'എസ്.പി എംഎല്‍എയെ വിളിച്ച് പരാതി പിന്‍വലിക്കാനായി സ്വാധീനിക്കാന്‍ ശ്രമിച്ചത് തെറ്റ്'; പൊലീസ് സേനയ്‌ക്ക് നാണക്കേടുണ്ടാക്കിയെന്ന് റിപ്പോർട്ട്

'എസ്.പി എംഎല്‍എയെ വിളിച്ച് പരാതി പിന്‍വലിക്കാനായി സ്വാധീനിക്കാന്‍ ശ്രമിച്ചത് തെറ്റ്'; പൊലീസ് സേനയ്‌ക്ക് നാണക്കേടുണ്ടാക്കിയെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി എസ്.പി സുജിത് ദാസ് നടത്തിയത് ഗുരുതര സർവീസ് ചട്ട ലംഘനമെന്ന് റിപ്പോർട്ട്. തിരുവനന്തപുരം റെയ്‌ഞ്ച് ഡിഐജി അജിതാ ബീഗം ഡിജിപി ഷെയ്‌ഖ് ദർവേഷ് സാഹിബിന് നൽകിയ റിപ്പോർട്ടിലാണ് ഈ വിവരമുളളത്. പി. വി അൻവർ എംഎൽഎയെ എസ്.പി വിളിച്ച് പരാതി പിൻവലിക്കുന്നതിന് സ്വാധീനിക്കാൻ ശ്രമിച്ചത് തെറ്റാണ്. ഇതിന്റെ ഓഡിയോ പുറത്ത് വന്നത് പൊലീസ് സേനയ്‌ക്കാകെ നാണക്കേടുണ്ടായി.

ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നീങ്ങാൻ എംഎൽഎയെ പ്രേരിപ്പിച്ചതായും റിപ്പോർട്ടിലുണ്ട്. സുജിത് ദാസിനെതിരെ നടപടി ആവശ്യപ്പെട്ട് ഇന്ന് സർക്കാരിന് റിപ്പോർട്ട് കൈമാറും. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയായതിനാലാണ് തിരുവനന്തപുരം റെയ്‌ഞ്ച് ഡിഐജി സുജിത് ദാസിനെതിരെ അന്വേഷണം നടത്തിയത്.

പി.വി അൻവർ എംഎൽഎ ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ അജിത് കുമാറിനെതിരെയും ശക്തമായ ആരോപണമാണ് ഉന്നയിച്ചിരുന്നത്. ഇന്ന് അജിത്‌ കുമാറും മുഖ്യമന്ത്രിയും കോട്ടയത്ത് പൊലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളന സമാപന വേദിയിൽ ഒന്നിച്ചെത്തുന്നുണ്ട്. ഡിജിപി ഷെയ്‌ഖ് ദർവേഷ് സാഹിബും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.

ഇതിനിടെ സുജിത് ദാസിന്റെ അവധി ഇനിയും നീട്ടിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. മൂന്ന് ദിവസത്തെ അവധിയാണ് എസ്.പി എടുത്തിരുന്നത്. ഇത് ഇന്ന് അവസാനിക്കും. മലപ്പുറം എസ്.പി ആയിരിക്കെ നടന്ന മരം മുറിയെ തുടർന്നുണ്ടായ പരാതിയിൽ നിന്ന് ഒഴിവാക്കണമെന്ന് അഭ്യർത്ഥിച്ച് പി.വി.അൻവറുമായി നടത്തിയ ഫോൺ സംഭാഷണത്തെ തുടർന്നാണ് സുജിത് ദാസ് അവധിയിൽ പോയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.