ശംഖ് വിളികളും വാദ്യോപകരണങ്ങളുമായി ​ഗോത്ര ജനത; ലോകത്തെ വിസ്മയിപ്പിച്ച് പാപുവാ ന്യൂ ഗിനിയയിൽ മാർപാപ്പയുടെ വിശുദ്ധ കുർബാന

ശംഖ് വിളികളും വാദ്യോപകരണങ്ങളുമായി ​ഗോത്ര ജനത; ലോകത്തെ വിസ്മയിപ്പിച്ച് പാപുവാ ന്യൂ ഗിനിയയിൽ മാർപാപ്പയുടെ വിശുദ്ധ കുർബാന

പോർട്ട് മോർസ്ബി: മൂന്ന് ആഴ്ചയോളം കാൽനടയായി രാജ്യതലസ്ഥാനമായ പോർട്ട് മോർസ്ബിയിൽ മാർപാപ്പ അർപ്പിക്കുന്ന വിശുദ്ധ കുർ‌ബാനയിൽ പങ്കെടുക്കാനെത്തിയ വിശ്വാസികൾ... രാവിലെ എട്ട് മണിക്ക് ആരംഭിക്കേണ്ട കുർബാനക്ക് രാത്രി രണ്ടിന് തന്നെ കസേരകളിലിടം പിടിച്ച് തങ്ങളുടെ സാന്നിദ്ധ്യം ഉറപ്പിക്കുന്ന ​ഗോത്ര ജനത... 855 മൈലുകൾക്കപ്പുറം സോളമൻ ദ്വീപുകളിൽ നിന്ന് വരെ കത്തോലിക്ക സഭയുടെ തലവനെ ദർശിക്കാനെത്തിയ വിശ്വാസികൾ... പ്രായം മറന്ന് ഉയർന്ന കുന്നുകളിലും മരങ്ങളിലും കയറി മാർപാപ്പയെ കാണാൻ ശ്രമിച്ചവർ... പാപുവാ ന്യൂ ഗിനിയ എന്ന ഓഷ്യാനയിലെ ദരിദ്ര രാജ്യത്ത് മാർപാപ്പ നടത്തിയ സന്ദർശനം ലോകത്തെ അത്ഭുതപ്പെടുത്തിയത് ഇങ്ങനെ.

ഏറെ അതിശയത്തോടും അത്ഭുതത്തോടും കൂടിയാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ മാർപാപ്പയുടെ പിഎംജിയിലെ സന്ദർശനം റിപ്പോർട്ട് ചെയ്തത്. ഓസ്ട്രേലിയൻ മാധ്യമമായ എബിസിയുടെ വീഡിയോ ഇതതിനോടകം ആയിരക്കണക്കിന് ആളുകൾ കണ്ടുകഴിഞ്ഞു.

"രാജാവോ, രാഞ്ജിയോ, പ്രധാനമന്ത്രിയോ ആണെങ്കിൽ ഞങ്ങൾ ഇങ്ങനെയൊന്നും ചെയ്യില്ല. ഇത് ഞങ്ങളുടെ പിതാവാണ്. അതിനാൽ ഞാൻ കാൽനടയായി മൈലുകൾ താണ്ടി ഇവിടെ എത്തിയിരിക്കുന്നു". -ഒരു വിശ്വാസിയുടെ വാക്കുകൾ എബിസി റിപ്പോർട്ട് ചെയ്തത് മണിക്കൂറുകൾക്കകം അനേകർ ദർശിച്ചു. 

സ്ത്രീ സുരക്ഷ, രാജ്യത്തെ പ്രകൃതി വിഭവങ്ങളുടെ ഫലപ്രദമായ വിനിയോഗം, ഗോത്രങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കുന്നത്, കാലാവസ്ഥ വ്യതിയാനത്തിനെതിരേയുള്ള പോരാട്ടം തുടങ്ങി മാര്‍പാപ്പ പരാമര്‍ശിച്ച വിഷയങ്ങള്‍ വലിയ പ്രാധാന്യത്തോടെയാണ് വിശ്വാസികള്‍ ശ്രവിച്ചത്.

നിരവധിപ്പേർക്ക് മാർപാപ്പയെ ഹസ്തദാനം ചെയ്യാനും കൈകൾ ചുംബിക്കാനുമെല്ലാം അവസരം ലഭിച്ചു. മിഠായിയും കുരിശുമെല്ലാം മാർപാപ്പ ദ്വീപ് മക്കൾക്ക് സമ്മാനമായി നൽകി. പലരും പരമ്പരാ​ഗാത ​ഗോത്രവേഷങ്ങളും ചമയങ്ങളും ധരിച്ചാണ് മാർപാപ്പയെ കാണാനെത്തിയത്. പ്രത്യാശയുടെ സന്ദേശമാണ് പാപ്പ ദ്വീപിന് നൽകിയത്.

ലോകത്തിലെ തന്നെ ഏറ്റവും ഒറ്റപ്പെട്ട പ്രദേശങ്ങളിലൊന്നാണ് വാനിമോ. റോഡ് മാർ​ഗം ഇവിടെ എത്തപ്പെടാനാവില്ല. തന്റെ സുഹൃത്തുക്കളായ അർജന്റീനക്കാരായ മിഷണറിമാരെ കാണാൻ‌ രാജ്യതലസ്ഥാനമായ പോർട്ട് മോറെസ്ബിയിൽ നിന്നും വിദൂര പട്ടണമായ വാനിമോയിലേക്കെത്തിയ ഫ്രാൻസിസ് പാപ്പ വലിയ പ്രത്യാശയാണ് ജനത്തിന് നൽകിയത്. പൂക്കളും ഇലകളും തൂവലുകളും മുത്തുകളുമെല്ലാം ധരിച്ചെത്തിയാണ് ഏറെ ഒറ്റപ്പെട്ട് കിടക്കുന്ന ഈ ​ഗോത്ര ജനത മാർപാപ്പയെ സ്വീകരിച്ചത്. ​ഗോത്ര പാരമ്പര്യങ്ങളും സംസ്കാരവും അഭിമനോത്തോടെ ലോകത്തിന് മുന്നിൽ കാണിക്കാൻ ഇവർ ശ്രമിച്ചു.

"നിങ്ങൾ ഒറ്റപ്പെട്ടവരല്ല. ഏറ്റവും നല്ലതാണ് നിങ്ങൾ ചെയ്യുന്നത്. ലോകത്ത് ഒരു തുരുത്തിൽ ഏദൻ തോട്ടത്തിന് സദൃശ്യമായ ഒരു പ്രദേശത്താണ് നിങ്ങൾ ജീവിക്കുന്നത്. ഏറ്റവും വലിയ നിധി ഉള്ളത് നിങ്ങളുടെ ഹൃദയങ്ങളിൽ " പാപ്പ പറഞ്ഞു.