പ്ലാസ്റ്റിക് മാലിന്യം പുറന്തള്ളുന്നതില്‍ ഒന്നാം സ്ഥാനത്ത് ഇന്ത്യയെന്ന് പഠനം; പ്രതിവര്‍ഷം 10.2 ദശലക്ഷം ടണ്‍

പ്ലാസ്റ്റിക് മാലിന്യം പുറന്തള്ളുന്നതില്‍ ഒന്നാം സ്ഥാനത്ത്  ഇന്ത്യയെന്ന് പഠനം; പ്രതിവര്‍ഷം 10.2 ദശലക്ഷം ടണ്‍

ന്യൂയോര്‍ക്ക്: മാലിന്യം പുറംതള്ളുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയെ നാണം കെടുത്തുന്ന റിപ്പോര്‍ട്ട് പുറത്ത്. ലോകത്ത് ഏറ്റവുമധികം പ്ലാസ്റ്റിക് മാലിന്യം പുറന്തള്ളുന്നത് ഇന്ത്യയാണെന്നാണ് റിപ്പോര്‍ട്ട്. പ്രതിവര്‍ഷം 10.2 ദശലക്ഷം ടണ്‍ പ്ലാസ്റ്റിക് മാലിന്യമാണ് ഇന്ത്യ പുറന്തള്ളുന്നത്.

പ്രതിവര്‍ഷം ഇന്ത്യ ഉല്‍പാദിപ്പിക്കുന്ന മാലിന്യങ്ങള്‍ 604 താജ് മഹലുകളേക്കാള്‍ വലുതാണെന്നും പഠനം വ്യക്തമാക്കുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ യു.കെയിലെ ലീഡ്സ് സര്‍വകലാശാലയിലെ ഗവേഷക സംഘം നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍,.

ലോകമെമ്പാടുമുള്ള 50,000 ലധികം നഗരങ്ങളിലും പട്ടണങ്ങളിലും ഉല്‍പാദിപ്പിക്കുന്ന മാലിന്യങ്ങളാണ് സംഘം പരിശോധനക്ക് വിധേയമാക്കിയത്. കടലിന്റെ അടിത്തട്ടിലും പര്‍വതങ്ങളുടെ മുകളിലും മനുഷ്യ ശരീരത്തിന്റെ ഉള്ളിലും വരെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അപകടകരമായ രീതിയില്‍ അടിഞ്ഞു കൂടിയിട്ടുണ്ട്.

നൈജീരിയയിലെ ലാഗോസ് ആണ് ലോകത്ത് ഏറ്റവും കൂടുതല്‍ പ്ലാസ്റ്റിക് മാലിന്യം പുറന്തള്ളുന്ന നഗരമെന്ന് മാലിന്യ സംരക്ഷണത്തില്‍ ഗവേഷകനായ കോസ്റ്റസ് വെലിസ് പറയുന്നു. തൊട്ടടുത്ത നഗരം ന്യൂഡല്‍ഹിയാണ്.

കണക്കുകള്‍ പ്രകാരം മലിനീകരണത്തില്‍ ഇന്ത്യക്ക് തൊട്ടു പിന്നിലുള്ള രാജ്യങ്ങളായ നൈജീരിയ, ഇന്തോനേഷ്യ എന്നിവയെക്കാള്‍ ഇരട്ടിയിലധികം മാലിന്യമാണ് ഇന്ത്യ ഉല്‍പാദിപ്പിക്കുന്നത്. മലിനീകരണത്തിന്റെ പേരില്‍ പലപ്പോഴും വിമര്‍ശിക്കപ്പെടുന്ന ചൈന നാലാം സ്ഥാനത്താണ്.

മാലിന്യം നിയന്ത്രിക്കുന്നതിലും വ്യവസ്ഥാപിതമായി സംസ്‌കരിക്കുന്നതിലും ചൈന കൂടുതല്‍ ഇടപെടല്‍ നടത്തുന്നുവെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പാകിസ്ഥാന്‍, ബംഗ്ലാദേശ്, റഷ്യ, ബ്രസീല്‍ എന്നിവയാണ് മലിനീകരണത്തില്‍ ചൈനക്ക് പിന്നിലുള്ള രാജ്യങ്ങള്‍. ലോകത്ത് പ്ലാസ്റ്റിക് മലിനീകരണത്തിന്റെ പകുതിയിലേറെയും ഈ എട്ട് രാജ്യങ്ങളുടെ സംഭാവനയാണ്.

52,500 ടണ്ണിലധികം പ്ലാസ്റ്റിക് മലിനീകരണവുമായി അമേരിക്ക 90-ാം സ്ഥാനത്തും 5,100 ടണ്ണുമായി യു.കെ 135-ാം സ്ഥാനത്തുമാണെന്നാണ് പഠനം പറയുന്നത്. 2022 ല്‍, ലോകത്തിലെ ഭൂരിഭാഗം രാജ്യങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളാല്‍ സമുദ്രങ്ങളടക്കമുള്ളവ മലിനീകരിക്കപ്പെടുന്നത് നിയന്ത്രണ വിധേയമാക്കാന്‍ തീരുമാനിച്ചിരുന്നു.

പ്ലാസ്റ്റിക് മാലിന്യത്തിന്റെ 57 ശതമാനവും കത്തിക്കുകയോ വലിച്ചെറിയപ്പെടുകയോ ചെയ്യുന്നതാണെന്നാണ് കണ്ടെത്തല്‍. രണ്ട് രീതിയിലാണെങ്കിലും മൈക്രോ പ്ലാസ്റ്റിക്കുകളും നാനോ പ്ലാസ്റ്റിക്കുകളും കടലില്‍ അടിഞ്ഞു കൂടുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. മത്സ്യങ്ങളടക്കമുള്ള കടല്‍ ജീവികളെയും അവരുടെ നിലനില്‍പ്പിനെയും ഇത് ഗുരുതരമായി ബാധിക്കുന്നു.

കുടിവെള്ളത്തിലും ഹൃദയം, തലച്ചോര്‍, കോശങ്ങള്‍ എന്നിവയിലെല്ലാം മൈക്രോ പ്ലാസ്റ്റിക് മാലിന്യത്തിന്റെ അംശങ്ങളുണ്ടെന്നാണ് കണ്ടെത്തല്‍. ഇവയുടെ സാന്നിധ്യം മനുഷ്യ ശരീരത്തെ ഗുരുതരമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍.

അശ്രദ്ധമായി മാലിന്യം വലിച്ചെറിയുന്നത് നമ്മള്‍ ശ്വസിക്കുന്നതിലും ഭക്ഷിക്കുന്നതിലും മൈക്രോ പ്ലാസ്റ്റിക്കിന്റെ അംശങ്ങള്‍ വ്യാപകമായുണ്ടാകാന്‍ ഇടയാക്കുമെന്നും പഠനം പറയുന്നു.

ഭാവി തലമുറയെ വേട്ടയാടാന്‍ പോകുന്ന ഗുരുതരമായ പ്രശ്‌നമായി മൈക്രോ പ്ലാസ്റ്റിക് മാറുമെന്നും അവര്‍ പറഞ്ഞു. മലിനീകരണം നിയന്ത്രിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്നും പ്ലാസ്റ്റിക് വ്യവസായത്തെ നിയന്ത്രിക്കുന്നതിനെ കുറിച്ച് ലോകം ഗൗരവപരമായി ചിന്തിക്കണമെന്നും പഠനം മുന്നറിയിപ്പ് നല്‍കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.