കോട്ടയം: 50 വർഷം മിശിഹായുടെ വിശ്വസ്ത പുരോഹിതനായും 22 വർഷം മെത്രാനായും 5 വർഷം മെത്രാപ്പോലീത്തയായും ചങ്ങനാശേരി അതിരൂപതയെ വിശ്വസ്തതയോടെ നയിക്കുന്ന ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം വിരമിക്കുന്നു. സിറോ മലബാർ മെത്രെന്മാരുടെ വിരമിക്കൽ പ്രായമായ 75ാം ജന്മദിനത്തിൽ തന്നെ സിറോ മലബാർ സിനഡിന് തന്റെ രാജിക്കത്ത് മാർ ജോസഫ് പെരുന്തോട്ടം നൽകിയിരുന്നു.
മിശിഹായെ അടുത്തനുഗമിക്കുന്ന മാർ ജോസഫ് പെരുന്തോട്ടത്തിന് അമ്മയായ സഭയാണ് എല്ലാമെല്ലാം. സഭയുടെ പാരമ്പര്യത്തെയും ആരാധനാ ക്രമത്തെയും പ്രണയിച്ച ചരിത്രത്തിൽ അഗാധ പാണ്ഡിത്യമുള്ള പിതാവ് സിറോ മലബാർ സഭയ്ക്കും ആഗോള കത്തോലിക്കാ സഭയ്ക്കും നൽകുന്ന സംഭാവനകൾ വർണനാതീതമാണ്. കുട്ടനാടിനോട് അദേഹത്തിനുള്ള കരുണയും താല്പര്യവും ഹൃദയസപർശിയായാണ്.
പ്രളയ കാലത്തെ അതിജീവിക്കുന്നതിനായി കുട്ടനാടിൻ ജനതയ്ക്ക് പെരുന്തോട്ടം പിതാവിന്റെ നേതൃത്വത്തിൽ 100 കോടി രൂപയുടെ പ്രോജക്ട് ആണ് ജാതിമത ഭേദമന്യേ നടത്തി വന്നത്. അതിരൂപതയിൽ ആധ്യാത്മിക ഭൗതിക മേഖലയെ ത്വരിതപ്പെടുത്താനുതകും വിധം പഞ്ചവത്സര അജപാലന പദ്ധതിയ്ക്ക് രൂപം കൊടുത്തതും പെരുന്തോട്ടം പിതാവാണ്. കർഷക സ്നേഹിയായ പിതാവിന് പ്രവാസികളോടുള്ള താല്പര്യവും വാത്സല്യവും എടുത്ത് പറയേണ്ടതാണ്. പിതാവിന്റെ ദീർഘവീക്ഷണത്തോട് കൂടിയ പ്രവർത്തനങ്ങൾ അതിരൂപതയെ വിശ്വാസ പരിശീലന കാര്യങ്ങളിലും ആത്മീയ സംഘടന പ്രവർത്തനങ്ങളിലും ബഹുദൂരം വളർത്തി.
ദൈവവിളിയെക്കുറിച്ചുള്ള പിതാവിന്റെ വാക്കുകൾ
ദൈവവിളിക്കുള്ള ആഗ്രഹം എനിക്ക് എങ്ങനെ ഉണ്ടായി എന്ന് ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ടെന്ന് പിതാവ് തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്. സെമിനാരി ചേരുന്നതിനായി ആരും എന്നോട് പറഞ്ഞിട്ടില്ല. പക്ഷേ വൈദികനായതിന് ശേഷം വർഷങ്ങൾ കഴിഞ്ഞ് റോമിൽ പഠനത്തിന് വിട്ട അവസരത്തിൽ അതിന് തൊട്ടുമുമ്പായി അമ്മ എന്നോട് പറഞ്ഞു.
രാത്രിയിൽ എഴുന്നേറ്റിരുന്ന് പ്രാർത്ഥിക്കുമായിരുന്നു. വീട്ടുമുറ്റത്ത് മണലിൽ മുട്ടുകുത്തി നിന്ന് എനിക്കുവേണ്ടി പ്രാർത്ഥിക്കുമായിരുന്നു എന്ന് അമ്മ പറഞ്ഞതായി പിതാവ് പറഞ്ഞു. ഉപവാസവും പ്രാർത്ഥനയും അധ്വാനിക്കുന്ന ജനവിഭാഗത്തിനോടുള്ള കരുതലും സ്നേഹവും മറ്റുള്ളവരെ കേൾക്കുവാനും ബഹുമാനിക്കുവാനും കൊച്ചു കുട്ടികളോടുള്ള വാത്സല്യവും അഭിവന്ദ്യ പിതാവിന്റെ പ്രത്യേകതയായിരുന്നു.
വ്യക്തി ജീവിതം
കോട്ടയം പുന്നത്തുറയിലെ കൊങ്ങാണ്ടൂർ ഗ്രാമത്തിൽ പെരുന്തോട്ടം കുടുംബത്തിൽ ജോസഫ് അന്നമ്മ ദമ്പതികളുടെ മകനായി 1948 ജൂലൈ അഞ്ചിനാണ് മാർ ജോസഫ് പെരുന്തോട്ടം ജനിച്ചത്. 1974 ഡിസംബർ 18നാണ് മാർ പെരുന്തോട്ടം പൗരോഹിത്യം സ്വീകരിച്ചത്. കൈനകരി ഇടവകയിൽ അസിസ്റ്റന്റ് വികാരിയായി ആദ്യ നിയമനം.
1983 ൽ റോമിലെ ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിൽ നിന്ന് സഭാ ചരിത്രത്തിൽ ഡോക്ടറേറ്റ് നേടി. 1989-ൽ വടവാതൂർ സെൻറ് തോമസ് അപ്പസ്തോലിക് സെമിനാരിയിലും മാങ്ങാനത്തുള്ള മിഷനറി ഓറിയൻറേഷൻ സെന്ററിലും പ്രഫസറായി പ്രവർത്തിച്ചു. അതിരൂപതാ മതബോധന കേന്ദ്രമായ സന്ദേശ നിലയം ഡയറക്ടർ, അതിരൂപതയിലെ കാത്തലിക് വർക്കേഴ്സ് മൂവ്മെന്റ് ചാപ്ലെയിൻ തുടങ്ങിയ നിലകളിൽ സേവനം അനുഷ്ഠിച്ചു.
ദൈവസ്ത്ര പഠന കേന്ദ്രമായ മാർത്തോമ്മാ വിദ്യാനികേതന്റെ സ്ഥാപക ഡയറക്ടർ കൂടിയാണ് മാർ പെരുന്തോട്ടം. 2002 ഏപ്രിൽ 24 ന് ചങ്ങനാശേരി അതിരൂപതയുടെ സഹായ മെത്രാനായും 2007 മാർച്ച് 19 ന് ആർച്ച് ബിഷപ്പായും നിയമിതനായി. ആരാധന ക്രമത്തെക്കുറിച്ചും സഭാ ചരിത്രത്തെക്കുറിച്ചും പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.