പി.വി അന്‍വറിന്റെ പരാതി അന്വേഷിക്കാന്‍ സിപിഎം; വെള്ളിയാഴ്ച സെക്രട്ടേറിയറ്റ് ചര്‍ച്ച

പി.വി അന്‍വറിന്റെ പരാതി അന്വേഷിക്കാന്‍ സിപിഎം; വെള്ളിയാഴ്ച സെക്രട്ടേറിയറ്റ് ചര്‍ച്ച

തിരുവനന്തപുരം: പി.വി അന്‍വര്‍ എംഎല്‍എ പാര്‍ട്ടിക്ക് നല്‍കിയ പരാതി അന്വേഷിക്കാനൊരുങ്ങി സിപിഎം. അന്‍വര്‍ നല്‍കിയ പരാതി ഗൗരവത്തോടെ കാണുന്നുവെന്ന് സിപിഎം നേതൃത്വം അറിയിച്ചു. വെള്ളിയാഴ്ച ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം പരാതി ചര്‍ച്ച ചെയ്യും. എഡിജിപി എം.ആര്‍ അജിത് കുമാര്‍, പാര്‍ട്ടി സംസ്ഥാന സമിതി അംഗവും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയുമായ പി. ശശിക്കുമെതിരെ പി വി അന്‍വര്‍ നല്‍കിയ പരാതിയിലെ കാര്യങ്ങള് ഗൗരവമായി പരിശോധിക്കും.

മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ പകര്‍പ്പ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് പി.വി അന്‍വര്‍ നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ സെക്രട്ടറി ചോദിച്ചെന്നും അതിന് വിശദീകരണം നല്‍കിയെന്നും അന്‍വര്‍ പിന്നീട് മാധ്യമങ്ങളോട് വ്യക്തമാക്കി. അന്തസുള്ള പാര്‍ട്ടിയും അന്തസുള്ള മുഖ്യമന്ത്രിയുമാണ്. അവര്‍ക്ക് മുന്നിലാണ് പരാതിയുള്ളത്. പരാതിയില്‍ ബാക്കിയുള്ള കാര്യങ്ങള്‍ പാര്‍ട്ടിയും സര്‍ക്കാരും തീരുമാനിക്കുമെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

എഡിജിപി അജിത് കുമാറിനെതിരായ പരാതി അന്വേഷിക്കുന്ന സംഘത്തില്‍ ഡിഐജിയും എസ്പിമാരും അടങ്ങുന്ന കീഴുദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയതിലുള്ള അതൃപ്തിയും അന്‍വര്‍ പരോക്ഷമായി പ്രകടിപ്പിച്ചിരുന്നു. ഹെഡ് മാസ്റ്റര്‍ക്കെതിരെ പരാതി നല്‍കിയാല്‍ ആ സ്‌കൂളിലെ അധ്യാപകരും പ്യൂണുമൊക്കെയാണോ അന്വേഷിക്കേണ്ടത് എന്നാണ് അന്‍വര്‍ ചോദിച്ചത്.

ഈ സര്‍ക്കാര്‍ നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന കേരളത്തിലെ ലക്ഷോപലക്ഷം പാവപ്പെട്ട ജനങ്ങളുണ്ട്. ഈ സര്‍ക്കാരിനെ തിരിച്ച് അധികാരത്തിലെത്തിച്ച ജനങ്ങളുടെ വികാരങ്ങള്‍. പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരങ്ങള്‍, അതാണ് പറഞ്ഞത്. അതിനെ തള്ളിക്കളയാന്‍ ഈ പാര്‍ട്ടിക്കും സര്‍ക്കാരിനും കഴിയുമെന്ന് വിശ്വസിക്കുന്നില്ലെന്നും അന്‍വര്‍ വ്യക്തമാക്കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.