കൊച്ചി: സംസ്ഥാനത്തെ വിവിധ റവന്യൂ ഓഫീസുകളിലും ഡെപ്യൂട്ടി കളക്ടര്‍ ഓഫീസുകളിലും കെട്ടിക്കിടക്കുന്ന 25 സെന്റ് വരെയുള്ള ഭൂമി തരംമാറ്റ അപേക്ഷകള്‍ അടിയന്തരമായി തീര്‍പ്പാക്കാന്‍ അദാലത്തുകള്‍ നടത്തും. നിലവില്‍ 2,83,097 അപേക്ഷകളാണ് കെട്ടിക്കിടക്കുന്നത്.
റവന്യൂ മന്ത്രിയുടെ മേല്‍നോട്ടത്തില്‍ അതത് ജില്ലാ കളക്ടര്‍മാരായിരിക്കും അദാലത്തുകള്‍ സംഘടിപ്പിക്കുക. ഓരോ താലൂക്കിന്റെയും പരിധിയില്‍ വരുന്ന അപേക്ഷകള്‍ നിശ്ചിത ദിവസങ്ങളില്‍ നടക്കുന്ന അദാലത്തില്‍ പരിഗണിക്കും. എറണാകുളത്ത് നടക്കുന്ന ജില്ലാ കളക്ടര്‍മാരുടെ യോഗത്തിലാണ് തീരുമാനം.
സംസ്ഥാനത്ത് തരംമാറ്റ അപേക്ഷകളുടെ ഗണ്യമായ വര്‍ധന കണക്കിലെടുത്താണ് 27 റവന്യൂ ഡിവിഷണല്‍ ഓഫീസര്‍മാര്‍ക്കുണ്ടായിരുന്ന തരമാറ്റത്തിനുള്ള അധികാരം ഡെപ്യൂട്ടി കലക്ടര്‍മാര്‍ക്ക് കൂടി നല്‍കി നിയമ ഭേദഗതി വരുത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ നിലവില്‍ 71 ഓഫീസുകളിലാണ് തരമാറ്റ അപേക്ഷകള്‍ കൈകാര്യം ചെയ്തു വരുന്നത്.
സംസ്ഥാനത്ത് ഏറ്റവും കുടുതല്‍ അപേക്ഷകള്‍ കെട്ടിക്കിടക്കുന്നത് ഫോര്‍ട്ടു കൊച്ചി, മൂവാറ്റുപുഴ റവന്യു ഡിവിഷണല്‍ ഓഫീസുകളിലായിരുന്നു. ഇപ്പോള്‍ ജില്ലയില്‍ രണ്ട് റവന്യൂ ഡിവിഷനുകള്‍ക്ക് പുറമെ അധികമായി നാല് ഡെപ്യൂട്ടി കലക്ടര്‍മാര്‍ക്ക് കൂടി ചുമതല നല്‍കിയിട്ടുണ്ട്.
റവന്യൂ മന്ത്രി കെ. രാജന്റെ അധ്യക്ഷതയില്‍ നടന്ന ജില്ലാ കളക്ടര്‍മാരുടെ യോഗത്തില്‍ ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ ഡോ. എ. കൗശിഗന്‍, ജോയിന്റ് കമ്മീഷണര്‍ എ. ഗീത, സര്‍വെ ഡയറക്ടര്‍ സിറാം സാംബശിവ റാവു, റവന്യു അഡീഷണല്‍ സെക്രട്ടറി ഷീബ ജോര്‍ജ്, ജില്ലാ കളക്ടര്‍മാര്‍, അസിസ്റ്റന്റ് കമ്മീഷണര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പട്ടയ സംബന്ധമായ വിഷയങ്ങള്‍, ഭൂമി തരംമാറ്റ പുരോഗതി, വിഷന്‍ ആന്‍ഡ് മിഷന്‍ പുരോഗതി അവലോകനം, നൂറുദിന പരിപാടി, ഓണ്‍ലൈന്‍ പോക്കുവരവ്, സര്‍ക്കാര്‍ ഭൂമി സംരക്ഷണം, മണല്‍ ഖനനം, ഡിജിറ്റല്‍ സര്‍വെ പുരോഗതി തുടങ്ങിയ വിഷയങ്ങള്‍ യോഗത്തില്‍ അവലോകനം ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.