മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം: ഡ്രോണുകളിൽ നിന്ന് ബോംബുകളിട്ടു; രണ്ട് പേർ കൊല്ലപ്പെട്ടു

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം: ഡ്രോണുകളിൽ നിന്ന് ബോംബുകളിട്ടു; രണ്ട് പേർ കൊല്ലപ്പെട്ടു

ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. ഇംഫാല്‍ വെസ്റ്റ് മേഖലയിലെ സംഘര്‍ഷത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. ഒമ്പത് പേര്‍ക്ക് പരിക്ക്. ഡ്രോണ്‍ ഉപയോഗിച്ചുള്ള ബോംബ് സ്‌ഫോടനമാണ് നടന്നതെന്ന് പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ടവരില്‍ ഒരു സ്ത്രീയുണ്ട്. ഇവരുടെ 12 വയസുള്ള മകള്‍ക്കും പരിക്കേറ്റിട്ടുണ്ട്. കുക്കി വിഭാഗമാണ് ആക്രമണം നടത്തിയത്.

വെസ്റ്റ് ഇംഫാൽ - കാംങ്പോക്പി ജില്ലകൾ തമ്മിലുള്ള അതിർത്തി പ്രദേശത്ത് ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഘർഷം. ഇംഫാൽ വെസ്റ്റിൽ മെയ്തേയ് സമുദായമാണ് ആധിപത്യം പുലർത്തുന്നത്, കാങ്പോക്പിയിൽ കുക്കി ഭൂരിപക്ഷമാണ്.

സംഭവത്തിന് പിന്നാലെ പൊലീസ് സ്ഥലത്തെത്തി. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി എൻ ബിരേൻ സിങ്ങിനെതിരെ കുക്കി - സോ വിഭാ​ഗങ്ങൾ പ്രതിഷേധ റാലി നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണം.

അതേ സമയം കലാപം തുടരുന്ന മണിപ്പൂരിനെ സംരക്ഷിക്കാനുള്ള തന്റെ പരിശ്രമങ്ങളിൽ ജനങ്ങൾക്ക് വിശ്വാസമുണ്ടെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി എൻ ബിരേൻ സിങ് പറഞ്ഞിരുന്നു. രാജി വെക്കണമെന്ന വാദം തള്ളിയായിരുന്നു അദേഹത്തിന്റെ പരാമർശം. ജനങ്ങൾ തന്നെ വിശ്വസിക്കുന്ന സാഹചര്യത്തിൽ രാജിയുടെ ആവശ്യമില്ലെന്നും അദേഹം പറഞ്ഞു. ലഹരിക്കും അനധികൃത കുടിയേറ്റക്കാർക്കുമെതിരെ സർക്കാർ നടത്തുന്ന പ്രവർത്തനങ്ങളാണ് സംസ്ഥാനത്തെ ക്രമസമാധാന നില തകരാനുള്ള പ്രധാന കാരണമെന്നും ഇതാണ് കുക്കി - മെയ്‌തെയ് തർക്കത്തിലേക്ക് നയിച്ചതെന്നും സിങ് പറഞ്ഞിരുന്നു.

2023 മേയ് മൂന്നിനാണ് മെയ്തെയ്, കുക്കി വിഭാഗങ്ങൾ തമ്മിലുള്ള വംശീയ സംഘർഷം തുടങ്ങിയത്. മെയ്തെയ് വിഭാഗക്കാർക്ക് പട്ടിക വർഗ പദവി നൽകണമെന്ന ആവശ്യം ശക്തമായതാണ് കാരണം. നിരവധി പേർ കൊല്ലപ്പെട്ടു. ആയിരക്കണക്കിന് വീടുകളും കെട്ടിടങ്ങളും അഗ്നിക്കിരയായി. പതിനായിരക്കണക്കിന് പ്രദേശവാസികൾ പലായനം ചെയ്തു. യുവതികളെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയെന്ന വാർത്തയോടെ മണിപ്പൂർ രാജ്യന്തരതലത്തിലും ചർച്ചയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.