ഓസ്ട്രേലിയയില്‍ ശ്രീലങ്കന്‍ തമിഴ് അഭയാര്‍ത്ഥി തീകൊളുത്തി മരിച്ച സംഭവത്തില്‍ ഫെഡറല്‍ സര്‍ക്കാരിനെതിരേ വിമര്‍ശനം ശക്തമാകുന്നു

ഓസ്ട്രേലിയയില്‍ ശ്രീലങ്കന്‍ തമിഴ് അഭയാര്‍ത്ഥി തീകൊളുത്തി മരിച്ച സംഭവത്തില്‍ ഫെഡറല്‍ സര്‍ക്കാരിനെതിരേ വിമര്‍ശനം ശക്തമാകുന്നു

മെല്‍ബണ്‍: ഓസ്ട്രേലിയയില്‍ അഭയം തേടിയെത്തിയ ശ്രീലങ്കന്‍ സ്വദേശിയായ യുവാവ് തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഫെഡറല്‍ സര്‍ക്കാരിനെതിരേ വിമര്‍ശനം ശക്തമാകുന്നു. മെല്‍ബണിലാണ് 23 വയസുകാരനായ മനോ യോഗലിംഗം പെട്രോളൊഴിച്ച് തീകൊളുത്തി മരിച്ചത്. ഓസ്ട്രേലിയന്‍ സര്‍ക്കാരിന്റെ അഭയാര്‍ത്ഥി വിരുദ്ധ നയങ്ങള്‍ക്കെതിരെ ഡാന്‍ഡെനോങ് മേഖലയില്‍ നടന്ന പ്രതിഷേധത്തിനിടെയാണ് ദാരുണമായ സംഭവമുണ്ടായത്.

മനോയുടെ ശരീരത്തിന്റെ 80 ശതമാനവും പൊള്ളലേറ്റിരുന്നു. അടിയന്തര സേവനങ്ങള്‍ ഉടന്‍ തന്നെ യുവാവിനെ മെല്‍ബണിലെ ആല്‍ഫ്രഡ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ശ്രീലങ്കയുടെ പടിഞ്ഞാറന്‍ തീരത്ത് നിന്നുള്ള ക്രിസ്ത്യന്‍ തമിഴനായ യുവാവ് 2013-ലാണ് ഓസ്ട്രേലിയയിലേക്ക് ബോട്ടില്‍ എത്തിയത്. അന്ന് മനോയ്ക്ക് 12 വയസായിരുന്നു പ്രായം. ശ്രീലങ്കന്‍ സൈന്യം പീഡിപ്പിക്കുന്നതായി ആരോപിച്ചാണ് മാതാപിതാക്കള്‍ക്കും നാല് സഹോദരങ്ങള്‍ക്കുമൊപ്പം മനോ സാഹസികമായ മാര്‍ഗത്തിലൂടെ ഓസ്ട്രേലിയയിലെത്തിയത്.

ഒരു വര്‍ഷത്തിലേറെ തടങ്കലില്‍ കഴിഞ്ഞശേഷം യുവാവിന് താല്‍ക്കാലിക വിസ ലഭിച്ചു. മെല്‍ബണിലെ സ്‌കൂളില്‍ ചേര്‍ന്നു. ഓസ്‌ട്രേലിയന്‍ സമൂഹത്തില്‍ തന്റേതായ ഇടവും ജീവിതവും കെട്ടിപ്പടുത്തു. പക്ഷേ, താല്‍ക്കാലിക വിസയുടെ അനിശ്ചിതത്വം എപ്പോഴും വേട്ടയാടിയിരുന്നു.

ഒരു ദശാബ്ദത്തിലേറെയായി, താല്‍ക്കാലിക വിസയുടെ അനിശ്ചിതത്വത്തിലാണ് യുവാവ് ജീവിച്ചത്. ശ്രീലങ്കയിലേക്ക് തിരിച്ചുപോകേണ്ടി വരുമോയെന്ന ഭയവും അലട്ടിയിരുന്നു.

