കാന്‍ബറ: വിദേശ വിദ്യാര്‍ത്ഥികളുടെ പ്രവേശനത്തില്‍ നിയന്ത്രണമേര്‍പ്പെടുത്താന്‍ തീരുമാനിച്ച് ഓസ്ട്രേലിയ. അടുത്ത വര്‍ഷം മുതല്‍ ഓസ്ട്രേലിയയിലേക്കു വരുന്ന വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം 2.7 ലക്ഷമായി പരിമിതപ്പെടുത്താനാണ് തീരുമാനം. കുടിയേറ്റം കോവിഡ് കാലത്തിനു മുന്‍പത്തെ നിലയിലേക്ക് എത്തിക്കാന്‍ വേണ്ടിയാണിത്. ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ തീരുമാനം ഏറ്റവുമധികം തിരിച്ചടിയാകുക ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളിലെ വിദ്യാര്‍ഥികള്‍ക്കാകും.
ഇന്ത്യയില്‍ നിന്ന് പ്രത്യേകിച്ച മലയാളികളാണ് ഓസ്ട്രേലിയയില്‍ ഉന്നത പഠനത്തിനായി പോകുന്നവരില്‍ അധികവും.
ഉന്നത വിദ്യാഭ്യാസ രംഗത്തെ ഓരോ സ്ഥാപനത്തിനും എത്ര വിദേശ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കാമെന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തും. രാജ്യത്തെ യൂണിവേഴ്‌സിറ്റികളില്‍ വിദേശ വിദ്യാര്‍ഥികളുടെ എണ്ണം കോവിഡിനു മുന്‍പുള്ളതിനേക്കാള്‍ 10 ശതമാനം വര്‍ധിച്ചുവെന്നാണ് വിദ്യാഭ്യാസ മന്ത്രി ജേസണ്‍ ക്ലെയര്‍ നല്‍കുന്ന വിവരം. സ്വകാര്യ വൊക്കേഷനല്‍, ട്രെയ്‌നിങ് സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ 50 ശതമാനം വര്‍ധനയാണുണ്ടായത്.
ഇന്ത്യയില്‍നിന്ന് ഓരോ വര്‍ഷവും നിരവധി വിദ്യാര്‍ത്ഥികളാണ് ഉന്നത വിദ്യാഭ്യാസത്തിനായി വിദേശ രാജ്യങ്ങളിലേക്ക് പോകുന്നത്. ഇക്കൂട്ടത്തില്‍ പ്രധാനപ്പെട്ട രാജ്യങ്ങളിലൊന്നാണ് ഓസ്‌ട്രേലിയ. വൊക്കേഷനല്‍ എജ്യൂക്കേഷന്‍, ട്രെയിനിങ് മേഖലയിലാകും ഏറ്റവുമധികം നിയന്ത്രണം ഏര്‍പ്പെടുത്തുക. കോവിഡിന് മുന്‍പുള്ള നിലയിലേക്ക് വിദേശത്തുനിന്നുള്ള കുടിയേറ്റം എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം.
'2022 ജൂണില്‍ ഓസ്ട്രേലിയ വിദേശ വിദ്യാര്‍ത്ഥികളുടെ പ്രവേശനം 5.10 ലക്ഷമാക്കി ചുരുക്കി. 2023-ല്‍ ഇത് 3.75 ലക്ഷമായി കുറഞ്ഞു. ഇപ്പോള്‍ എണ്ണം വീണ്ടും കുറച്ചിരിക്കുന്നു. ഫെബ്രുവരിയില്‍ പ്രവേശനത്തിന് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികളെ പുതിയ തീരുമാനം ബാധിക്കും' - ഓസ്ട്രേലിയയിലെ മൈഗ്രേഷന്‍ ഏജന്റ്‌സ് രജിസ്ട്രേഷന്‍ അതോറിറ്റി അംഗം സുനില്‍ ജഗ്ഗി പറഞ്ഞു.
ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, രാജ്യത്ത് നിന്നുള്ള 1.22 ലക്ഷം വിദ്യാര്‍ത്ഥികള്‍ ഓസ്ട്രേലിയയില്‍ പഠിക്കുന്നുണ്ട്. കാനഡ, യുഎസ്, യുകെ എന്നിവ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ ഉന്നത വിദ്യാഭ്യാസത്തിനായി തിരഞ്ഞെടുക്കുന്നത് ഓസ്‌ട്രേലിയയാണ്.
സമീപകാലത്ത് ഓസ്‌ട്രേലിയന്‍ കുടിയേറ്റം റെക്കോര്‍ഡ് നിലയിലെത്തിയിരുന്നു. ഇതോടെ അടിസ്ഥാന സൗകര്യങ്ങള്‍ കുറഞ്ഞു. ഈ വര്‍ഷം ആദ്യത്തെ കണക്കനുസരിച്ചു 7,17,500 രാജ്യാന്തര വിദ്യാര്‍ഥികളാണ് ഓസ്‌ട്രേലിയയില്‍ പഠനത്തിനായി എത്തിയത്.
സമാനമായ പ്രതിസന്ധി കാനഡയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും അഭിമുഖീകരിക്കുന്നുണ്ട്. കുടിയേറ്റ നയങ്ങളില്‍ മാറ്റം വരുത്തിയതോടെ വര്‍ഷാവസാനം 70,000 ത്തോളം വിദ്യാര്‍ത്ഥികളാണ് കാനഡയില്‍ നിന്നും പുറത്താക്കപ്പെടാന്‍ സാധ്യതയുള്ളത്. ഇതില്‍ വലിയ വിഭാഗം ഇന്ത്യാക്കാരാണ്. സ്ഥിരതാമസ അപേക്ഷകളില്‍ 25 ശതമാനം കുറവ് വരുത്താനും സ്റ്റഡി പെര്‍മിറ്റ് പരിമിതപ്പെടുത്താനുമാണ് തീരുമാനം. ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം വഷളായി തുടരുന്നതിനിടെയാണ് കുടിയേറ്റ നയങ്ങളില്‍ മാറ്റം വരുത്തിയിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.