നികുതി വെട്ടിപ്പ് കേസിൽ കുറ്റസമ്മതം നടത്തി ഹണ്ടർ ബൈഡൻ; 17 വർഷം വരെ ജയിൽവാസം ലഭിച്ചേക്കാവുന്ന കുറ്റം; മാപ്പ് നൽകില്ലെന്ന് ബൈഡൻ

നികുതി വെട്ടിപ്പ് കേസിൽ കുറ്റസമ്മതം നടത്തി ഹണ്ടർ ബൈഡൻ; 17 വർഷം വരെ ജയിൽവാസം ലഭിച്ചേക്കാവുന്ന കുറ്റം; മാപ്പ് നൽകില്ലെന്ന് ബൈഡൻ


വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ മകൻ ഹണ്ടർ ബൈഡൻ നികുതി വെട്ടിപ്പ് കേസിൽ കുറ്റസമ്മതം നടത്തി. 17 വർഷം വരെ ജയിൽ ശിക്ഷയും ഒരു മില്യൺ ഡോളർ പിഴയും ലഭിച്ചേക്കാവുന്ന വകുപ്പുകളാണ് ഹണ്ടർ ബൈഡനെതിരെ ചുമത്തിയിരിക്കുന്നത്. ഡിസംബർ 16 ന് കോടതി അന്തിമ വിധി പ്രഖ്യാപിക്കും.

കഴിഞ്ഞ പത്ത് വർഷത്തിനിടെ 1.4 മില്യൺ ഡോളർ നികുതി അടയ്ക്കുന്നതിൽ വീഴ്ചവരുത്തിയതുമായി ബന്ധപ്പെട്ട ഒമ്പത് കേസുകളിലും 54 കാരനായ ഹണ്ടർ കുറ്റം സമ്മതിച്ചു. നികുതി അടയ്ക്കേണ്ട പണം ആഡംബര ജീവിതത്തിന് ഹണ്ടർ ചിലവാക്കിയതെന്നും പ്രോസിക്യൂട്ടർ കോടതിയിൽ പറഞ്ഞു.

നവംബറിൽ അമേരിക്കയിൽ തിരഞ്ഞെടുപ്പ് നടക്കാനിക്കെ ഡെമോക്രാറ്റിക് പാർട്ടിയെ വെട്ടിലാക്കുന്ന തീരുമാനമാണ് ഹണ്ടർ ബൈഡന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. അഞ്ച് വർഷം നീണ്ട നിയമ പോരാട്ടങ്ങൾക്കൊടുവിൽ ഹണ്ടർ ബൈഡൻ നടത്തിയ കുറ്റസമ്മതം അമേരിക്കൻ ജനതയെ അമ്പരപ്പിച്ചിരിക്കുകയാണ്.

നികുതിവെട്ടിപ്പിന് പുറമെ, പിതാവിന്റെ പേരുപയോഗിച്ച് വലിയ ലാഭത്തിൽ വിദേശത്ത് നിന്നും പല കൺസൾട്ടിങ് കോണ്ട്രാക്ടുകളും നേടിയെടുത്തു എന്ന ആരോപണവും ഹണ്ടറിനെതിരെ ഉണ്ട്. തന്റെ മോശമായ ഒരുകാലഘട്ടത്തിന്റെ പേരിൽ ബൈഡൻ കുടുംബത്തിന്റെ സമയം പാഴാക്കാനില്ലെന്ന് പറഞ്ഞ് കൊണ്ടാണ് ഹണ്ടർ കുറ്റസമ്മതം നടത്തിയതെന്ന് അദേഹത്തിന്റെ അഭിഭാഷകർ മാധ്യമങ്ങളോട് പറഞ്ഞു.

ഇതിന് പുറമെ, ഹണ്ടറിനെതിരെ തോക്കുകൾ കൈവശം വച്ചതുമായി ബന്ധപ്പെട്ട് മൂന്ന് ക്രിമിനൽ കുറ്റങ്ങളും നിലനിൽക്കുന്നുണ്ട്. 2018 ൽ തോക്ക് വ്യാപാരിയെ കബളിപ്പിച്ച് തോക്ക് വാങ്ങി എന്നതാണ് പ്രധാന ആരോപണം. തോക്ക് വാങ്ങിയപ്പോള്‍ മയക്ക് മരുന്ന് ഉപയോഗിക്കില്ലെന്ന് ഹണ്ടര്‍ എഴുതി നല്‍കിയിരുന്നു. എന്നാൽ മയക്ക് മരുന്നിന് അടിമപ്പെട്ടിരുന്ന സമയത്ത് തോക്ക് വാങ്ങിയെന്നാണ് കേസ്. കുറ്റം തെളിഞ്ഞാൽ 25 വർഷം വരെ തടവ് ശിക്ഷ ലഭിക്കും.

അമേരിക്കൻ പ്രസിഡന്റിന്റെ പൊതുമാപ്പ് അധികാരം ഉപയോഗിച്ച് തൻ്റെ മകന് മാപ്പ് നൽകാൻ ജോ ബൈഡന് കഴിയും. എന്നാൽ താൻ അങ്ങനെ ചെയ്യില്ലെന്ന് നേരത്തെ തന്നെ അദേഹം പറഞ്ഞിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.