലുകളും അടച്ചിടാന്‍ പ്രദേശവാസികളോട് അഗ്നിശമനസേന നിര്‍ദേശിച്ചു.
2017-ല്‍, 79 പേരുടെ മരണത്തിന് ഇടയാക്കിയ പശ്ചിമ ലണ്ടനിലെ 24 നിലയുള്ള ഗ്രെന്‍ഫെല്‍ ടവര്‍ തീപിടിത്തത്തിന്റെ ഭയാനകമായ ഓര്‍മകള്‍ ഈ തീപിടിത്തം കൊണ്ടുവന്നതായി പ്രദേശവാസികള്‍ ബി.ബി.സി ഉള്‍പ്പെടെയുള്ള മാധ്യമങ്ങളോടു പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.