അഭയാര്‍ത്ഥി പദവിക്കായുള്ള യോഗലിംഗത്തിന്റെ അവകാശവാദം, 2014-ല്‍ മുന്‍ സര്‍ക്കാര്‍ അവതരിപ്പിച്ച 'ഫാസ്റ്റ്-ട്രാക്ക്' സമ്പ്രദായത്തിന് കീഴില്‍ നിരസിക്കപ്പെട്ടിരുന്നു. ഇതേതുടര്‍ന്ന് ബ്രിഡ്ജിങ് വിസയില്‍ കഴിയുന്ന 7,350 അഭയാര്‍ത്ഥികളുടെ കാര്യത്തില്‍ ഫെഡറല്‍ സര്‍ക്കാരിന്റെ ഇടപെടല്‍ ആവശ്യപ്പെട്ട് മെല്‍ബണിലെ ആഭ്യന്തര വകുപ്പിന്റെ ഓഫീസിന് പുറത്ത് 49 ദിവസമായി തുടരുന്ന പ്രതിഷേധത്തിന്റെ സംഘാടകനായിരുന്നു യോഗലിംഗം.

2012നും 2013-നും ഇടയില്‍ ബോട്ടില്‍ എത്തിയവരില്‍ നിന്നുള്ള അഭയാര്‍ഥി അപേക്ഷകള്‍ പരിശോധിക്കാന്‍ മുന്‍ സഖ്യ സര്‍ക്കാര്‍ ഫാസ്റ്റ് ട്രാക്ക് സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. ഫാസ്റ്റ് ട്രാക്ക് തീരുമാനങ്ങള്‍ പിന്നീട് കോടതികള്‍ റദ്ദാക്കി. അതിനാല്‍ യോഗലിംഗം അടക്കമുള്ളവരെ പരിമിതമായ അവകാശങ്ങളോടെ താല്‍ക്കാലിക ബ്രിഡ്ജിങ് വിസകളില്‍ ഉള്‍പ്പെടുത്തി.

അഭയാര്‍ഥികള്‍ക്ക് യോഗലിംഗത്തിന്റെ മരണം ഹൃദയഭേദകമായ വാര്‍ത്തയായിരുന്നുവെന്ന് തമിഴ് അഭയാര്‍ത്ഥി കൗണ്‍സില്‍ സ്ഥാപകന്‍ അരണ്‍ മൈല്‍വാഗനം പറഞ്ഞു. 'ഒരു മാസത്തിനിടെ ഇത് രണ്ടാമത്തെ മരണമാണ്, കൂടുതല്‍ ജീവന്‍ നഷ്ടപ്പെടാതിരിക്കാന്‍ ഫെഡറല്‍ സര്‍ക്കാര്‍ എന്തെങ്കിലും നടപടിയെടുക്കുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്' - മൈല്‍വാഗനം എബിസി റേഡിയോ മെല്‍ബണിനോട് പറഞ്ഞു.

യുവാവിന്റെ മരണത്തില്‍ പ്രതിഷേധിച്ച് യോഗലിംഗത്തിന്റെ സുഹൃത്തുക്കള്‍ കഴിഞ്ഞ ദിവസം ആഭ്യന്തര വകുപ്പിന്റെ ഓഫീസിന് പുറത്ത് ഒത്തുകൂടി. ബ്രിഡ്ജിങ് വിസയില്‍ വര്‍ഷങ്ങളായി ഓസ്ട്രേലിയയില്‍ താമസിക്കുന്നവരുടെ അനിശ്ചിതത്വത്തില്‍ ഫെഡറല്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് അവര്‍ അഭ്യര്‍ത്ഥിച്ചു.

ശ്രീലങ്കയിലെ ഒരു ന്യൂനപക്ഷ വിഭാഗമാണ് തമിഴ് സമുദായം, അതിലെ അംഗങ്ങള്‍ കൂടുതലും ഹിന്ദുക്കളും ക്രിസ്ത്യാനികളുമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.