ഗോത്രവർഗങ്ങൾ അക്രമങ്ങൾ അവസാനിപ്പിക്കണം; പ്രകൃതി വിഭവങ്ങൾ സാധാരണക്കാർക്കും ലഭ്യമാക്കണം: പിഎംജിയിലെ ആദ്യ പ്രസം​ഗത്തിൽ മാർപാപ്പ

ഗോത്രവർഗങ്ങൾ അക്രമങ്ങൾ അവസാനിപ്പിക്കണം; പ്രകൃതി വിഭവങ്ങൾ സാധാരണക്കാർക്കും ലഭ്യമാക്കണം: പിഎംജിയിലെ ആദ്യ പ്രസം​ഗത്തിൽ മാർപാപ്പ

പോർട്ട് മോർസ്ബി: അപ്പസ്തോലിക പര്യടനത്തിനായി പാപുവ ന്യൂ ഗിനിയയിൽ എത്തിയ ഫ്രാൻസിസ് മാർപാപ്പക്ക് ലഭിച്ചത് ​ഗംഭീര സ്വീകരണം. ഉപ പ്രധാനമന്ത്രിയും പരമ്പരാഗത വേഷം ധരിച്ച രണ്ട് കുട്ടികളും പൂക്കൾ സമ്മാനമായി നൽകിക്കൊണ്ടാണ് പാപ്പായെ രാജ്യത്തേക്ക് സ്വാഗതം ചെയ്തത്. ഗാർഡ് ഓഫ് ഓണർ ബഹുമതികൾ നൽകിയ ശേഷം രാജ്യത്തിന്റെ ഭരണ പ്രതിനിധികളുമായി പാപ്പ ഹ്രസ്വമായി കൂടിക്കാഴ്ച നടത്തി.

ഗോത്രവർഗ സംഘർഷങ്ങൾക്കിടയിൽ സമാധാനത്തിനുള്ള അഭ്യർത്ഥനയുമായാണ് പാപ്പായുടെ രാജ്യത്തേക്കുള്ള പ്രവേശനം. രാജ്യത്തിൻ്റെ പ്രകൃതി വിഭവങ്ങളുടെ തുല്യമായ വികസനത്തിൻ്റെയും ഉത്തരവാദിത്തത്തോടെയുള്ള ഉപയോഗത്തിൻ്റെയും ആവശ്യകത രാഷ്ട്രീയ ഉദ്യോഗസ്ഥരെയും വിശിഷ്ട വ്യക്തികളെയും അഭിസംബോധന ചെയ്തുകൊണ്ട് നടത്തിയ പ്രസം​ഗത്തിൽ പാപ്പാ ഊന്നിപ്പറഞ്ഞു.

"നിങ്ങളുടെ രാജ്യം ദ്വീപുകളും ഭാഷകളും അടങ്ങുന്നതോടൊപ്പം പ്രകൃതി വിഭവങ്ങളാലും സമ്പന്നമാണ്. ഇവ സമൂഹം മുഴുവനും വേണ്ടി ദൈവം നൽകിയതാണ്. വരുമാനം വിതരണം ചെയ്യുമ്പോഴും തൊഴിലാളികളെ നിയമിക്കുമ്പോഴും അവരുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി പ്രദേശ വാസികളുടെ ആവശ്യങ്ങൾക്ക് അർഹമായ പരിഗണന നൽകണം. രാജ്യത്തിൻ്റെ സമ്പത്തും ജീവിത സാഹചര്യങ്ങളും തമ്മിലുള്ള അസമത്വം പോർട്ട് മോർസ്ബിയിൽ പ്രകടമാണ്. അവിടെ നിരവധി ദരിദ്രരായ നിവാസികൾ സ്ക്രാപ്പ് മരവും പ്ലാസ്റ്റിക് ടാർപ്പുകളും കൊണ്ട് നിർമ്മിച്ച താൽക്കാലിക ഷെൽട്ടറുകളിൽ താമസിക്കുന്നു. "- പാപ്പ പറഞ്ഞു

”രാഷ്ട്രീയ അസ്ഥിരതയും അഴിമതിയും രാജ്യത്തിൻ്റെ സാമ്പത്തിക വികസനത്തെ കൂടുതൽ സങ്കീർണമാക്കുന്നു. അടിസ്ഥാന തിരഞ്ഞെടുപ്പുകളിൽ സമവായം ഉണ്ടാക്കുന്നത് സമഗ്രവും നീതിയുക്തവുമായ വികസനത്തിന് ഉപകരിക്കും” - ഫ്രാൻസിസ് മാർപാപ്പ അടിവരയിട്ടു.

ചരിത്രത്തിലുടനീളം ഗോത്രവർഗ സംഘട്ടനങ്ങളുമായി പൊരുതുന്ന ഒരു രാജ്യത്ത് സമാധാനത്തിനായുള്ള ഹൃദയംഗമമായ അഭ്യർത്ഥനയും പാപ്പാ നടത്തി. ” ഈ വർഷമാദ്യം പാപ്പുവ ന്യൂ ഗിനിയയിലെ എൻഗാ പ്രവിശ്യയിൽ നടന്ന വെടിവെപ്പിൽ 26 പേർ കൊല്ലപ്പെട്ടിരുന്നു. ഗോത്ര വിഭാഗങ്ങൾ തമ്മിലുള്ള അക്രമം രൂക്ഷമാണ്. ഗോത്രവർഗ അക്രമങ്ങൾ അവസാനിക്കുമെന്നത് എൻ്റെ പ്രതീക്ഷയാണ്. കാരണം ഇത് നിരവധിപേരുടെ ജീവൻ നഷ്ടപ്പെടുത്തുന്നു, സമാധാനത്തോടെ ജീവിക്കുന്നതിൽ നിന്ന് ആളുകളെ തടയുന്നു, വികസനത്തിന് തടസം സൃഷ്ടിക്കുന്നു. അതിനാൽ അക്രമം തടയാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു" ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു. .

പസഫിക് ദ്വീപസമൂഹത്തിലെ പാപ്പുവ ന്യൂ ഗിനിയയുടെ ഭാഷാപരവും സാംസ്കാരികവുമായ വൈവിധ്യത്തിലും മാർപാപ്പ അത്ഭുതപ്പെട്ടു. ഇത് അസാധാരണമായ ഒരു സാംസ്കാരിക സമ്പന്നതയിലേക്ക് വിരൽ ചൂണ്ടുന്നെന്നും പാപ്പ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.