വത്തിക്കാന്‍ സിറ്റി: ഭൂമിയുടെ രോദനം ശ്രവിക്കപ്പെടുന്നതിനായി പ്രാർത്ഥിക്കുവാൻ ഓർമിപ്പിച്ചുകൊണ്ട് ഫ്രാന്‍സിസ് മാർപാപ്പയുടെ സെപ്റ്റംബർ മാസത്തെ പ്രാർത്ഥന നിയോഗം. സെപ്റ്റംബർ ഒന്ന് മുതൽ ഒക്ടോബർ നാല് വരെ “സൃഷ്ടിയുടെ കാലം” ആചരിക്കുന്ന വേളയിലാണ് മാർപാപ്പ ഭൂമിയുടെ രോദനം ശ്രവിക്കപ്പെടുന്നതിനായി പ്രാർത്ഥിക്കാൻ വിശ്വാസികളെ ക്ഷണിച്ചത്.
നാം ഗ്രഹത്തിൻറെ ഉഷ്മാവ് അളക്കുകയാണെങ്കിൽ ഭൂമി ജ്വരബാധിതയാണെന്ന് അത് കാണിച്ചുതരും. ഭൂമി മറ്റേതൊരു രോഗിയെയും പോലെ രോഗാവസ്ഥയിലാണെന്നും പാപ്പാ പ്രാർത്ഥനാ നിയോഗത്തിൽ പറയുന്നു. എന്നാൽ ഈ വേദന നാം ശ്രവിക്കുന്നുണ്ടോ? പ്രകൃതി ദുരന്തങ്ങൾക്കിരകളായ ദശലക്ഷക്കണക്കിനാളുകളുടെ നൊമ്പരം നാം കേൾക്കുന്നുണ്ടോ? എന്ന് പാപ്പ ചോദിച്ചു.
ഈ ദുരന്തങ്ങളുടെ തിക്തഫലങ്ങൾ ഏറ്റവും കൂടുതൽ അനുഭവിക്കുന്നത് പാവപ്പെട്ടവരാണ്. വെള്ളപ്പൊക്കമോ ഉഷ്ണതരംഗമോ വരൾച്ചയോ കാരണം വീടുവിട്ടിറങ്ങാൻ നിർബന്ധിതരായവരാണ് അവർ. കാലാവസ്ഥാ പ്രതിസന്ധി, മലിനീകരണം അല്ലെങ്കിൽ, ജൈവവൈവിധ്യനാശം തുടങ്ങിയ മനുഷ്യജന്യ പാരിസ്ഥിതിക പ്രതിസന്ധികളെ നേരിടുന്നതിന് പാരിസ്ഥിതികം മാത്രമല്ല, സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ പ്രതികരണങ്ങൾ ആവശ്യമാണ്.
നമ്മുടെ വ്യക്തിപരവും സാമൂഹ്യവുമായ ശീലങ്ങൾ മാറ്റിക്കൊണ്ട് ദാരിദ്ര്യത്തിനും പ്രകൃതി സംരക്ഷണത്തിനും എതിരായ പോരാട്ടത്തിൽ നാം പ്രതിജ്ഞാബദ്ധരാകണം. നാം അധിവസിക്കുന്ന ലോകത്തെ സംരക്ഷിക്കാൻ വ്യക്തിപരമായി പ്രതിജ്ഞാബദ്ധരായിക്കൊണ്ട് നമുക്ക് എല്ലാവർക്കും ഭൂമിയുടെ രോദനവും പാരിസ്ഥിതിക ദുരന്തങ്ങളുടെയും കാലാവസ്ഥാ പ്രതിസന്ധിയുടെയും ഇരകളുടെ നിലവിളിയും നമ്മുടെ ഹൃദയംകൊണ്ട് ശ്രവിക്കാൻ സാധിക്കണമെന്നും പാപ്പ കൂട്ടിച്ചേർത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.