മാനഗ്വ: നിക്കരാഗ്വയിൽ കത്തോലിക്കാ സഭയ്‌ക്കെതിരായ സ്വേച്ഛാധിപത്യ ഭരണകൂട ക്രൂരത തുടരുന്നു. നിക്കരാഗ്വയിൽ സേവനം ചെയ്യുന്ന നിരവധി വിദേശ പുരോഹിതരെയും സന്യാസിനിമാരെയും ഭരണകൂടം നാടുകടത്തി. നിക്കരാഗ്വൻ അഭിഭാഷകയും ഗവേഷകയുമായ മാർത്ത പട്രീഷ്യ മൊലിനയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശുശ്രൂഷ ചെയ്തിരുന്ന വിദേശ രാജ്യങ്ങളിൽ നിന്നുള്ള മിഷനറിമാരായ വൈദികരെയും സന്യാസിനിമാരെയും അടുത്തിടെ വിളിച്ചുകൂട്ടിയിരുന്നു. അതിന് ശേഷം നിക്കരാഗ്വയിലെ ഭരണകൂടത്തിന്റെ ഒരു പ്രബോധന വീഡിയോ അവരെ കാണിച്ചു. എന്നിട്ടാണ് അവർക്കെതിരെ നടപടികളെടുത്തതെന്ന് മാർത്ത പട്രീഷ്യ പറയുന്നു.
ആഗസ്റ്റ് 15 ന് പുറത്തിറക്കിയ റിപ്പോർട്ടിൽ കത്തോലിക്കാ സഭയ്‌ക്കെതിരെ നിക്കരാഗ്വൻ സ്വേച്ഛാധിപത്യം നടത്തിയ 870 ആക്രമണങ്ങളെക്കുറിച്ച് മാർത്ത പട്രീഷ്യ വെളിപ്പെടുത്തുന്നുണ്ട്. ഭരണകൂടത്തിനെതിരെ എന്തെങ്കിലും പറയുകയോ, ചെയ്യുകയോ ചെയ്താലോ, ശത്രുതയുള്ളതായി കണ്ടാലോ മതനേതാക്കന്മാർക്ക് തടവിനോ, നാടുകടത്തലിനോ ശിക്ഷിക്കുന്ന രീതിയാണ് നിലവിലുള്ളതെന്നും അഭിഭാഷക സൂചിപ്പിക്കുന്നു.
1500 സന്നദ്ധ സംഘടനകളുടെ നിയമപരമായ പദവി ഭരണകൂടം റദ്ദാക്കി. 1500 എൻജിഒകൾ അവരുടെ സാമ്പത്തിക വിവരങ്ങൾ റിപ്പോർട്ട് ചെയ്തില്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് നിയമപരമായ പ്രവർത്തനാനുമതി റദ്ദാക്കിയത്. കൂടാതെ അറ്റോർണി ജനറലിൻ്റെ ഓഫീസ് ഈ സംഘടനകളുടെയെല്ലാം വസ്തുവകകളും സാമ്പത്തിക വിഭാഗങ്ങളും സർക്കാരിലേക്ക് മാറ്റണമെന്നും ഉത്തരവിട്ടു.
ഒരു മന്ത്രിതല കരാറിലൂടെ ഇത്രയും വലിയ എൻജിഒകളെ സർക്കാർ അടച്ച് പൂട്ടുന്നത് ഇതാദ്യമാണ്. ബെഥേൽ ചർച്ച്, റിവേഴ്സ് ഓഫ് ലിവിംഗ് വാട്ടർ, പ്രിൻസ് ഓഫ് പീസ്, ഹൗസ് ഓഫ് ദി കിംഗ് ചർച്ച്, നിക്കരാഗ്വയിലെ ദി റോക്ക് ക്രിസ്ത്യൻ ചർച്ച്, എഡ്യുക്കേറ്റിംഗ് ഇൻ ഫെയ്ത്ത് ഫൗണ്ടേഷൻ, ബ്രദർഹുഡ് എന്നിവയുൾപ്പെടെ 678 കാത്തലിക്, ഇവാഞ്ചലിക്കൽ എൻജിഒകൾ റദ്ദാക്കിയ ഗ്രൂപ്പിലുണ്ട്.
ഭരണകൂടം റദ്ദാക്കിയ 1,500 എൻ. ജി. ഒ. കളിലൊന്നാണ് അസോസിയേഷൻ ഫോർ ദി പ്രീസ്റ്റ്ലി ഇൻഷുറൻസ് ഫണ്ട്. 2005-ലെ ദേശീയ അസംബ്ലിയിൽ ഈ അസോസിയേഷന്റെ നിയമപരമായ പദവി അംഗീകരിച്ചതാണ്. ഈ ഫണ്ടിൽ നിന്ന് 75 വയസോ അതിൽ കൂടുതലോ പ്രായമുള്ള വൈദികർക്ക് 300 ഡോളറും 65 വയസോ അതിൽ കൂടുതലോ പ്രായമുള്ള വൈദികർക്ക് 150 ഡോളറും പ്രതിമാസ പെൻഷൻ അനുവദിച്ചിട്ടുണ്ട്. ഈ തുകയാണ് ഭരണകൂടം ഇല്ലാതാക്കിയത്. ഈ നടപടിയിലൂടെ കത്തോലിക്കാ പുരോഹിതന്മാർക്ക് അവർ വർഷം തോറും അടച്ച ഇൻഷുറൻസിന്റെ ആനുകൂല്യങ്ങൾ ലഭിക്കില്ലെന്നും മോളിന വെളിപ്പെടുത്തി.
ഇതിനോടകം നിക്കരാഗ്വൻ സുരക്ഷാ സേന നൂറുകണക്കിന് ആളുകളെ കൊല്ലുകയും ആയിരക്കണക്കിന് ആളുകൾക്ക് പരിക്കേൽക്കുകയും പലരെയും ഏകപക്ഷീയമായി തടവിലിടുകയും ചെയ്തു. പതിനായിരക്കണക്കിന് നിക്കരാഗ്വക്കാർ രാജ്യം വിടുകയും ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.