സീറോ മലബാർ സഭ പുതിയ സ്ഥിരം സിനഡിനെ തിരഞ്ഞെടുത്തു

സീറോ മലബാർ സഭ പുതിയ സ്ഥിരം സിനഡിനെ തിരഞ്ഞെടുത്തു

കൊച്ചി: സീറോ മലബാർ സഭയുടെ പുതിയ സ്ഥിരം സിനഡ് അംഗങ്ങളെ തിരഞ്ഞെടുത്തു. സഭാ ആസ്ഥാനത്ത് നടന്ന് വരുന്ന മുപ്പത്തിരണ്ടാമത് മെത്രാൻ സിനഡിന്റെ മൂന്നാം സമ്മേളനത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. പാലാ രൂപത അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്, തൃശൂർ അതിരൂപത അധ്യക്ഷൻ മാർ ആൻഡ്രൂസ് താഴത്ത്, തലശേരി അതിരൂപത അധ്യക്ഷൻ മാർ ജോസഫ് പാംപ്ലാനി, കോട്ടയം അതിരൂപത അധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട് എന്നിവരാണ് പെർമനെന്റ് സിനഡ് അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

സ്ഥിരം സിനഡ് അംഗങ്ങളുടെ അഭാവത്തിൽ പകരക്കാരായി ചങ്ങനാശേരി അതിരൂപതാ സഹായ മെത്രാൻ മാർ തോമസ് തറയിൽ, കോതമംഗലം രൂപത അധ്യക്ഷൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, ഇരിങ്ങാലക്കുട രൂപത അധ്യക്ഷൻ മാർ പോളി കണ്ണൂക്കാടൻ, താമരശേരി രൂപത അധ്യക്ഷൻ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.

സാധാരണ ഭരണകാര്യങ്ങളിലും അടിയന്തിര സാഹചര്യങ്ങളിലും മേജർ ആർച്ച് ബിഷപ്പിനെ സഹായിക്കുന്ന സമിതിയാണ് സ്ഥിരം സിനഡ്. മേജർ ആർച്ച് ബിഷപ്പ് അധ്യക്ഷനായ സ്ഥിരം സിനഡിൽ അദേഹം ഉൾപ്പെടെ അഞ്ച് പിതാക്കന്മാരാണ് ഉണ്ടാകുക. അഞ്ച് വർഷത്തേക്കാണ് ഈ സമിതിയുടെ കാലാവധിയെന്ന് സഭാവക്താവ് റവ.ഡോ. ആന്റണി വടക്കേകര വി.സി. വാർത്താക്കുറിപ്പിൽ അറിയിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.