ഇന്തോനേഷ്യന്‍ സന്ദര്‍ശനത്തിനിടെ ഫ്രാൻസിസ് മാർപാപ്പയെ വധിക്കാന്‍ പദ്ധതിയിട്ട ഏഴ് പേര്‍ അറസ്റ്റില്‍

ഇന്തോനേഷ്യന്‍ സന്ദര്‍ശനത്തിനിടെ ഫ്രാൻസിസ് മാർപാപ്പയെ വധിക്കാന്‍ പദ്ധതിയിട്ട ഏഴ് പേര്‍ അറസ്റ്റില്‍

സിംഗപ്പൂർ: ഇന്തോനേഷ്യയിൽ സന്ദർശനം നടത്തുന്നതിനിടെ ഫ്രാൻസിസ് മാർപാപ്പയെ വധിക്കാൻ പദ്ധതിയിട്ട ഏഴ് പേർ പിടിയിൽ. രഹസ്യ വിവരത്തെ തുടർന്ന് ജക്കാർത്തയ്ക്ക് സമീപമുള്ള ബൊഗോർ, ബെക്കാസി എന്നിവിടങ്ങളിൽ നിന്നാണ് ഏഴ് പേരെ തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി അറസ്റ്റ് ചെയ്തത്.

പ്രതികളിലൊരാൾ താമസിച്ചിരുന്ന വീട്ടിൽ നിന്ന് അമ്പും വില്ലും, ഒരു ഡ്രോൺ, ഭീകര സംഘടനയായ ഇസ്‍ലാമിക് സ്റ്റേറ്റിന്റെ ലഘുലേഖകൾ എന്നിവ കണ്ടെടുത്തു. പിടിയിലായവരിൽ ഒരാൾ ഭീകരപ്രവർത്തകനും വിരാന്റോയിൽ മുമ്പ് നടന്ന ആക്രമണത്തിലെ പ്രതിയുമാണ്. മാർപാപ്പയുടെ ഇസ്തിഖ്‍ലാൽ മസ്ജിദ് സന്ദർശനത്തിൽ രോഷം കൊണ്ടാണ് ആക്രമണത്തിന് പദ്ധതിയിട്ടതെന്ന് പൊലീസ് വക്താവ് അറിയിച്ചു.

അതേ സമയം ഏഷ്യയിലും ഓഷ്യാനയിലുമായുള്ള ഫ്രാൻസിസ് പാപ്പയുടെ അപ്പസ്തോലിക യാത്രയുടെ രണ്ടാം ഘട്ടത്തിനായി പാപ്പ പാപ്പുവ ന്യൂ ഗിനിയയിൽ ഇന്നലെ എത്തിച്ചേർന്നു. പോർട്ട് മോറെസ്ബിയിലെ ജാക്സൺസ് എയർപോർട്ടിൽ ഏകദേശം ആറ് മണിക്കൂർ വ്യോമയാത്രയ്ക്ക് ശേഷമാണ് പാപ്പ എത്തിയത്. ഉപപ്രധാനമന്ത്രിയും പരമ്പരാഗതവേഷം ധരിച്ച രണ്ടുകുട്ടികളും പൂക്കൾ സമ്മാനമായി നൽകിക്കൊണ്ട് പാപ്പായെ രാജ്യത്തേക്ക് സ്വാഗതം ചെയ്തു.

ഗാർഡ് ഓഫ് ഓണർ ബഹുമതികൾ നൽകിയശേഷം രാജ്യത്തിന്റെ ഭരണ പ്രതിനിധികളുമായി പാപ്പ ഹ്രസ്വമായി കൂടിക്കാഴ്ച നടത്തി. ശേഷം അധികാരികളോട് വിടപറഞ്ഞ്, പാപ്പ അപ്പോസ്തോലിക് ന്യൂൺഷിയേച്ചറിലേക്കു പോയി. ഔദ്യോഗിക പരിപാടികൾ ഇന്ന് ആരംഭിക്കും.

പാപ്പയെ സ്വാഗതം ചെയ്യാനായി എയർപോർട്ടിനുപുറത്ത് വലിയൊരു ജനക്കൂട്ടം കാത്തുനിന്നിരുന്നു. പോർട്ട് മോറെസ്ബിയിൽ താമസിക്കുന്ന അവസരത്തിൽ മാർപാപ്പ ഗവർണർ, മറ്റ് അധികാരികൾ, നയതന്ത്ര സേനാംഗങ്ങൾ, പ്രധാനമന്ത്രി എന്നിവരുമായും കൂടിക്കാഴ്ച നടത്തും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.